മൂന്നാർ: തോട്ടം തൊഴിലാളി യുവാവിൻെറ തിരോധാനത്തിൽ അപകട സാധ്യത തള്ളി അന്വേഷണ സംഘം. കടലാർ ഈസ്റ്റ് ഡിവിഷനിലെ ധനശേഖറിനെയാണ് (38) ഏപ്രിൽ 20ന് കാണാതായത്. കണ്ണൻ ദേവൻ കമ്പനിയുടെ കടലാർ ഈസ്റ്റ് ഡിവിഷനിലെ തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് ധനശേഖറിനെ കാണാതാകുന്നത്. രാവിലെ തോട്ടത്തിലെത്തിയ ഇയാൾ മറ്റ് തൊഴിലാളികൾക്ക് ചായവാങ്ങാൻ ഒമ്പതരയോടെ കാൻറീനിലേക്ക് പോയതാണ്. അതിനുശേഷം ആരും കണ്ടിട്ടില്ല. വന്യമൃഗങ്ങൾ ആക്രമിച്ചതാകാമെന്ന നിഗമനത്തിൽ തൊഴിലാളികളും പൊലീസും തേയിലത്തോട്ടങ്ങളിലും സമീപകാടുകളിലും തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ, മൃഗങ്ങളുടെ സാന്നിധ്യമോ ആക്രമണത്തിൻെറ ലക്ഷണങ്ങളോ കണ്ടെത്തിയില്ല. അന്വേഷണ ഭാഗമായി ഡ്രോൺ ഉപയോഗിക്കുകയും വനം വകുപ്പിൻെറ സഹായം തേടുകയും ചെയ്തെങ്കിലും നിരാശയായിരുന്നു ഫലം. ഏപ്രിൽ പകുതിയോടെ കമ്പനി സ്റ്റോറിൽനിന്ന് കീടനാശിനി മോഷണം പോയിരുന്നു. ഇത് സംബന്ധിച്ച ചോദ്യം ചെയ്യലിനായി ദിനേന നാല് തൊഴിലാളികളെ വീതം സ്റ്റേഷനിലേക്ക് പൊലീസ് വിളിപ്പിച്ചിരുന്നു. ധനശേഖരടക്കം രണ്ടുപേരെ വിളിപ്പിച്ചിരുന്ന ദിവസമാണ് ഇയാളുടെ തിരോധാനം. കാണാതാകുന്നതിന് മുമ്പ് അവസാനമായി ഫോണിൽ സംസാരിച്ചത് ഭാര്യാമാതാവിനോടാണ്. 20 മിനിറ്റിലധികം നീണ്ട സംസാരത്തെക്കുറിച്ചും പൊലീസ് പരിശോധിച്ചു. ഈ സംസാരത്തിനൊടുവിൽ കാട്ടുമൃഗത്തിൻെറ ശബ്ദവും ധനശേഖർ ഭയന്നുനിലവിളിക്കുന്നതും കേട്ടെന്ന ഭാര്യാമാതാവ് അയൽക്കാരോട് പറഞ്ഞതും പൊലീസ് വിശ്വസിക്കുന്നില്ല. സംഭവം നടന്ന് ഒരു മാസമായിട്ടും അപകടം നടന്നതിൻെറ ഒരു സൂചനയും ലഭിച്ചിട്ടില്ല. ഇതാണ് അപകട സാധ്യത പൊലീസ് തള്ളാൻ കാരണം. ക്വാറൻറീൻ കേന്ദ്രമൊരുക്കി ക്ഷേത്ര ഭരണ സമിതി തൊടുപുഴ: വീടുകളിൽ ക്വാറൻറീൻ സൗകര്യമില്ലാത്ത കോവിഡ് ബാധിതർക്ക് ഊട്ടുപുരയിൽ ക്വാറൻറീൻ സൗകര്യമൊരുക്കി കാഞ്ഞിരമറ്റം ശ്രീമഹാദേവക്ഷേത്രം. അടിയന്തര സേവനത്തിനായി വാഹനവും ക്ഷേത്രഭരണ സമിതി വിട്ടുനൽകിയിട്ടുണ്ട്. വീടുകളിൽ ക്വാറൻറീൻ സൗകര്യമില്ലാത്ത 22, 23, 24 നഗരസഭ വാർഡുകളിലെ കോവിഡ് ബാധിതരെ താമസിപ്പിക്കാനാണ് ക്ഷേത്രത്തിൻെറ ഗൗരീശങ്കരം ഊട്ടുപുരയിൽ സൗകര്യമൊരുക്കിയത്. ഊട്ടുപുരയിലെ കേന്ദ്രത്തിൻെറ ഉദ്ഘാടനവും വാഹനത്തിൻെറ ഫ്ലാഗ് ഒാഫും നഗരസഭ ചെയർമാൻ സനീഷ് ജോർജ് നിർവഹിച്ചു. ക്ഷേത്രഭരണ സമിതി പ്രസിഡൻറ് ടി.എസ്. രാജൻെറ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ക്ഷേത്ര ഭരണ സമിതി സെക്രട്ടറി പി.ജി. രാജശേഖരൻ, ട്രഷറർ കെ.എസ്. വിജയൻ, നഗരസഭ കൗൺസിലർമാരായ ജിതേഷ് സി. ഇഞ്ചക്കാട്ട്, ശ്രീലക്ഷ്‌മി സുദീപ്, ക്ഷേത്രം മേൽശാന്തി ദിലീപ് വാസുദേവൻ നമ്പൂതിരി തുടങ്ങിയവർ പങ്കെടുത്തു. മലഞ്ചരക്ക് കടകൾ തുറക്കാൻ അനുവദിക്കണം -എം.പി തൊടുപുഴ: മലഞ്ചരക്ക് കച്ചവട സ്ഥാപനങ്ങൾ തുറക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പി മുഖ്യമന്ത്രിക്ക് കത്ത് നൽകി. കർഷകർക്ക് അവരുടെ തോട്ടങ്ങളിൽ വിളവെടുപ്പിനും പണിയെടുക്കുന്നതിനും അനുവാദം നൽകണമെന്നും എം.പി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.