വീണ്ടും പ്രതിസന്ധിയിലേക്ക്​; ഇളവുകൾതേടി വസ്ത്രവ്യാപാര മേഖല

തൊടുപുഴ: ലോക്ഡൗൺ പ്രഖ്യാപനം എത്തിയതോടെ പെരുന്നാൾവിപണി മുന്നിൽകണ്ട് വസ്ത്രങ്ങൾ കടകളിലെത്തിച്ച വ്യാപാരികൾ വൻ പ്രതിസന്ധിയിൽ. കഴിഞ്ഞ ലോക്ഡൗൺ കാലത്ത്​ ഭീമമായ നഷ്​ടമാണ് ജില്ലയിലെ വസ്ത്രവ്യാപാര മേഖലയിലുണ്ടായത്. ഇതിൽനിന്ന് കരകയറാമെന്ന പ്രതീക്ഷയിലിരിക്കെയാണ് വീണ്ടും ലോക്ഡൗൺ. അവശ്യസാധനങ്ങൾ വിൽക്കുന്ന വ്യാപാരസ്ഥാപനങ്ങൾ ഒഴികെ മറ്റുള്ളവ അടക്കണമെന്ന നിർദേശത്തെതുടർന്ന് ദിവസങ്ങളായി വസ്ത്രവ്യാപാരികൾ ആശങ്കയിലായിരുന്നു. വരുംദിവസങ്ങളിലാണ് കച്ചവടക്കാർ പ്രതീക്ഷ വെച്ചിരുന്നത്. എന്നാൽ, ലോക്ഡൗൺ പ്രഖ്യാപനം വന്നതോടെ കടകൾക്ക് പൂട്ടുവീഴുന്നത് വലിയ നഷ്​ടമുണ്ടാക്കുമെന്ന് വ്യാപാരികൾ പറയുന്നു. ഓണക്കാലത്തേതുപോലെതന്നെ വസ്ത്രവ്യാപാര രംഗത്ത് ഉണർവ് നൽകുന്നതാണ് പെരുന്നാൾ വിപണി. കഴിഞ്ഞ വിഷു, ഈസ്​റ്റർ തുടങ്ങിയ വിശേഷ സമയങ്ങളിൽ വിപണി മന്ദഗതിയിലായിരുന്നു. 20 ശതമാനം ബിസിനസ് പോലും നടന്നില്ല. ഇത്തവണ പെരുന്നാൾ സീസൺ മുന്നിൽകണ്ട് വലിയ വിലയുടെ തുണികൾ അടക്കമാണ് എത്തിച്ചത്. ലോക്ഡൗൺ പ്രഖ്യാപനം പ്രതീക്ഷയിൽപോലും ഉണ്ടായിരുന്നില്ല. അതുകൊണ്ട് കൂടുതൽ ഓർഡറുകളും നൽകി. ഉത്തരേന്ത്യയിൽനിന്നടക്കം ലോഡ് കണക്കിന് തുണിത്തരങ്ങൾ മാർച്ച് ആദ്യ വാരത്തോടെതന്നെ ജില്ലയിലെ എല്ലാ കടകളിലും എത്തി. എന്നാൽ, ഈ സമയങ്ങളിൽ രോഗവ്യാപനം കൂടിയതോടെ വ്യാപാരവും വലിയ തോതിൽ കുറവായിരുന്നു. കടകൾ അടഞ്ഞുകിടക്കുന്നത് കോടികളുടെ ബാധ്യതക്ക്​ ഇടയാക്കുമെന്നും വ്യാപാരികൾ പറയുന്നു. ജില്ലയിൽ ചെറുതും വലുതുമായി ആയിരത്തോളം വസ്ത്രവ്യാപാര ശാലകളാണ് പ്രവർത്തിക്കുന്നത്. ഇവിടങ്ങളിലായി പതിനായിരത്തോളം ജീവനക്കാരുമുണ്ട്. കടകൾ അടഞ്ഞുകിടക്കുന്നതിനെത്തുടർന്ന് ഇവരും പ്രതിസന്ധിയിലാകും. സർക്കാർ അടിയന്തരമായി ഇടപെട്ട് പ്രശ്​നത്തിന്​ പരിഹാരം കാണണമെന്ന് ഓൾ കേരള ടെക്​സ്​റ്റൈൽസ് ആൻഡ് ഗാർമൻെറ്സ് ഡീലേഴ്സ് വെൽഫെയർ അസോ. പ്രസിഡൻറ് എൻ.വി. സജീവ് പറഞ്ഞു. കഴിഞ്ഞ പ്രളയം മുതൽ സെസ്സ്​ അടക്കുന്നുണ്ട്. രണ്ടുമാസമായി ഇത് അടക്കാൻപോലും നിർവാഹമില്ല. ഇത് അധികൃതരെ അറിയിച്ചിട്ടും ഒരു ഇളവും ലഭിച്ചില്ല. കോവിഡ് വ്യാപനപശ്ചാത്തലത്തിൽ കടകൾ അടച്ചിടാൻ തയാറാണ്. എന്നാൽ, സർക്കാർ ഈ മേഖലക്ക് സഹായങ്ങളും ഇളവുകളും പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചെറുതല്ല പ്രതിസന്ധി കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ലോക്ഡൗൺ പ്രഖ്യാപനം എത്തിയത്. എങ്കിലും വസ്ത്ര വ്യാപാര മേഖലയിൽ ഇത് വലിയ പ്രതിസന്ധി സൃഷ്​ടിക്കുകയാണ്​. സീസൺ മുന്നിൽകണ്ട് പുതിയ ഓർഡറുകൾ നൽകുകയും അവയെല്ലാം കടകളിൽ എത്തുകയും ചെയ്തു. കടകൾ അടച്ചിടുന്നതോടെ ഭീമമായ നഷ്​ടം മേഖല നേരിടേണ്ടിവരും. ഏതെങ്കിലും തരത്തിലുള്ള ഇളവുകൾ മേഖലക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷ. റോജർ ജോൺ പുളിമൂട്ടിൽ സിൽക്​സ്, തൊടുപുഴ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.