കസ്​റ്റഡി മരണത്തിന് രണ്ടുവര്‍ഷം തികയാന്‍ ദിവസങ്ങള്‍ മാത്രം; കുറ്റക്കാര്‍ക്കെതിരെ നടപടി

നെടുങ്കണ്ടം: സര്‍ക്കാറിന് അപമാനവും സംസ്ഥാന പൊലീസ് സേനയെ പിടിച്ചുകുലുക്കുകയും ചെയ്ത കസ്​റ്റഡി മരണത്തിന് രണ്ട​ുവര്‍ഷം തികയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ രാജ്കുമാറി​ൻെറ ഘാതകരായ പൊലീസ് ഉദ്യോഗസ്ഥരെ സേനയില്‍നിന്ന്​ പിരിച്ചുവിടാന്‍ നടപടി. വാഗമണ്‍ കോലാഹലമേട് സ്വദേശി രാജ്കുമാര്‍ കസ്​റ്റഡിയില്‍ മരിച്ച സംഭവത്തിലാണ് ആറു പൊലീസുകാര്‍ക്കെതിരെ നടപടി. തൂക്കുപാലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ഹരിത ഫിനാന്‍സി​ൻെറ നേതൃത്വത്തില്‍ നടന്ന സാമ്പത്തിക തട്ടിപ്പിനെ തുടര്‍ന്നാണ് രാജ്കുമാറിനെയും ജീവനക്കാരായ മഞ്​ജു, ശാലിനി എന്നിവരെ നെടുങ്കണ്ടം പൊലീസ് അറസ്​റ്റ്​ ചെയ്തത്. വായ്പ നല്‍കാം എന്ന വ്യാജേന, ഹൈറേഞ്ചിലെ വിവിധ മേഖലകളിലെ 300ലേറെ സംഘങ്ങളില്‍നിന്ന്​ കോടിക്കണക്കിന് രൂപ തട്ടിയെടുത്ത സംഭവത്തിലായിരുന്നു അറസ്​റ്റ്​. 2019 ജൂണ്‍ 12ന് മൂവരെയും അറസ്​റ്റ്​ ചെയ്‌തെങ്കിലും രാജ്കുമാറി​ൻെറ അറസ്​റ്റ്​ രേഖപ്പെടുത്തിയത് ജൂണ്‍ 15ന് മാത്രമാണ്. മൂന്ന് ദിവസം നെടുങ്കണ്ടം പൊലീസ് കസ്​റ്റഡിയില്‍വെച്ച് രാജ്കുമാറിനെ അതിക്രൂരമായി മർദി​െച്ചന്നാണ് കേസ്. 15ന് അർധരാത്രി ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് രാജ്കുമാറിനെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചിരുന്നു. തുടര്‍ന്ന് രാത്രിയില്‍ മജിസ്‌ട്രേറ്റി​ൻെറ മുന്നില്‍ ഹാജരാക്കുകയും 16ന് പുലര്‍ച്ച പീരുമേട് സബ് ജയിലേക്ക് മാറ്റുകയും ചെയ്തു. പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പീരുമേട് താലൂക്ക് ആശുപത്രിയിലും ചികിത്സക്കായി എത്തിച്ചു. എന്നാല്‍, ജൂണ്‍ 21ന് രാജ്കുമാര്‍ മരണപ്പെട്ടു. നെടുങ്കണ്ടം പൊലീസ് സ്‌റ്റേഷനില്‍വെച്ച് പ്രാകൃതമായ മർദനമുറകളാണ് രാജ്കുമാറിന് നേരെ ഉദ്യോഗസ്ഥര്‍ അഴിച്ചുവിട്ടതെന്നായിരുന്നു കേസ്. തുടക്കത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസ്, പിന്നീട് സി.ബി.ഐക്ക് കൈമാറി. സമാന്തരമായി ജസ്​റ്റിസ് കെ. നാരായണക്കുറുപ്പ് കമീഷ​ൻെറ നേതൃത്വത്തില്‍ ജുഡീഷ്യല്‍ അന്വേഷണവും നടന്നു. രാജ്കുമാറി​ൻെറ മൃതദേഹം റീപോസ്​റ്റ്​മാര്‍ട്ടം നടത്തിയാണ് കമീഷന്‍ അന്വേഷണം ആരംഭിച്ചത്. രണ്ടാമത് നടത്തിയ പോസ്​റ്റ്​മാര്‍ട്ടത്തില്‍ കൂടുതല്‍ ആന്തരിക മുറിവുകള്‍ ഇയാള്‍ക്ക് ഏറ്റിരുന്നതായും ഇതാണ് മരണകാരണമെന്നും കണ്ടെത്തി. അതിനിടെ പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതികളായതോടെ രേഖകളില്‍ തിരിമറി നടത്താനും ശ്രമം നടന്നു. 12ന് അറസ്​റ്റിലായ രാജ്കുമാറിനെ 13ന് ജാമ്യത്തില്‍ വിട്ടയച്ചെന്നും പിന്നീട് പിടികൂടുകയായിരുന്നുവെന്നും വ്യാജരേഖകള്‍ ഉണ്ടാക്കാന്‍ ശ്രമം നടന്നു. കസ്​റ്റഡി മരണസമയത്ത് നെടുങ്കണ്ടം സ്​റ്റേഷനില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന 52 പൊലീസ് ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റിയിരുന്നു. എസ്‌.ഐ കെ.എ. സാബു, എ.എസ്‌.ഐ റോയി, ഹെഡ് കോൺസ്​റ്റബിള്‍ സജീവ് ആൻറണി, ഡ്രൈവര്‍ നിയാസ്, കോൺസ്​റ്റബിള്‍ ജിതിന്‍, ബിജു ലൂക്കോസ്, ഹോം ഗാര്‍ഡ് ജയിംസ്, ​െറജിമോന്‍, വനിത പൊലീസ് ഉദ്യോഗസ്ഥ ഗീതു, എന്നീ ഒമ്പതു പേരാണ് പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്നത്. രാജ്കുമാര്‍ കസ്​റ്റഡി മരണവുമായി ബന്ധപ്പെട്ട് എഴുപതോളം സാക്ഷികളെ നാരായണക്കുറുപ്പ് കമീഷന്‍ വിസ്​തരിച്ചിരുന്നു. കമീഷന്‍ സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടി​ൻെറ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥരെ പിരിച്ചുവിടാന്‍ നിര്‍ദേശം ഉണ്ടായിരിക്കുന്നത്. സി.ബി.ഐ അന്വേഷണവും സമാന്തരമായി പുരോഗമിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.