കോവിഡ്​ വ്യാപനം: ജാഗ്രത ​നിർദേശവുമായി ആരോഗ്യവകുപ്പ്​

തൊടുപുഴ: വ്യാപാര സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, ആഘോഷങ്ങൾ, വിനോദസഞ്ചാരം എന്നിവക്ക്​ കോവിഡുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്ക് സർക്കാർ ഇളവ് അനുവദിച്ചിരിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന്​ ജില്ല മെഡിക്കൽ ഓഫിസർ ഡോ. എൻ. പ്രിയ അറിയിച്ചു. കോവിഡ് വ്യാപനം ഒഴിവാക്കാൻ പൊതുജനങ്ങളും വ്യാപാരി-വ്യവസായികളും മതമേലധികാരികളും ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണം. ഓണം അടുത്തതോടെ വ്യാപാര സ്ഥാപനങ്ങളിലും പൊതുവാഹനങ്ങളിലും വിനോദ സഞ്ചാരകേന്ദ്രങ്ങളിലും തിരക്ക് വർധിക്കാം​. കോവിഡ് വ്യാപന ഭീഷണി ഇപ്പോഴും സജീവമായി തുടരുന്ന സാഹചര്യത്തിൽ ആളുകൾ കൂട്ടംകൂടുന്നത് ഒഴിവാക്കണം. റിസോർട്ടുകൾ, ഹോട്ടലുകൾ എന്നിവ കോവിഡ് നിയന്ത്രണ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുവേണം പ്രവർത്തിക്കാൻ. ആരാധനാലയങ്ങളിൽ തിരക്ക് ഒഴിവാക്കാൻ മതമേലധികാരികൾ ജാഗ്രത പാലിക്കണം. തൊഴിലിടങ്ങളിലും കോവിഡ് നിയന്ത്രണ നിർദേശങ്ങൾ പാലിക്കണം. കോവിഡ് അവസാനിച്ചിട്ടില്ലെന്നും കോവിഡ് നിയന്ത്രണം എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും ഇനിയൊരു കോവിഡ് വ്യാപനവും ലോക്ഡൗണും ഒഴിവാക്കാൻ ശ്രദ്ധിക്കണമെന്നും ഡി.എം.ഒ നിർദേശിച്ചു. കാർഷിക​മേഖല സംരക്ഷണത്തിന്​ പദ്ധതി തയാറാക്കണം -ഫ്രാന്‍സിസ് ജോർജ്​ ചെറുതോണി: തുടര്‍ച്ചയായ പ്രകൃതിക്ഷോഭങ്ങളും കോവിഡ് വ്യാപനവും മൂലം ഇടുക്കി ജില്ലയിലെ കാര്‍ഷികമേഖലയിലുണ്ടായിട്ടുള്ള തകര്‍ച്ചകള്‍ പരിഹരിക്കാനുള്ള വിവിധ പദ്ധതികള്‍ 12,000 കോടിയുടെ ഇടുക്കി പാക്കേജില്‍ തയാറാക്കണമെന്ന് കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്‍മാന്‍ ഫ്രാന്‍സിസ് ജോർജ്​ ആവശ്യപ്പെട്ടു. കേരള കോണ്‍ഗ്രസ് ഇടുക്കി നിയോജകമണ്ഡലം കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാട്ടാന, കാട്ടുപന്നി, കാട്ടുപോത്ത്, കുരങ്ങന്‍, അണ്ണാന്‍ തുടങ്ങിയ ജീവികള്‍ വ്യാപകമായി കാര്‍ഷികവിളകള്‍ നശിപ്പിക്കുന്നതും മനുഷ്യരും വളര്‍ത്തുമൃഗങ്ങളും കൊല്ലപ്പെടുന്ന സാഹചര്യവും ഗൗരവമായി കണ്ട് വന്യമൃഗശല്യം തടയാനുള്ള പദ്ധതികള്‍ക്ക് ഇടുക്കി പാക്കേജില്‍ മുന്‍ഗണന നല്‍കണമെന്നും ഫ്രാന്‍സിസ് ജോർജ്​ അഭ്യർഥിച്ചു. ഈ കാര്യത്തിനായി വന്യമൃഗശല്യമുള്ള പ്രദേശങ്ങളിലെ ജനപ്രതിനിധികള്‍, രാഷ്​ട്രീയപാര്‍ട്ടികള്‍, കര്‍ഷകസംഘടനകള്‍, വ്യാപാരികള്‍ എന്നിവയുടെ പ്രതിനിധികള്‍, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗം കൂടണമെന്നും ഇദ്ദേഹം നിര്‍ദേശിച്ചു. ചെറുതോണി പാര്‍ട്ടി ഓഫിസില്‍ കൂടിയ യോഗത്തില്‍ നിയോജകമണ്ഡലം പ്രസിഡൻറ്​ ജോയി കൊച്ചുകരോട്ട് അധ്യക്ഷതവഹിച്ചു. പാര്‍ട്ടി സംസ്ഥാന വൈസ്ചെയര്‍മാനും മുന്‍ എം.എല്‍.എയുമായ മാത്യു സ്​റ്റീഫൻ, ജില്ല പ്രസിഡൻറും ജില്ല പഞ്ചായത്ത് അംഗവുമായ പ്രഫ. എം.ജെ. ജേക്കബ്, കര്‍ഷക യൂനിയന്‍ സംസ്ഥാന പ്രസിഡൻറ്​ വര്‍ഗീസ് വെട്ടിയാങ്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.