സൂ​ര്യ​നെ​ല്ലി​യി​ൽ ത​മ്പ​ടി​ച്ചി​രി​ക്കു​ന്ന കാ​ട്ടാ​ന​ക​ൾ

കാട്ടാനക്കലിയിൽ വിറങ്ങലിച്ച് ചിന്നക്കനാൽ; മൂന്ന് വർഷത്തിനിടെ പൊലിഞ്ഞത് മൂന്ന് ജീവൻ

അടിമാലി: കാട്ടാന ആക്രമണത്തിൽ വിറങ്ങലിച്ച് നിൽക്കുകയാണ് ചിന്നക്കനാൽ. തിങ്കളാഴ്ച രാവിലെ സൂര്യനെല്ലി-കൊളുക്കുമല റോഡിന് സമീപം തിരുവള്ളൂർ കോളനിയിൽ താമസിക്കുന്ന മാരിയാണ് (37) കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതോടെ കഴിഞ്ഞ മൂന്ന് വർഷവും കാട്ടാനയുടെ ആക്രമണത്തിൽ ഓരോരുത്തരായി ഇവിടെ മരിച്ചു. കഴിഞ്ഞ വർഷം കൃഷിയിടത്തിൽ ജോലിക്ക് പോയ കർഷകനും അതിന് മുൻപ് വനം വകുപ്പിന്‍റെ തന്നെ വാച്ചറുമാണ് കാട്ടാന കലിയിൽ മരിച്ചത്.

ചിന്നക്കനാൽ പഞ്ചായത്തിന്‍റെ കണക്ക് പ്രകാരം 47 പേരാണ് കാട്ടാന ആക്രമണത്തിൽ ഇതുവരെ മരിച്ചത്. നിരവധി പേർ കാട്ടാന ആക്രമണത്തിൽ ശരീരം തളർന്നും അല്ലാതെയും ഈ പഞ്ചായത്ത് പരിധിയിൽ ദുരിത ജീവിതം തുടരുകയും ചെയ്യുന്നു. വനം വകുപ്പിന്‍റെ കണക്ക് പ്രകാരം 18 കാട്ടാനകളാണ് ഇവിടെ ഉള്ളത്. സ്ഥിരം പ്രശ്നക്കാരനായ ചക്കക്കൊമ്പൻ അടക്കമുള്ള കാട്ടാനകളാണ് ഇവ. നിത്യവും ഇവ ഉണ്ടാക്കുന്ന പ്രശ്‌നം നട്ടുകാരുടെയും വനംവകുപ്പിന്‍റെയും ഉറക്കം കെടുത്തുന്നു. അനയിറങ്കൽ ജലാശമാണ് ആനകളുടെ പ്രധാന ജലസ്രോതസ്. ഇവിടേക്ക് കാട്ടാനകൾ പതിവായി എത്തുന്നു. ഏലം, തെയില തോട്ട ഭൂമികളാണ് കൂടുതൽ.

തോട്ടങ്ങൾ സംരക്ഷിക്കാൻ ആനത്താരകൾ നശിപ്പിക്കുന്നത് ഇവ കൂടുതലും ജനവാസ ഇടങ്ങളിൽ നിലയുറപ്പിക്കാൻ കാരണമാകുന്നു. കോളനികൾ കൂടുതലുള്ള പഞ്ചായത്തും ചിന്നക്കനാൽ ആണ്. അഞ്ച് സെന്‍റുകളിൽ താമസിക്കുന്നവരടക്കം കാട്ടാനകലിയിൽ വിറങ്ങലിച്ച് നിൽക്കുകയാണ്.

പ്രതിഷേധവുമായി നാട്ടുകാർ

ചിന്നക്കനാൽ സൂര്യനെല്ലി തിരുവള്ളൂർ കോളനിയിലെ മാരിയെ കാട്ടാനകൾ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റാനോ തുടർനടപടി സ്വീകരിക്കാനോ അനുവദിക്കാതിരുന്ന നാട്ടുകാർ വലിയ പ്രതിഷേധമാണ് ഉയർത്തിയത്. ഒടുവിൽ ശാന്തൻപാറ സി.ഐയുടെ ഇടപെടൽ മൂലം രണ്ട് മണിക്കൂറിന് ശേഷമാണ് ഇവിടെ നിന്ന് മൃതദേഹം എടുക്കാൻ സമ്മതിച്ചത്. മൃതദേഹം പൊലീസും വനംവകുപ്പും ചേർന്ന് ഇടുക്കി മെഡിക്കൽ കോളജിൽ എത്തിക്കുകയായിരുന്നു.

‘ആനക്ക് മാത്രമല്ല ഞങ്ങൾക്കും സംരക്ഷണം വേണം’

ആനകൾ കൂട്ടത്തോടെ ജനാവാസ മേഖലയിൽ ഇറങ്ങി ആക്രമണം തുടരുന്ന സാഹചര്യത്തിൽ സംരക്ഷണം തരേണ്ട വനം വകുപ്പ് മൗനം പാലിക്കുകയാണെന്ന് നാട്ടുകാർ. ആനക്ക് മാത്രമാണ് സംരക്ഷണം നൽകുന്നത്. മനുഷ്യനെ ചവിട്ടി കൊല്ലുകയാണ്. കുട്ടിയെ സ്കൂളിൽ കൊണ്ടുവിടാനാണ് മാരി വന്നത്. എന്നാൽ ആ കുട്ടിയുടെ മുന്നിൽവെച്ച് മാരിയെ കാട്ടാന ദാരുണമായി ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. വാക്കാൽ കാര്യങ്ങൾ പറഞ്ഞിട്ട് കാര്യമില്ലെന്നും ഉറച്ച തീരുമാനം നടപ്പാക്കണമെന്നുമാണ് ആവശ‍്യം.

ഓരോ വർഷവും ഉദ്യോഗസ്ഥർ യോഗം വിളിച്ച് നടപടികളെക്കുറിച്ച് ആലോചിക്കുന്നതല്ലാതെ ഒരു വാക്കും പാലിക്കുന്നില്ലെന്ന് ഇവർ പറഞ്ഞു. അരിക്കൊമ്പനെ പിടികൂടിയ ശേഷവും പലരെയും കാട്ടാന കൊലപ്പെടുത്തി. വേണ്ടത് ശാശ്വത പരിഹാരമാണെന്നും ചിന്നക്കാനാൽ ജാഗ്രത സമിതിയും കുറ്റപ്പെടുത്തി. പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ നാട്ടുകാരും വനം വകുപ്പും ജനപ്രതിനിധികളും യോഗം ചേർന്നു. നഷ്ടപരിഹാരം, കൊല്ലപ്പെട്ട മാരിയുടെ കുട്ടികളുടെ പുനരധിവാസം എന്നീ വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു.

Tags:    
News Summary - Three lives lost in three years due to wild elephants roaming in Chinnakanal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.