മൂവാറ്റുപുഴ: നഗരസഭ 12ാം വാർഡിലെ കുന്നപ്പിള്ളിമലയിൽ ആറു ദിവസമായി ഒരുതുള്ളി വെള്ളംപോലും പൈപ്പിലൂടെ എത്തിയിട്ടില്ല. മൂവാറ്റുപുഴ-തേനി ഹൈവേ നിർമാണ ഭാഗമായി റേഷൻകടപടിക്ക് സമീപം പൈപ്പുകൾ പൊട്ടിയതാണ് കുടിവെള്ള വിതരണം അവതാളത്തിലാകാൻ കാരണം.
വർഷങ്ങളായി അനുഭവിക്കുന്ന പ്രശ്നത്തിന് പരിഹാരമായി കുന്നപ്പിള്ളി മലയിലേക്കുള്ള പൈപ്പ് ലൈനുകൾ രണ്ടു മാസം മുമ്പ് മാറ്റിയിരുന്നു. എം.പി ഫണ്ടിൽനിന്ന് ഡീൻ കുര്യാക്കോസ് അനുവദിച്ച 15 ലക്ഷം രൂപ ഉപയോഗിച്ചാണ് പൈപ്പുകൾ മാറ്റിയത്. ഇതോടെ പ്രശ്നം ഒരുവിധം പരിഹരിക്കപ്പെട്ടു വരുന്നതിനിടയിലാണ് റോഡ് നിർമാണ ഭാഗമായി പൈപ്പുകൾ പൊട്ടിയത്.
ആറു ദിവസത്തിനിടെ മൂന്നുതവണ നന്നാക്കിയെങ്കിലും പൈപ്പ് പൊട്ടൽ തുടർക്കഥയാകുകയാണ്. റോഡ് നിർമാണം കിഴക്കേക്കര മേഖലയിൽ തുടങ്ങിയപ്പോൾ തന്നെ ഇതാണ് സ്ഥിതി. ഈ സാഹചര്യത്തിൽ കുടിവെള്ളക്ഷാമം പരിഹരിക്കാൻ അടിയന്തരമായി ലോറിയിൽ കുടിവെള്ളം എത്തിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
കിണറുകൾ ഒന്നും ഇല്ലാത്ത ഈ മേഖലയിൽ പൈപ്പ് വെള്ളം മാത്രമാണ് ആശ്രയം. മുമ്പ് കുടിവെള്ളക്ഷാമം പരിഹരിക്കാൻ നഗരസഭ പ്രത്യേകം പദ്ധതി തയാറാക്കിയിരുന്നു. പുഴയിലെ വെള്ളം അടിച്ച് ടാങ്കിലൂടെ വീടുകളിൽ എത്തിച്ചത് അത്യാവശ്യകാര്യങ്ങൾക്ക് ഉപകരിച്ചു. എന്നാൽ, വൈദ്യുതിചാർജ് അടക്കാത്തതിനാൽ പദ്ധതി ഇല്ലാതായി. തുടർന്ന് പൈപ്പുവെള്ളം മാത്രമായി ഇവിടത്തുകാരുടെ ആശ്രയം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.