മുട്ടം വില്ലേജിന് സമീപത്തെ വനം വകുപ്പിന് വിട്ടുനൽകിയ എം.വി.ഐ.പി ഭൂമി
മുട്ടം: ശങ്കരപ്പള്ളി മുതൽ അറക്കുളം വരെ 130 ഏക്കറോളം ഭൂമി വനഭൂമിയാക്കി സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. തൊടുപുഴ -പുളിയൻമല സംസ്ഥാന പാതയുടെയും മലങ്കര ജലാശയത്തിന്റെയും ഇടയിൽ മൂവാറ്റുപുഴ വാലി ഇറിഗേഷൻ പ്രോജക്ടിന്റെ (എം.വി.ഐ.പി) കൈവശമുള്ള ഭൂമിയാണ് വനം വകുപ്പ് ഏറ്റെടുക്കുന്നത്. ഇടമലയാർ ജലസേചന പദ്ധതിക്കായി വനം വകുപ്പ് എം.വി.ഐ.പിക്ക് 52 ഹെക്ടർ ഭൂമി വിട്ടു നൽകിയിരുന്നു. ഇതിന് പകരമായി എം.വി.ഐ.പിയുടെ കൈവശത്തിലുള്ള ഭൂമി വിട്ടു നൽകാമെന്നായിരുന്നു കരാർ. ഇതനുസരിച്ച് മുട്ടം, കുടയത്തൂർ, കാഞ്ഞാർ, അറക്കുളം മേഖലകളിലെ 52.59 ഹെക്ടർ എം.വി.ഐ.പി ഭൂമി വനംവകുപ്പിന് കൈമാറുന്ന നടപടികൾ ഏറെ നാളായി നടന്നു വരികയാണ്. എന്നാൽ, കഴിഞ്ഞ ദിവസമാണ് ഇക്കാര്യം വിജ്ഞാപനമായി പുറത്തിറങ്ങിയത്.
മലങ്കര ജലാശയത്തിന്റെ അതിർത്തി പ്രദേശങ്ങളാണ് വനം വകുപ്പിന് നൽകിയത്. വിജ്ഞാപനത്തിൽ പരാതിയുള്ളവർ നാല് മാസത്തിനകം രേഖാമൂലം പരാതി നൽകണം. എം.വി.ഐ.പി ഭൂമി വനഭൂമിയാകുന്നതോടെ സംസ്ഥാന സർക്കാറിന്റെ നിയന്ത്രണം ഇല്ലാതാകും.
കേന്ദ്ര വനം–പരിസ്ഥിതി മന്ത്രാലയത്തിനാകും അധികാരം. നിലവിൽ ഈ ഭൂമിയിൽ ജനവാസമോ നിർമാണങ്ങളോ ഇല്ല. എന്നാൽ, ഭൂമി വനം വകുപ്പിന് വിട്ടുനൽകുന്നത് മലങ്കര ടൂറിസം പദ്ധതിയെ സാരമായി ബാധിക്കുമെന്ന് ആശങ്കയുണ്ട്. പദ്ധതി വികസിപ്പിക്കണമെങ്കിൽ ഇനിയും ഭൂമി ആവശ്യമാണ്. ഇതിനായി ഏറ്റെടുക്കാനാകുന്നത് എം.വി.ഐ.പി ഭൂമിയാണ്. വനം വകുപ്പിന് നൽകുന്നതോടെ ഇത് തടസ്സപ്പെടും. മലങ്കര ജലാശയത്തിന്റെ തീരത്ത് നൂറുകണക്കിന് ആളുകളാണ് താമസിക്കുന്നത്.
ഇവർ കുടിവെള്ളം എടുക്കുന്നത് ജലാശയത്തിൽ നിന്നാണ്. ഇതിനായി പൈപ്പിടണമെങ്കിൽ വനം വകുപ്പിന്റെ ഭൂമിയിലൂടെ വേണം. ഇതിന് വനം വകുപ്പ് തടസ്സവാദം ഉന്നയിക്കുമെന്ന് ഉറപ്പാണ്. അനുദിനം തിരക്കേറുന്ന തൊടുപുഴ–പുളിയൻമല സംസ്ഥാന പാത ഭാവിയിൽ വീതി കൂട്ടണമെങ്കിലും മലങ്കര ജലാശയത്തിലേക്ക് ഇറങ്ങാനും കുടിവെള്ളം ശേഖരിക്കാനുമെല്ലാം വനംവകുപ്പിന്റെ അനുമതി വേണ്ടിവരുമെന്നത് പ്രദേശവാസികളിൽ കടുത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.