കാക്കനാട് : ഒറ്റപ്പെടലിന്റെയും പരസഹായമില്ലാത്തതിന്റെയും വേദനയിൽ ജീവിതത്തെ നോക്കി പകച്ചു നിന്ന തങ്കമ്മക്കും ഭർത്താവ് ഹർഷകുമാറിനും നന്മയുടെ വിളക്കായി കോതമംഗലത്തെ പീസ് വാലി ഫൗണ്ടേഷൻ. കാക്കനാട് തുതിയൂർ സ്വദേശികളായ ദമ്പതികൾ ഇനി മുതൽ ഫൗണ്ടേഷന് കീഴിലെ സാമൂഹിക മാനസിക പുനരധിവാസ കേന്ദ്രത്തിലാണ് താമസിക്കുക. തുതിയൂരിൽ സെസിന് സമീപത്തായിരുന്നു കാൻസർ ബാധിതയായ 64കാരി തങ്കമ്മയും നട്ടെല്ലിന് പരിക്കേറ്റ് കിടപ്പു രോഗിയായ 74കാരനായ ഹർഷകുമാറും താമസിച്ചിരുന്നത്. നോക്കാൻ ആരുമില്ലാതെ കഴിഞ്ഞിരുന്ന ഇവർ പരസഹായമില്ലാതെ ബുദ്ധിമുട്ടുന്ന അവസ്ഥയിലായിരുന്നു. പലപ്പോഴും മലമൂത്ര വിസർജ്യത്തിൽ തന്നെ കിടക്കേണ്ട സ്ഥിതിയുമായി. അയൽക്കാരുടെ കാരുണ്യത്തിലായിരുന്നു ഭക്ഷണം പോലും.
തൃക്കാക്കരയിലെ പാലിയേറ്റിവ് കെയർ വളന്റിയർമാർ വിവരമറിയിച്ചതിനെ തുടർന്നായിരുന്നു പീസ് വാലി അധികൃതർ തുതിയൂരിലെ വീട്ടിലെത്തി ഇരുവരെയും ഏറ്റെടുക്കാൻ തീരുമാനിച്ചത്.
എറണാകുളം എ.ഡി.എം എസ്.ഷാജഹാന്റെ സാന്നിധ്യത്തിലായിരുന്നു ദമ്പതികളെ കൊണ്ടുപോയത്. തൃക്കാക്കര നഗരസഭ കൗൺസിലർ എം.കെ. ചന്ദ്രബാബു, പീസ് വാലി ഭാരവാഹികളായ പി.എ. അജ്നാസ്, പി.എം. അഷ്റഫ്, ഷെഫിൻ നാസർ, അബ്ദുൽ നസീർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.