കോവിഡ് ആഘാതത്തില്‍നിന്ന് ആഘോഷങ്ങളിലേക്ക് നടന്നുകയറിയ വർഷമായിരുന്നു 2022. സംഭവ ബഹുലമായ ഒരു വർഷം കൂടി കടന്നുപോകുമ്പോൾ ജില്ലക്ക് നേട്ടങ്ങളും നഷ്ടങ്ങളുമുണ്ട്. നിരവധി പുരസ്കാരങ്ങളടക്കം ജില്ലയിലേക്ക് എത്തിയപ്പോൾ പ്രമുഖരുടെയടക്കം വിയോഗം കണ്ണീരായി. ക്രമസമാധാന വെല്ലുവിളികളും നേരിടേണ്ടി വന്നു.. പുതിയ പ്രതീക്ഷകളുമായി 2023നെ വരവേൽക്കാൻ മണിക്കൂറുകൾ ശേഷിക്കെ പിന്നിട്ട വർഷത്തിലൂടെയും വാർത്തകളിലൂടെയും ഒരു തിരിഞ്ഞുനോട്ടം...
തുടർക്കഥയായി കൊലപാതകങ്ങൾ
കൊച്ചി: നഗരപരിധിയിൽ നിരവധി കൊലപാതക കേസുകൾ റിപ്പോർട്ട് ചെയ്തത് പൊതുജനങ്ങളിൽ ആശങ്കയായി. മാര്‍ച്ച് ഒമ്പതിന് ലോഡ്ജില്‍ ഒന്നര വയസ്സുകാരിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്ന സംഭവത്തിൽ അമ്മയുടെ സുഹൃത്ത് അറസ്റ്റിലായി. ആഗസ്റ്റ് 11ന് എറണാകുളം ടൗൺ ഹാളിനുസമീപം ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടെ കൊല്ലം നീണ്ടകര മേരിലാൻഡിൽ എഡിസണെ (35) കുത്തിക്കൊന്നതാണ് മറ്റൊരു സംഭവം. പ്രതി മുളവുകാട് ചുങ്കത്ത് സുരേഷിനെ (38) അഞ്ചു മാസത്തിനുശേഷം ഡിസംബർ 28ന് പിടികൂടി. ആഗസ്റ്റ് 14ന് പുലർച്ചെ രണ്ടിന് സൗത്ത് റെയിൽവേ സ്റ്റേഷനുസമീപം കളത്തിപ്പറമ്പ് റോഡിലുണ്ടായ വാക്കുതർക്കത്തിൽ വരാപ്പുഴ മുട്ടിനകം കളത്തിപ്പറമ്പിൽ ശ്യാം ശിവാനന്ദനെ (33) ഒരുസംഘം കുത്തിക്കൊന്നു. ആഗസ്റ്റ് 16ന് കാക്കനാട്ടെ ഫ്ലാറ്റിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പ്രതി കോഴിക്കോട് സ്വദേശി അർഷാദിനെ കാസർകോട്ടുനിന്ന് പിടികൂടി. ആഗസ്റ്റ് 28ന് സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന യുവതിയുടെ സുഹൃത്തിനെ നെട്ടൂരിലെ സ്വകാര്യ ഹോട്ടലിൽ വിളിച്ചുവരുത്തി ഭർത്താവ് തലക്കടിച്ച് കൊലപ്പെടുത്തി. സെപ്റ്റംബർ 10ന് ഇൻസ്റ്റഗ്രാം പോസ്റ്റിലെ കമന്റിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ കലൂരിൽ പുലർച്ച ഒന്നിന് വെണ്ണല സ്വദേശി സജുൻ സഹീർ (28) മരണപ്പെട്ടു. ആശുപത്രിയിൽ ചികിത്സയിലായിരുന്ന കലൂർ സ്വദേശി കിരൺ ആന്റണിയുടെ (24) അറസ്റ്റ് പൊലീസ് പിന്നീട് രേഖപ്പെടുത്തി.
സെപ്റ്റംബർ 18ന് ഇരുമ്പനം ചോയ്സിനുസമീപം കത്തിക്കുത്തേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന പുത്തൻകുരിശ് വരിക്കോലി ചെമ്മനാട് ചൂരക്കുളത്തിൽ വാടകക്ക് താമസിക്കുന്ന പ്രവീൺ ഫ്രാൻസിസ് (42) 24ന് മരിച്ചു. സെപ്റ്റംബർ 24ന് കലൂരിൽ ഗാനമേളയ്ക്കിടെയുണ്ടായ വാക്കുതർക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. ഒക്ടോബർ 24ന് എളംകുളത്ത് വാടകവീട്ടിൽ നേപ്പാളി യുവതി ഭാഗീരഥി ധാമിയെ കൊലപ്പെടുത്തി പ്ലാസ്റ്റിക് കവറിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. പ്രതി റാം ബഹാദൂർ ബിസ്തി (45) നവംബർ നാലിന് നേപ്പാളിൽ പിടിയിലായി.
സഭാ തർക്കം
എറണാകുളം-അങ്കമാലി അതിരൂപതയിലെ കുർബാന തർക്കം സംഘർഷഭരിതമായത് ഈ വർഷമാണ്. ഏകീകൃത സിനഡ് കുർബാനയുടെയും ജനാഭിമുഖ കുർബാനയുടെയും പേരിൽ മാസങ്ങളായി തുടരുന്ന തർക്കവും സംഘർഷവും അതിന്റെ മൂർധന്യത്തിലെത്തി. സിറോ മലബാര്‍ സഭയില്‍ ഏകീകൃത കുര്‍ബാന നടപ്പാക്കണമെന്ന സിനഡിന്റെ തീരുമാനത്തിനെതിരെ അതിരൂപതയുടെ പ്രധാനപ്പെട്ട ദേവാലയമായ സെന്റ് മേരീസ് ബസലിക്കയില്‍ സംഘർഷം കൈയാങ്കളിയിലെത്തുകയും രണ്ടുതവണ ബസിലിക്ക പൂട്ടിയിടുകയും ചെയ്തു. പാതിര കുർബാന അടക്കം ക്രിസ്മസിന്റെ ചടങ്ങുകളൊന്നും ബസലിക്കയിൽ നടന്നില്ല. ചരിത്രത്തിൽ ആദ്യമായാണ് ബസിലിക്ക ക്രിസ്മസ് നാളിൽ അടഞ്ഞുകിടന്നത്.
നരബലി കേസ്
സാമ്പത്തിക അഭിവൃദ്ധിയും ഐശ്വര്യവും ലഭിക്കുമെന്ന് പറഞ്ഞ് രണ്ട് സ്ത്രീകളെ നരബലി നടത്തിയ ഞെട്ടിക്കുന്ന സംഭവം നടന്ന വർഷമാണ് കഴിഞ്ഞുപോയത്. എറണാകുളം ജില്ലയിൽ നിന്നുള്ള രണ്ട് സ്ത്രീകളെ പത്തനംതിട്ട ഇലന്തൂരിലെത്തിച്ചാണ് കൊലപ്പെടുത്തിയത്. മുഖ്യപ്രതി ഷാഫിയാണ് ഇവരെ ഇലന്തൂരിലെ ഭഗവൽസിങിന്റെ വീട്ടിലെത്തിച്ച് കൊലനടത്തിയത്.
തമിഴ്നാട് സ്വദേശി പത്മ, കാലടി സ്വദേശി റോസ്ലിൻ എന്നിവരാണ് കൊല്ലപ്പെട്ടത്. വ്യാജസിദ്ധനായ ഷാഫിയാണ് കേസിലെ ഒന്നാം പ്രതി. ഭഗവൽസിങ്, ഇയാളുടെ ഭാര്യ ലൈല എന്നിവർ രണ്ടും മൂന്നും പ്രതികളാണ്.
ചെറായി വഖഫ് ഭൂമി പ്രശ്നം
കോഴിക്കോട് ഫാറൂഖ് കോളജിന് അവകാശപ്പെട്ട എറണാകുളം ജില്ലയിലെ ചെറായി ബീച്ചിലെ 404.76 ഏക്കര്‍ വഖഫ് ഭൂമി റിസോർട്ട് മാഫിയ അടക്കമുള്ള കൈയേറ്റക്കാർക്ക് നിയമ വിധേയമാക്കാൻ സർക്കാർ തലത്തിൽ ഒത്താശചെയ്തത് ഒക്ടോബറിലാണ്. 1950 ല്‍ ഇടപ്പള്ളി സബ് രജിസ്ട്രാര്‍ ഓഫിസില്‍ മുഹമ്മദ് സാദിഖ് സേട്ട് ഫാറൂഖ് കോളജിന് മതപരവും, വിദ്യാഭ്യാസപരവുമായ ആവശ്യങ്ങള്‍ക്ക് വേണ്ടി വഖഫ് ചെയ്ത ചെറായി ബീച്ചിലെ അറുനൂറോളം കുടുംബങ്ങളടക്കം കയ്വശം വെച്ചിരിക്കുന്ന ഭൂമി 2008ൽ സർക്കാർ നിയോഗിച്ച വഖഫ് എൻക്വയറി കമീഷനാണ് വഖഫ് ഭൂമിയാെണന്ന് കണ്ടെത്തിയത്. കൈയേറ്റക്കാര്‍ക്ക് നികുതി അടക്കാനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്.
പുരസ്കാരങ്ങൾ ജില്ലയിലേക്ക്
എഴുത്തുകാരൻ സി.രാധാകൃഷ്ണന് കേന്ദ്ര സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വവും പ്രഫ. തോമസ് മാത്യുവിന് പുരസ്കാരവും ലഭിച്ചു. അകാലത്തിൽ വിടപറഞ്ഞ സച്ചിക്ക് അയ്യപ്പനും കോശിയും എന്ന സിനിമയിലൂടെ മികച്ച സംവിധായകനുള്ള ദേശീയപുരസ്കാരം ലഭിച്ചു. എഴുത്തച്ഛൻ പുരസ്കാരം എഴുത്തുകാരൻ സേതുവിനെ തേടിയെത്തി. പത്മമാതൃകയിൽ ഏർപ്പെടുത്തിയ സംസ്ഥാന പുരസ്കാരങ്ങളിൽ മമ്മൂട്ടിയും കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിയും ജില്ലയിൽനിന്ന് ഉൾപ്പെട്ടു. എഴുത്തുകാരനും അധ്യാപകനുമായ പ്രഫ. എം.കെ. സാനു ബാലാമണിയമ്മ പുരസ്കാരം, വൈലോപ്പിള്ളി അവാർഡ് എന്നിവക്ക് അർഹനായി. തകഴി പുരസ്കാരം, പ്രഥമ വൈഷ്ണവം പുരസ്കാരം, സാമൂഹിക നീതി വകുപ്പ് പുരസ്കാരം, മുണ്ടശ്ശേരി പുരസ്കാരം, പരീക്ഷിത് തമ്പുരാൻ പുരസ്കാരം എന്നിവ പ്രഫ. എം. ലീലാവതിക്ക് ലഭിച്ചു.
ജനുവരി 27
ആലുവയില്‍ ഗുഡ്സ് ട്രെയിൻ പാളം തെറ്റി. ആളപായമില്ല
ഫെബ്രുവരി
3 -ഭൂമി തരംമാറ്റൽ അനാസ്ഥയിൽ മനംനൊന്ത് ആത്മഹത്യ
ഭൂമി തരംമാറ്റി കൊടുക്കുന്നതിലെ റവന്യൂ വകുപ്പിന്റെ അനാസ്ഥയിൽ മനംനൊന്ത് പറവൂർ മാല്യങ്കര സ്വദേശി കെ.കെ. സജീവ് ആത്മഹത്യ ചെയ്ത സംഭവം സംസ്ഥാനത്താകെ കോളിളക്കമുണ്ടാക്കി. സജീവ് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കുറിപ്പെഴുതി െവച്ചാണ് ആത്മഹത്യ ചെയ്തത്. മൂന്നാം ദിവസം മന്ത്രി തന്നെ നേരിട്ട് വീട്ടിലെത്തി തരം മാറ്റിയ സർട്ടിഫിക്കറ്റ് നൽകുകയും ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു.
9 -കളമശ്ശേരി കിന്‍ഫ്രാ പാര്‍ക്കില്‍ ഗ്രീന്‍ ലീഫ് ഹെര്‍ബല്‍, സ്പൈസസ് കമ്പനി കെട്ടിടം കത്തിനശിച്ചു. 10 കോടി നഷ്ടം.
15 -കൊച്ചിയില്‍ ഹോട്ടല്‍ കേന്ദ്രീകരിച്ച് വന്‍ ലഹരി വില്പന സംഘത്തെ പിടികൂടി
18 -മെട്രോ തൂണിന് തകരാർ
പത്തടിപ്പാലത്തെ മെട്രോ തൂണിന് തകരാറുണ്ടെന്ന് പരിശോധന റിപ്പോര്‍ട്ട് പുറത്തുവന്നു. ആലുവക്കും പത്തടിപ്പാലത്തിനും ഇടയില്‍ 347ാം നമ്പര്‍ തൂണിന്റെ ഭാഗത്താണ് ചരിവ് വന്നത്. കെ.എം.ആര്.എല്ലിന്റെയും ഡി.എം.ആര്.സി എൻജിനീയര്‍മാരുടെയും നേതൃത്വത്തില്‍ പരിശോധന നടത്തി. ഏറെനാൾ നീണ്ട അറ്റകുറ്റപ്പണിക്ക് ശേഷമാണ് തകരാർ പരിഹരിച്ചത്.
22- കെ.പി.എ.സി ലളിത അന്തരിച്ചു
നടി കെ.പി.എ.സി ലളിത അന്തരിച്ചു. ഏറെനാളായി ചികിത്സയിലായിരുന്ന അവർ മകനും നടനുമായ സിദ്ധാർഥിന്റെ തൃപ്പൂണിത്തുറ പേട്ടയിലെ സ്കൈ ലൈൻ ഫ്ലാറ്റിൽ വെച്ച് രാത്രിയോടെയാണ് അന്തരിച്ചത്. 75 വയസ്സായിരുന്നു.
27-യുക്രെയ്ൻ രക്ഷാപ്രവർത്തനം
യുക്രെയ്ൻ-റഷ്യ യുദ്ധത്തെ തുടർന്ന് നിരവധി മലയാളി വിദ്യാർഥികൾ യുക്രെയ്നിൽ കുടുങ്ങി. അവരെ നെടുമ്പാശ്ശേരി വിമാനത്താവളം വഴി കേരളത്തിലെത്തിച്ചു. യുദ്ധക്കെടുതികളുടെ നടുക്കുന്ന കഥകളായിരുന്നു അവർക്ക് പറയാനുണ്ടായിരുന്നത്.
മാർച്ച്
1- സി.പി.എം സംസ്ഥാന സമ്മേളനം
സി.പി.എം 23ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായ സംസ്ഥാന സമ്മേളനത്തിന് എറണാകുളമാണ് ആധിപത്യം വഹിച്ചത്. 37 വർഷത്തിനുശേഷമായിരുന്നു കൊച്ചിയിൽ സമ്മേളനമെത്തിയത്. മാർച്ച് ഒന്നുമുതൽ നാലുവരെ മറൈൻഡ്രൈവിലായിരുന്നു സമ്മേളനം.
18- മണ്ണിടിഞ്ഞ് നാല് അന്തർസംസ്ഥാന തൊഴിലാളികൾ മരിച്ചു
കളമശ്ശേരി കിൻഫ്ര ഹൈടെക് പാർക്കിലെ ഇലക്ട്രോണിക് സിറ്റിയിൽ മണ്ണിടിഞ്ഞ് നാല് അന്തർസംസ്ഥാന തൊഴിലാളികൾ മരണപ്പെട്ടു.
24-മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ രാജ്യസഭാംഗമായി. ആലുവ നഗരസഭ ഉപാധ്യക്ഷയായരുന്നു.
ഏപ്രിൽ
23- ജോണ്‍പോള്‍ അന്തരിച്ചു
തിരക്കഥാകൃത്തും എഴുത്തുകാരനുമായ ജോണ്‍പോള്‍ അന്തരിച്ചു. 72 വയസ്സായിരുന്നു. വർഷങ്ങളായി സിനിമയുടെ തിരക്കിൽനിന്ന് വിട്ടുനിന്ന ജോൺപോളിന്റെ അന്ത്യം ആശുപത്രിയിൽവെച്ചായിരുന്നു.
മേയ്
1-വിജയ് ബാബു പുറത്ത്
പീഡന പരാതിയെ തുടര്‍ന്ന് നടന് വിജയ് ബാബുവിനെ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’ എക്സിക്യൂട്ടീവിൽനിന്ന് ഒഴിവാക്കി. ജൂണ്‍ 27ന് യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ വിജയ് ബാബു അറസ്റ്റിലായി.
12-മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന പ്രഫ. കെ.വി. തോമസിനെ പാര്‍ട്ടി അച്ചടക്കത്തിന്റെ പേരില്‍ കോണ്‍ഗ്രസ് അംഗത്വത്തില്‍നിന്ന് പുറത്താക്കി. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാർഥിയുടെ പ്രചാരണ യോഗത്തില്‍ പങ്കെടുത്ത് കോണ്‍ഗ്രസിനെതിരെ വിമര്‍ശനം ഉന്നയിച്ചതിനായിരുന്നു നടപടി.
ജൂൺ
3- തൃക്കാക്കരയിൽ ഉമ വിജയം
പി.ടി. തോമസ് എം.എൽ.എയുടെ വിയോഗത്തെ തുടർന്ന് നടന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ 25,016 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷത്തില്‍ ഉമ തോമസ് വിജയിച്ചു. 2021ൽ പി.ടി. തോമസ് നേടിയ 14,329 വോട്ടിന്റെ ഭൂരിപക്ഷവും അതിന് മുമ്പ് ബെന്നി ബെഹനാൻ നേടിയ 22,406 വോട്ടിന്റെ ഭൂരിപക്ഷവും മറികടന്നാണ് ഉമയുടെ മിന്നും പ്രകടനം.
21-ജസ്റ്റിസ് കെ.കെ. ദിനേശൻ സ്വാശ്രയ പ്രവേശന മേൽനോട്ട നിയന്ത്രണ സമിതി ചെയർമാൻ
22-മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാർക്കുള്ള കമീഷൻ അധ്യക്ഷൻ സി.എൻ രാമചന്ദ്രൻ
ജൂലൈ
11- യുവാവ് സ്വയം കഴുത്തറുത്ത് ജീവനൊടുക്കി
അങ്കമാലിയില്‍ വന്‍ സ്പിരിറ്റ് വേട്ട; 2,345 ലിറ്റര്‍ സ്പിരിറ്റും 954 ലിറ്റര്‍ മദ്യവുമായി ദമ്പതികള്‍ അറസ്റ്റില്‍
16-നഗരമധ്യത്തില്‍ ദേശാഭിമാനി ജങ്ഷനില്‍ തോപ്പുംപടി സ്വദേശിയായ യുവാവ് സ്വയം കഴുത്തറുത്ത് ജീവനൊടുക്കി
ആഗസ്റ്റ്
7-എൽദോസ് പോളിന് ട്രിപ്പിൾ ജംപിൽ സ്വർണം
കോമണ്‍വെല്‍ത്ത് ഗെയിംസ് ട്രിപ്പിള്‍ ജംപില്‍ കോലഞ്ചേരി സ്വദേശി എല്‍ദോസ് പോള്‍ സ്വര്‍ണം നേടി. വ്യക്തിഗത ഇനത്തില്‍ സ്വര്‍ണം നേടുന്ന ആദ്യ മലയാളി താരം കൂടിയായി. കോമണ്‍വെല്‍ത്ത് ചരിത്രത്തില്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ ഇന്ത്യയുടെ ആറാമത്തെ മാത്രം സ്വര്‍ണമാണ്. ഒറ്റച്ചാട്ടത്തിന് പതിനൊന്നാം സ്ഥാനത്തുനിന്ന് ഒന്നാം സ്ഥാനത്തേക്കെത്തി എല്‍ദോസ്.
20-മരണക്കുഴികൾ
ആലുവ-മൂന്നാർ റോഡിലെ മരണക്കുഴികൾ സ്കൂട്ടർ യാത്രികന്റെ ജീവനെടുത്തു. കുഴിയിൽ വീണ് പരിക്കേറ്റ് ചികിത്സയിലിരുന്ന മാറമ്പിള്ളി കുന്നത്തുകര കറുംകുളം വീട്ടിൽ കുഞ്ഞുമുഹമ്മദാണ് (70) മരിച്ചത്. ചാലക്കൽ പതിയാട്ട് ഭാഗത്താണ് അപകടമുണ്ടായത്. അപകടത്തെ തുടർന്ന് അബോധാവസ്ഥയിലായിരുന്ന കുഞ്ഞുമുഹമ്മദ് സെപ്റ്റംബർ 15ന് വൈകീട്ട് നാലുമണിയോടെ ആലുവ നജാത്ത് ആശുപത്രിയിൽ െവച്ചാണ് മരിച്ചത്.
30-നഗരത്തിൽ വെള്ളപ്പൊക്കം
തോരാതെ പെയ്ത മഴയിൽ കൊച്ചി നഗരത്തില്‍ പലയിടത്തും വെള്ളം കയറി. എം.ജി റോഡ്, കലൂർ, പനമ്പിള്ളി നഗർ, തമ്മനം ഭാഗങ്ങളിലെ പ്രധാന റോഡുകളിലും ഇടറോഡുകളിലും വെള്ളം കയറി. വൈറ്റില, ഇടപ്പള്ളി, പാലാരിവട്ടം, കൊച്ചി - മധുര ദേശീയപാതയിലെ വരിക്കോലിയിലും ഗതാഗതം തടസ്സപ്പെട്ടു.
സെപ്റ്റംബർ
1-എസ്.എൻ ജങ്ഷനിലേക്ക് മെട്രോ
കൊച്ചി മെട്രോയുടെ പേട്ട-എസ്.എന്‍ ജങ്ഷന് പാത പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു. കാക്കനാട് ഇന്‍ഫോപാര്‍ക്ക് വരെ നീളുന്ന മെട്രോ രണ്ടാം ഘട്ടത്തിന്റെ നിര്‍മാണോദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു. ഇതോടെ മെട്രോ സർവിസ് തൃപ്പൂണിത്തുറയിലേക്ക് അടുക്കുകയാണ്. അതേസമയം ജലമെട്രോ ഉദ്ഘാടനം അനന്തമായി നീളുകയാണ്.
2-ഐ.എൻ.എസ് വിക്രാന്ത് രാജ്യത്തിന് സമർപ്പിച്ചു
ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യ വിമാനവാഹിനി കപ്പൽ ഐ. എൻ. എസ് വിക്രാന്ത് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു.‘മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി രാജ്യത്തെ ഏറ്റവും വലിയ കപ്പലായ വിക്രാന്ത് തദ്ദേശീയമായി നിര്‍മിച്ച് പൂര്‍ത്തിയാക്കിയത് കൊച്ചി കപ്പല്‍ ശാലയാണ്.
21-രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ജില്ലയിൽ പ്രവേശിച്ചു.
ഒക്ടോബർ
5-പി.ആർ. ശ്രീജേഷിന് അംഗീകാരം
ഇന്ത്യയുടെ മലയാളി ഗോൾകീപ്പർ കിഴക്കമ്പലം സ്വദേശി പി.ആർ. ശ്രീജേഷിന് അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ (എഫ്.ഐ.എച്ച്) ഗോൾ കീപ്പർ ഓഫ് ദ ഇയർ പുരസ്കാരം. തുടർച്ചയായ രണ്ടാം തവണയാണ് ഈ ബഹുമതി ലഭിച്ചത്. എഫ്.ഐ.എച്ച് പ്രോ ലീഗിൽ മൂന്നാം സ്ഥാനക്കാരായിരുന്ന ഇന്ത്യക്ക് വേണ്ടി ലീഗിൽ 16 മത്സരങ്ങൾ കളിച്ച ശ്രീജേഷ്, കോമൺവെൽത്ത് ഗെയിംസിൽ ടീമിന് വെള്ളിമെഡൽ നേടിക്കൊടുക്കുന്നതിലും നിർണായക പങ്കുവഹിച്ചിരുന്നു.
6-കണ്ണീർ യാത്രയായി വിനോദ യാത്ര
സ്കൂൾ വിനോദയാത്രാ സംഘത്തിന്റെ ബസ് കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റിന് പിന്നിലിടിച്ച് അഞ്ച് വിദ്യാർഥികളടക്കം ഒമ്പത് പേർ മരിച്ചു. എറണാകുളം മുളന്തുരുത്തി വെട്ടിക്കൽ മാർ ബസേലിയസ് വിദ്യാനികേതൻ സ്കൂളിൽനിന്ന് ഊട്ടിയിലേക്ക് 42 വിദ്യാർഥികളും അഞ്ച് അധ്യാപകരുമായി പോയ ടൂറിസ്റ്റ് ബസ് കെ.എസ്.ആർ.ടി.സി ബസിലിടിച്ച് ചതുപ്പിലേക്ക് മറിയുകയായിരുന്നു.
7-ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2022-2023 സീസണിന് ഒക്ടോബര്‍ ഏഴിന് കൊച്ചിയിൽ കൊടിയുയർന്നു. ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെ നേരിട്ടു.
11-സുഹൃത്തായ അധ്യാപികയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പെരുമ്പാവൂര്‍ എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. അധ്യാപികയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത് ദേശീയ പാത 66 നിർമാണം തുടങ്ങി
25-ദേശീയ പാത 66 നിർമാണം തുടങ്ങി കഴിഞ്ഞ മൂന്നര പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമം കുറിച്ച് ദേശീയപാത 66 െന്റ നിർമാണങ്ങൾ ആരംഭിച്ചു. ഒക്ടോ. 25 നാണ് ഔപചാരികമായ ചടങ്ങുകൾ ഇല്ലാതെ ഇടപ്പള്ളി മുതൽ മൂത്തക്കുന്നം വരെയുള്ള ആറുവരി പാതക്ക് തുടക്കം കുറിച്ചത്.
നവംബർ
17- നഗരത്തെ ഞെട്ടിച്ച് പീഡനം
ഓടുന്ന കാറിനകത്ത് മോഡലിനെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ നാലുപേര്‍ അറസ്റ്റിലായി. സംഭവത്തിൽ കൊടുങ്ങല്ലൂർ സ്വദേശികളായ നിധിൻ, വിവേക്, സുധീൻ, രാജസ്ഥാൻ സ്വദേശിനി ഡിമ്പിൾ ലാമ്പ എന്നിവരാണ് പിടിയിലായത്. ബാറിൽ കുഴഞ്ഞുവീണപ്പോൾ സഹായിക്കാനെന്ന വ്യാജേന എത്തിയവരാണ് യുവ മോഡലിനെ ബലാത്സംഗം ചെയ്തത്.
18-കുട്ടി ഓടയിൽ വീണു
പനമ്പിള്ളിനഗറിൽ തുറന്നുകിടക്കുന്ന അഴുക്ക് ചാലിൽ വീണ് മൂന്നുവയസ്സുകാരന് പരിക്കേറ്റു. അമ്മയുടെ അവസരോചിത ഇടപെടലിലൂടെ കുട്ടിയെ അത്ഭുതകരമായി രക്ഷപ്പെടുത്തി.
ഡിസംബർ
12-കൊച്ചി ബിനാലെ ആരംഭിച്ചു
കൊച്ചി മുസ്രിസ് ബിനാലെയുടെ അഞ്ചാം പതിപ്പിന് തുടക്കം. 2023 ഏപ്രിൽ 10വരെ നീളുന്ന ബിനാലെയിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള 90 കലാകാരന്മാരാണ് അണിനിരക്കുന്നത്. 2012ൽ ആരംഭിച്ച കൊച്ചി ബിനാലെയുടെ ദശവാർഷികമാണിത്. ഫോർട്ട്കൊച്ചിയിലും മട്ടാഞ്ചേരിയിലുമായി പതിനഞ്ചോളം വേദികളിലാണ് ബിനാലെ നടക്കുക. ആസ്പിൻവാൾ ഹൗസ് ആണ് പ്രധാന വേദി.
23-ഐ.പി.എൽ ലേലം
2023 സീസണിലേക്കുള്ള ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ) ലേലം കൊച്ചിയിൽ നടന്നു. ചരിത്രത്തിലെ ഏറ്റവും വലിയ ലേലത്തുകയായ 18.50 കോടി രൂപക്ക് ഇംഗ്ലണ്ടിന്റെ ഓൾറൗണ്ടർ സാം കറനെ പഞ്ചാബ് കിങ്സ് സ്വന്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.