ഉപരിപഠനത്തിന്‍റെ മറവിൽ പണം തട്ടുന്ന സംഘം സജീവം

തൊടുപുഴ: ഉപരിപഠനത്തിന്​ അന്തർസംസ്ഥാനങ്ങളിലേക്ക് പോകുന്ന വിദ്യാർഥികളെ കബളിപ്പിച്ച്​ പണം തട്ടുന്ന സംഘങ്ങൾ സജീവമെന്ന് പരാതി. തട്ടിപ്പിനിരയാകുന്ന പലരും ഭീഷണിയെ തുടർന്ന്​ പരാതി നൽകാൻപോലും തയാറാകുന്നില്ല. അന്തർസംസ്ഥാനങ്ങളിൽ കഴിയുന്ന മക്കളുടെ സുരക്ഷ ഓർത്ത്​ രക്ഷിതാക്കളും സംഭവം പുറത്ത് പറയാറില്ല. ഉപരിപഠനത്തിന് യോഗ്യരായ വിദ്യാർഥികളുടെ വിലാസം സംഘടിപ്പിക്കുകയാണ് തട്ടിപ്പ്​ സംഘം ആദ്യം ചെയ്യുന്നത്. തുടർന്ന്​ സ്കോളർഷിപ്പും ബാങ്ക് വായ്പയും അനുവദിച്ചെന്ന് കാണിച്ച്​ വ്യാജ അറിയിപ്പ്​ അയക്കും. ഇതിൽ ആകൃഷ്ടരാകുന്നവരെ തട്ടിപ്പ് സംഘങ്ങളുടെ ഓഫിസുകളിലേക്ക് വിളിച്ചുവരുത്തി യഥാർഥ സർട്ടിഫിക്കറ്റുകളും പണവും കൈക്കലാക്കും. പിന്നീട് വിദ്യാർഥികളെ ഭീഷണിപ്പെടുത്തിയും സമ്മർദം ചെലുത്തിയും നിലവാരമില്ലാത്ത കോളജുകളിൽ അഡ്മിഷൻ എടുപ്പിക്കുകയാണ് ചെയ്യുന്നത്. ഇത്തരം തട്ടിപ്പുകൾക്കെതിരെ തെളിവ്​ സഹിതം പരാതി നൽകിയിട്ടും അധികൃതർ നടപടി കൈക്കൊണ്ടില്ലെന്ന് വിദ്യാഭ്യാസ കൺസൽട്ടൻസി രംഗത്ത് പ്രവർത്തിക്കുന്ന സർക്കാർ അംഗീകൃത സംഘടനയായ ചെക്ക് (കൺസോർട്ട്യം ഓഫ് ഹയർ എജുക്കേഷൻ കൺസൽട്ടൻസ്​ കേരള) ഭാരവാഹികൾ പറഞ്ഞു. തുടർന്ന്​ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക്​ പരാതി നൽകിയിട്ടുണ്ടെന്ന് 'ചെക്ക്' പ്രസിഡന്‍റ്​ ജെയ്‌സൺ ഫിലിപ്പ്, സെക്രട്ടറി ഡോ. സിറിൾ തോമസ്, ട്രഷറർ പി.എ. സുരേഷ് എന്നിവർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.