രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ഡി.സി.സിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനും മന്ത്രിമാരായ റോജി എം. ജോൺ, അനൂപ് ജേക്കബ്, അബ്ദുൽ ഗഫൂർ എന്നിവർക്കും കൊച്ചി പൗരാവലി നൽകിയ സ്വീകരണത്തിൽ മമ്മൂട്ടി എത്തിയപ്പോൾ

‘‘ഈ കൊച്ചിയല്ല ഇനിയുള്ള കൊച്ചി; മാതൃക നഗരമാകണം’’ -മുഖ്യമന്ത്രി

കൊച്ചി: കൊച്ചി നഗരത്തെ സമീപ പട്ടണങ്ങളിലേക്ക് വികസിപ്പിക്കണമെന്ന ജനങ്ങളുടെ വർഷങ്ങളുടെ നീണ്ട ആവശ്യം ഉയർത്തിക്കാട്ടിയും പ്രതീക്ഷ പങ്കുവെച്ചും ജില്ലയുടെ സ്വന്തം മുഖ്യമന്ത്രി വി.ഡി. സതീശൻ. കൊച്ചി പൗരാവലി കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നൽകിയ സ്വീകരണത്തിലാണ് കൊച്ചി നഗരം ഉൾപ്പെടുന്ന മാതൃജില്ലയായ എറണാകുളത്തിന്‍റെ വികസന സ്വപ്നങ്ങളെ കുറിച്ച തന്‍റെ കാഴ്ചപ്പാട് മുഖ്യമന്ത്രി വിശദീകരിച്ചത്.

കൊച്ചി ഇനിയും മോഡേൺ ആകണമെന്ന് വി.ഡി. സതീശൻ പറഞ്ഞു. രാജ്യത്തിന് മാതൃക നഗരമാക്കി കൊച്ചിയെ മാറ്റണം. നഗരം ഇനിയും വളരണം. ‘ട്വിൻ സിറ്റി’ എന്ന സങ്കൽപത്തിലേക്ക് പോകാം. അതിൽ ആലുവയും അങ്കമാലിയും വരും. അർബൻ പ്ലാനിങ് സർക്കാറിന്‍റെ മുൻഗണനയിലുള്ളതാണ്. മാറ്റത്തിന്‍റെ ഗുണഭോക്താക്കൾ നഗരവാസികൾ മാത്രമല്ല, ഗ്രാമത്തിൽ താമസിക്കുന്നവരും ഉൾപ്പെടും. നഗരം ചേർന്നു നിൽക്കുമ്പോൾ വിദ്യാഭ്യാസ, തൊഴിൽ അവസരങ്ങൾ ഗ്രാമത്തിലെ കുഞ്ഞുങ്ങളടക്കം എല്ലാ വിഭാഗങ്ങൾക്കും ലഭിക്കണം. മുഖ്യമന്ത്രിയും മൂന്ന് മന്ത്രിമാരും മികച്ച എം.പിമാരും 14 എം.എൽ.എമാരും ഉണ്ടെങ്കിൽ എറണാകുളത്തിന് അത് സാധ്യമാകും.

കേരളത്തിന്‍റെ ചലച്ചിത്ര വ്യവസായത്തിന്‍റെ ആസ്ഥാനമാക്കി എറണാകുളത്തെ മാറ്റണം. സിനിമ വ്യവസായം ഹൈദരാബാദിലും മദ്രാസിലുമെല്ലാം ചെയ്തതു പോലെ സിനിമാ രംഗത്ത് ഈ സർക്കാർ ഒരു കൈയൊപ്പ് ചാർത്തും. ടൂറിസം രംഗത്ത് അത്ഭുതകരമായ സാധ്യതയുള്ള സ്ഥലമാണ് നമ്മുടേത്. കടൽ, ഉൾനാടൻ ജലഗതാഗതം, പശ്ചിമഘട്ടം എന്നിവ സംയോജിപ്പിച്ച് ഗതാഗത സംവിധാനത്തെ ആറു മാസത്തിനുള്ളിൽ ആസൂത്രണം ചെയ്ത് നടപ്പാക്കാൻ സർക്കാർ ജനങ്ങൾക്കൊപ്പം ഉണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

രാജ്യത്ത് ആദ്യമായി മുതിർന്ന പൗരന്മാർക്കായി ഒരു വകുപ്പ് രൂപവത്കരിച്ചത് കേരളത്തിലാണ്. യു.ഡി.എഫ് സർക്കാറിന്‍റെ ആദ്യ മന്ത്രിസഭാ യോഗത്തിലെ തീരുമാനമാണിത്. ഒരു സമൂഹം പരിഷ്കൃതമാണോ അല്ലയോ എന്ന് പരിശോധിക്കുന്നത്, മുതിർന്ന പൗരന്മാരോട് എങ്ങനെ പെരുമാറുന്നുവെന്ന് കണക്കാക്കിയാണ്. കേരളം ഒരു സിവിലൈസ്ഡ് സൊസൈറ്റിയാണ് ഈ കാലം അവസാനിക്കുമ്പോൾ ലോകം പറയണം. സർക്കാറിന്‍റെ പരിഗണനയിൽ മുതിർന്ന പൗരന്മാരുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കേരളത്തിലെ കുട്ടികൾ ഉന്നതവിദ്യാഭ്യാസത്തിനും ജോലിക്കുമായി കൂട്ടത്തോടെ പുറത്തേക്ക് പോകുന്ന സാഹചര്യവും അതുവഴി ഉണ്ടാകുന്ന ‘ബ്രെയിൻ ഡ്രെയിനും’ തടയാൻ ക്രിയാത്മകമായ ഇടപെടലുകൾ നടത്തും. വരാനിരിക്കുന്ന തലമുറയോടും കൊച്ചുമക്കളോടും നീതി പുലർത്താൻ കഴിയണം. കേരളത്തെ സെക്കുലറായി നിലനിർത്തണം. പാശ്ചാത്യ രാജ്യത്തെ മതനിരാസത്തിന് പകരം മതങ്ങളെ ചേർത്തു നിർത്തണം. ആരും വർഗീയത പറയരുതെന്ന ശക്തമായ നിലപാടാണെന്നും അതിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ജില്ല കലക്ടർ ജി. പ്രിയങ്ക അധ്യക്ഷ വഹിച്ച സ്വീകരണ പരിപാടിയിൽ ഹൈബി ഈഡൻ എം.പി സ്വാഗതം പറഞ്ഞു.

നടന്മാരായ കുഞ്ചാക്കോ ബോബൻ, രമേശ് പിഷാരടി എം.എൽ.എ, റിട്ട. ജസ്റ്റിസ് നാരായണകുറുപ്പ്, മേയർ വി.കെ. മിനിമോൾ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. മന്ത്രിമാരായ അനൂപ് ജേക്കബ്, റോജി എം. ജോൺ, വി.ഇ. അബ്ദുൽ ഗഫൂർ, എം.പിമാർ, എം.എൽ.എമാർ, മുൻ എം.എൽ.എ കെ. ബാബു, ജില്ല യു.ഡി.എഫ് കൺവീനർ ഡോമിനിക് പ്രസന്റേഷൻ, റിട്ട. ജസ്റ്റിസ് ഷംസുദ്ദീൻ, ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ്, അലീഗഢ് സർവകലാശാല മുൻ വി.സി. അബ്ദുൽ അസീസ്, പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ, കെ.എൻ.എം സംസ്ഥാന വൈസ് പ്രസിഡന്റ് എച്ച്.ഇ. മുഹമ്മദ് ബാബു സേട്ട്, ഗാനരചയിതാവ് ആർ.കെ. ദാമോദരൻ, ഡോ. ടി.എസ്. ജോയി ഉൾപ്പെടെയുള്ള സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Tags:    
News Summary - "This Kochi is not the Kochi of the future; it should be a model city" - Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.