പറവൂർ തട്ടുകടവ് പുഴയിൽ തിരച്ചിൽ നടത്തുന്ന
അഗ്നിരക്ഷാസേന വിഭാഗം
പറവൂർ: വേനലവധി ആഘോഷിക്കാനെത്തിയ സഹോദരങ്ങളുടെ മക്കളായ മൂന്നുപേർ പുഴയിൽ കുളിക്കുന്നതിനിടെ മുങ്ങി മരിച്ചത് നാടിനെ സങ്കടക്കടലാക്കി.ചെറിയ പല്ലംതുരുത്ത് ഈരേപ്പാടത്ത് മരോട്ടിക്കൽ വീട്ടിൽ ബിജു-കവിത ദമ്പതികളുടെ മകൾ ശ്രീവേദ, കവിതയുടെ സഹോദരങ്ങളായ വിനുവിന്റെ മകൻ അഭിനവ്, വിനിതയുടെ മകൻ ശ്രീരാഗ് എന്നിവരുടെ വേർപാടാണ് നാടിനെ കണ്ണീരിലാഴ്ത്തിയത്.
സ്കൂൾ അവധിക്കാലമായതിനാൽ കവിതയുടെ വീട്ടിൽ വിരുന്നിന് എത്തിയതാണ്. കവിതയുടെ വീടിന് കുറച്ചകലെയുള്ള തട്ടുകടവ് പുഴയിൽ കുട്ടികൾ കുളിക്കാൻ പോയ വിവരം വീട്ടുകാർ അറിഞ്ഞിരുന്നില്ല. ശനിയാഴ്ച ഉച്ചയോടെ അഭിനവ് ഒറ്റക്ക് പുഴയിലെത്തി കുളിച്ചു. ഈ സമയം പുഴയിൽ ജലനിരപ്പ് കുറവായിരുന്നു. കുളി കഴിഞ്ഞ് തിരിച്ച് വീട്ടിലെത്തിയ അഭിനവ് മറ്റ് രണ്ടുപേരെയും കൂട്ടി വീണ്ടും തട്ടുകടവ് പാലത്തിന് താഴെയുള്ള കടവിൽ കുളിക്കാനെത്തി. ശ്രീവേദയുടെ സൈക്കിളിൽ അഭിനവും ശ്രീരാഗും ഇട്ടിരുന്ന വസ്ത്രങ്ങൾ െവച്ചിട്ടുണ്ട്. ചെരിപ്പുകളും സൈക്കിളിന് അരികിലുണ്ട്.
പുഴയരികിൽ സൈക്കിളും ചെരിപ്പും വസ്ത്രങ്ങളും അനാഥമായി ഇരിക്കുന്നത് പ്രദേശവാസികൾക്ക് സംശയം ജനിപ്പിച്ചു. ഈ സമയം കുട്ടികളെ അന്വേഷിച്ച് കവിതയും ബന്ധുക്കളും സ്ഥലത്തെത്തി. അതോടെ കുട്ടികളെ കാണാതായ വിവരമറിഞ്ഞ് കടവിലേക്ക് ആളുകൾ ഇരമ്പിയെത്തി.
പറവൂരിലെ ഫയർ ആൻഡ് റെസ്ക്യൂ ടീമും പൊലീസും ജനപ്രതിനിധികളും വെടിമറയിലെ മുങ്ങൽ വിദഗ്ധരും നിമിഷനേരംകൊണ്ട് എത്തി. കാണാതായ കുട്ടികൾക്കുവേണ്ടി തിരച്ചിൽ പുഴയുടെ അടിത്തട്ടുവരെ നീണ്ടു. നാലാൾ താഴ്ചയോളം ആഴമുള്ളതും ചളിയും നിറഞ്ഞതാണ് പുഴ.
സംഭവമറിഞ്ഞ് പുഴയുടെ ഇരുകരയിലും പാലത്തിലും പ്രദേശവാസികൾ നിറഞ്ഞു. ആഴമേറിയ പുഴയിൽ രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ വൈകുന്നേരം 7.30ഓടെ 10 വയസ്സുള്ള ശ്രീവേദയുടെയും 10 മണിയോടെ അഭിനവിന്റെയും പത്തരയോടെ ശ്രീരാഗിന്റെയും മൃതദേഹങ്ങൾ കിട്ടിയതോടെ ഇരുകരയും ദുഃഖക്കടലായി.
കലക്ടർ എൻ.എസ്.കെ. ഉമേഷ്, മുൻ മന്ത്രി എസ്. ശർമ, നഗരസഭ ചെയർപേഴ്സൻ വി.എ. പ്രഭാവതി, വൈസ് ചെയർമാൻ എം.ജെ. രാജു, ജില്ല പഞ്ചായത്ത് അംഗം എ.എസ്. അനിൽ കുമാർ, മുൻ ചെയർമാൻ രമേഷ് ഡി. കുറുപ്പ്, റവന്യൂ ഉദ്യോഗസ്ഥർ എന്നിവരും സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.