അടിമാലി: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അടിമാലിയിൽ കോൺഗ്രസിൽ അടിയോടടി. പരസ്പരം ചെളിവാരി എറിഞ്ഞും തെരുവിൽ പോസ്റ്റർ യുദ്ധം നടത്തിയും സീറ്റ് നേടിയെടുക്കാനുള്ള ശ്രമത്തിലാണ് ഒരുവിഭാഗം. ജില്ല ഡിവിഷൻ സ്ഥാനത്തിനായി നിരവധി പേരാണ് കടുത്ത മത്സരം നടത്തുന്നത്.
അനിൽ തറനിലം അവസാന ലാപ്പിൽ എത്തുമെന്ന ധാരണയിൽ എതിർ വിഭാഗം അനിലിനെ വ്യക്തിഹത്യ ചെയ്യുംവിധം ടൗണിൽ വിവിധ ഇടങ്ങളിൽ ‘സേവ് കോൺഗ്രസ്’ എന്ന പേരിൽ പോസ്റ്റർ പതിച്ചിരിക്കുകയാണ്. കെ.സി. വേണുഗോപാലിന്‍റെ നോമിനിയാണ് അനിൽ. ഐ വിഭാഗത്തെ പ്രതിനിധീകരിച്ച് ജില്ല സെക്രട്ടറി ടി.എസ്. സിദ്ദീഖ്, ഉൾപ്പെടെ അഞ്ചുപേരാണ് ജില്ല ഡിവിഷനായി കടുത്ത മത്സരം നടത്തുന്നത്.
പ്രശ്നം ഇത്രത്തോളം വഷളാക്കിയത് ഐ വിഭാഗമാണെന്നും പുതിയ ഒരാൾ മത്സരരംഗത്തേക്ക് വരണമെന്നും ആവശ്യപ്പെടുന്നവരുമുണ്ട്. ബ്ലോക്ക് പഞ്ചായത്ത് മച്ചിപ്ലാവ്, ദേവിയാർ ഡിവിഷനിലും അഞ്ചിലധികം പേരാണ് കോൺഗ്രസ് നേതൃത്വത്തിന് മുന്നിലുള്ളത്. അടിമാലി ഗ്രാമ പഞ്ചായത്തിലെ ഒന്ന്, രണ്ട് വാർഡിലുണ്ടായ പ്രതിസന്ധി സ്ഥാനാർഥി പ്രഖ്യാപനം കഴിഞ്ഞും നിലനിൽക്കുന്നു.
രണ്ടാം വാർസിൽ ഡി.സി.സി വൈസ് പ്രസിഡന്‍റ് പി.വി. സ്കറിയ ഉയർത്തിയ വലിയ സമ്മർദ്ദം അതിജീവിച്ച് അടിമാലി ബ്ലോക്ക് പ്രസിഡന്‍റ് ബാബു കുര്യാക്കോസ് സീറ്റ് ഉറപ്പിച്ചതായാണ് വിവരം. ഇത് എ വിഭാഗത്തിലെ ഒരുവിഭാഗത്തെ തെരഞ്ഞെടുപ്പ് ബഹിഷ്കരണത്തിലേക്ക് നയിക്കുമെന്ന ആശങ്കയും നിലനിൽക്കുന്നു.
സീറ്റ് നഷ്ടപ്പെട്ട കോൺഗ്രസ് നേതാവിനായി പലകുറി ജില്ല നേതൃത്വം ചർച്ച നടത്തി. എന്നാൽ നിർബന്ധപൂർവം ഒഴിവാക്കിയതിൽ അസ്വസ്ഥനാണ് ഈ പ്രമുഖ നേതാവ്. അതേസമയം മച്ചിപ്ലാവ് ബ്ലോക്ക് ഡിവിഷനിൽ പുതിയ സ്ഥാനാർഥിയെ ഇറക്കാനും കോൺഗ്രസ് ആലോചിക്കുന്നതായാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.