തൊടുപുഴയില്‍ 44 വീടുകൾ ഭാഗികമായി തകർന്നു

തൊടുപുഴ: കഴിഞ്ഞ ദിവസമുണ്ടായ കനത്ത കാറ്റിലും മഴയിലും തൊടുപുഴ താലൂക്കിലെ വിവിധയിടങ്ങളിലായി നിരവധി വീടുകള്‍ക്ക് നാശം. 44 വീടുകൾ ഭാഗികമായി തകർന്നു. വെള്ളിയാമറ്റത്താണ്​ ഏറെ നാശമുണ്ടായത്​. കാറ്റത്ത് മേല്‍ക്കൂര പറന്നുപോയും മരങ്ങള്‍ വീണുമാണ് വീടുകള്‍ തകർന്നത്​. ഏതാനും വീടുകളുടെ സംരക്ഷണ ഭിത്തിയും തകര്‍ന്നിട്ടുണ്ട്. പലയിടങ്ങളിലും റബര്‍, വാഴ, ജാതി, കൊക്കോ തുടങ്ങിയ കൃഷിയും നശിച്ചിട്ടുണ്ട്. ഇതോടൊപ്പം മരങ്ങള്‍ വീണ് വിവിധയിടങ്ങളിലായി ഒട്ടനവധി വൈദ്യുതി തൂണുകള്‍ ഒടിഞ്ഞുവീഴുകയും ലൈന്‍ പൊട്ടുകയും ചെയ്​തു. വൈദ്യുതി വകുപ്പ് ജീവനക്കാരുടെ നേതൃത്വത്തില്‍ നടത്തിയ ഊര്‍ജിത ശ്രമത്തി​ൻെറ ഭാഗമായി പലയിടത്തെയും വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു. താമസയോഗ്യമല്ലാതായ വീടുകളില്‍നിന്നുള്ളവര്‍ സമീപ വീടുകളിലേക്കും ബന്ധുവീടുകളിലേക്കും താല്‍ക്കാലികമായി മാറിത്താമസിച്ചു. താലൂക്ക്-വില്ലേജ് ഓഫിസുകളില്‍നിന്നുള്ള റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ നാശനഷ്​ടങ്ങളുണ്ടായ സ്ഥലങ്ങളില്‍ സന്ദര്‍ശിച്ചു. വീടുകളിലും കൃഷിയിടങ്ങളിലുമുണ്ടായ നഷ്​ടങ്ങളുടെ കണക്കെടുപ്പുകള്‍ തുടരുകയാണെന്നും അടുത്ത ദിവസങ്ങളിലെ പൂര്‍ണമായ വിവരം ലഭ്യമാകൂവെന്നും അധികൃതര്‍ അറിയിച്ചു. ഉടുമ്പന്നൂര്‍ വില്ലേജില്‍ എട്ട് വീടുകള്‍ ഭാഗികമായും ഒരുവീട് പൂര്‍ണമായും നശിച്ചു. ചെപ്പുകുളം, മഞ്ചിക്കല്ല്, ഉടുമ്പന്നൂര്‍, ഉപ്പുകുന്ന്, ഏഴാനിക്കൂട്ടം എന്നിവിടങ്ങളിലായാണ് വീടുകള്‍ തകര്‍ന്നത്. വെള്ളിയാമറ്റം വില്ലേജില്‍ 13 വീടുകള്‍ക്കാണ് ഭാഗികമായി നാശനഷ്​ടം സംഭവിച്ചത്. ചെപ്പുകുളം, കുടയത്തൂര്‍ മുതിയാമല, കൈപ്പ, വെള്ളിയാമറ്റം എന്നിവിടങ്ങളിലാണ് വീടുകള്‍ക്ക് നാശം സംഭവിച്ചത്. അറക്കുളം വില്ലേജില്‍ നാല് വീടുകള്‍ക്ക് നാശം സംഭവിച്ചു. മൂലമറ്റം പ്രൈവറ്റ് ബസ് സ്​റ്റാന്‍ഡിന് സമീപമാണ് വീടുകള്‍ തകര്‍ന്നത്. ഇലപ്പള്ളി വില്ലേജില്‍ കണ്ണിക്കല്‍ ഭാഗത്ത് ഗ്രാമീണ റോഡിലേക്ക് മണ്ണിടിഞ്ഞ് വീണു. അന്ത്യന്‍പാറ ഭാഗത്ത് മൂലമറ്റം-വാഗമണ്‍ പാതയിലേക്ക് മരം ഒടിഞ്ഞുവീണു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.