സി​ൽ​വ​ർ ലൈ​ൻ പ​ദ്ധ​തി വി​ജ്ഞാ​പ​നം റ​ദ്ദാ​ക്കി​യ​തി​നെ​ത്തു​ട​ർ​ന്ന്​ കു​ട്ട​മ​ശേ​രി​യി​ൽ നാ​ട്ടു​കാ​ർ സ​ർ​വേ ക​ല്ല് ഉ​യ​ർ​ത്തി മാ​റ്റി വി​ജ​യാ​ഹ്ലാ​ദം പ​ങ്കി​ടു​ന്നു

കൊച്ചി: ഇടതുസർക്കാർ സ്വപ്ന പദ്ധതിയായി കൊണ്ടുവന്ന സിൽവർ ലൈൻ കെ-റെയിൽ പദ്ധതി പൂർണമായും റദ്ദാക്കാനും ഇതുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കൽ നടപടി റദ്ദാക്കി സർവേ കല്ലുകൾ പിഴുതെറിയാനും സമരക്കാർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കാനും മുഖ്യമന്ത്രി വി.ഡി. സതീശൻ രണ്ടാം മന്ത്രിസഭാ യോഗത്തിൽ തന്നെ നടപടിയെടുത്തപ്പോൾ ഏറ്റവും കൂടുതൽ ആഹ്ലാദിക്കുന്നത് ഒരുപക്ഷേ, എറണാകുളത്തുകാരായിരിക്കും. കാക്കനാട് നിന്ന് 200 കി.മീ. സ്പീഡിൽ ഒന്നര മണിക്കൂർ കൊണ്ട് തിരുവനന്തപുരത്തെത്താൻ പദ്ധതിയിട്ട കെ-റെയിൽ പദ്ധതി കേരളത്തിലെ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള ജില്ലയിൽ പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടി വ്യത്യസ്ത സംഘടനകൾ രംഗത്തുവന്നപ്പോൾ, സ്വന്തം വീടും കിടപ്പാടവും വരുമാനവും നഷ്ടപ്പെടുന്ന വീട്ടമ്മമാരടക്കം അണിചേരുകയായിരുന്നു.

കൊച്ചി മെട്രോ, വാട്ടർ മെട്രോകൾ ബന്ധിപ്പിക്കാൻ തയാറാക്കിയ പദ്ധതിയിരുന്നു സിൽവർലൈൻ. ഉന്നതരെ മാത്രം ലക്ഷ്യമിട്ടുള്ള, സാധാരണക്കാർക്ക് അപ്രാപ്യമായ പദ്ധതി യാഥാർഥ്യമായാൽ വഴിയാധാരമാകുന്നത് ആയിരക്കണക്കിന് സാധാരണക്കാരായിരുന്നു. എക്സ്പ്രസ് ഹൈവേ പദ്ധതി പോലെ 90 ലക്ഷം ലോഡ് മണ്ണും 80 ലക്ഷം ലോഡ് കല്ലുമടക്കം പശ്ചിമഘട്ടത്തിൽ നിന്ന് ചൂഷണം ചെയ്ത് നടപ്പാക്കാനുദ്ദേശിച്ച പദ്ധതിക്കെതിരെ പ്രതികരിച്ച പരിസ്ഥിതി പ്രവർത്തകരാണ് സംസ്ഥാന തലത്തിൽ സമിതിയുണ്ടാക്കി സമരമാരംഭിച്ചത്.

നാല് നഗരസഭകളും നാല് പഞ്ചായത്തുകളും ആഹ്ലാദത്തിൽ

നാല് നഗരസഭകളും നാല് പഞ്ചായത്തുകളും കടന്നുപോകുന്ന പാതയുടെ കിഴക്കേകവാടം മൂവാറ്റുപുഴ താലൂക്കും വടക്ക് അങ്കമാലിയുമാണ്. കാക്കനാട് ഇൻഫോപാർക്കും അങ്കമാലി നെടുമ്പാശ്ശേരിയുമായിരുന്നു സ്റ്റേഷനുകൾ ഉദ്ദേശിച്ചിരുന്നത്. പിന്നീട് സ്ഥല സൗകര്യത്തിന്‍റെ പേരിൽ നെടുമ്പാശ്ശേരി ഒഴിവാക്കാനും തീരുമാനിച്ചിരുന്നു. തെക്കൻ പ്രദേശമായ വേമ്പനാട് കായൽ പ്രദേശം മുതൽ തെക്ക് പെരിയാർ തീരമടക്കം കെ-റെയിൽ പദ്ധതി പ്രദേശങ്ങളാണ്.

ആലുവ താലൂക്കിൽ ആലുവ ഈസ്റ്റ്, അങ്കമാലി, ചെങ്ങമനാട്, ചൊവ്വര, കീഴ്മാട്, നെടുമ്പാശ്ശേരി, പാറക്കടവ്, കാക്കനാട്, കണയന്നൂർ താലൂക്കിൽ കുരീക്കാട്, തിരുവാങ്കുളം, കുന്നത്തുനാട് താലൂക്കിൽ കിഴക്കമ്പലം, കുന്നത്തുനാട്, പുത്തൻകുരിശ്, തിരുവാണിയൂർ, മൂവാറ്റുപുഴ താലൂക്കിൽ മണീട്, പിറവം പഞ്ചായത്ത് പ്രദേശങ്ങളിലൂടെയാണ് സിൽവർലൈൻ പദ്ധതി കടന്നുപാകുന്നത്. പദ്ധതിയിൽ 67 ശതമാനവും പഞ്ചായത്ത് മേഖലയിലാണ്. പദ്ധതി പൂർണമായും ഒഴിവാക്കിയതോടെ സമര രംഗത്തുണ്ടായിരുന്നവർ ആഹ്ലാദത്തിലാണ്. പിണറായി സർക്കാർ സമരം രാഷ്ട്രീയവത്കരിക്കാൻ നോക്കിയിട്ടും നാട്ടുകാർ ഒന്നടങ്കം അണിനിരന്ന പ്രക്ഷോഭം ശക്തമാവുകയായിരുന്നു. വനിതകളാണ് കൂടുതലും സമരരംഗത്തുണ്ടായിരുന്നത്.

അറുതിയായത് സ്ഥലം കൊടുത്തവരുടെ ദുരിതം

സീപോർട്ട്-എയർപോർട്ട് റോഡിന് സ്ഥലം കൊടുത്തവർ തന്നെ വീണ്ടും വിട്ടുകൊടുക്കേണ്ടിവന്ന ദുരവസ്ഥക്ക് കൂടിയാണ് പരിഹാരമായത്. കീഴ്മാട് പഞ്ചായത്ത് 5, 6, 8 വാർഡുകളിലായി ഒട്ടേറെപ്പേരെയാണ് പദ്ധതി മുഖേന വഴിയാധാരാമാക്കുന്നത്. കായലും പുഴയുമടക്കം ഒട്ടനവധി ജലസ്രോതസ്സുകൾക്ക് പദ്ധതി ഭീഷണിയായിരുന്നു. സീപോർട്ട് റോഡിന്‍റെ സ്ഥലമെടുപ്പിന്‍റെ നഷ്ടപരിഹാരം വരെ അവർക്ക് കൊടുത്തിരുന്നില്ല. കിടപ്പാടവും ജീവിതോപാധികളും നഷ്ടപ്പെടുന്ന പദ്ധതി പൂർണമായും ഒഴിവാക്കിയതോടെ ആശ്വാസത്തിലാണ് ജില്ലയിലെ ജനങ്ങൾ.

പ്രതിഷേധത്തിൽ നിറഞ്ഞ് എറണാകുളം ജില്ല

ജനവികാരവും പ്രതിഷേധവും കൂടുതൽ നടന്നതും എറണാകുളമായിരിക്കും. ശബരി റെയിൽപാത പാതിവഴിയിൽ നിൽക്കുമ്പോൾ അതിൽ താൽപര്യം കാണിക്കാതെ മുന്നോട്ടുപോയി പുതിയ പദ്ധതികൾ പ്രഖ്യാപിക്കുമ്പോൾ അതിന്‍റെ കള്ളത്തരങ്ങൾ കൂടിയാണ് ജനകീയ സമരത്തിലൂടെ തുറന്നുകാട്ടിയതും അവസാനം കേന്ദ്ര സർക്കാർ ഇടപെടലോടെ പിണറായി സർക്കാറിന് മുട്ടുമടക്കേണ്ടിവന്നതും.

10 മുതൽ 20 വരെ മീറ്റർ വീതിയിൽ പദ്ധതി നടപ്പാക്കാൻ അന്തിമ തീരുമാനമെടുത്തപ്പോഴും പ്രദേശവാസികൾ അയഞ്ഞിരുന്നില്ല. സമരരംഗത്ത് സജീവമായി രംഗത്തുണ്ടായിരുന്ന മാരിയ അബു, ഫാത്തിമ അബ്ബാസ് എന്നിവർക്കെതിരെ അടക്കം നിരവധി കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഒമ്പത് കേസുകളിൽ വരെ പലരും പ്രതിയാണ്. ചെങ്ങന്നൂരിലടക്കം പലരെയും ജയിലിലടച്ചു. പ്രതിഷേധത്തെത്തുടർന്ന് ഫാത്വിമ, മാരിയ അബു അടക്കമുള്ള ഇരകളെ കേസിൽ നിന്ന് പിന്നീട് ഒഴിവാക്കുകയായിരുന്നു.

പ്രതിരോധം തീർത്തത് വൈറോപ്സ് കവല

കെ-റെയിലിനെതിരെ ശക്തമായ പ്രതിരോധം തീർത്തത് പുക്കാട്ടുപടി വൈറോപ്സ് ബൈപാസ് കവലയിലായിരുന്നു. ആലുവ മേഖലയിൽ കീഴ്മാട്, എടത്തല പഞ്ചായത്തുകളിലാണ് കെ-റെയിലിന് കുറ്റിയിട്ടിരുന്നത്. ഇതിനെതിരെ പല ഭാഗത്തും ശക്തമായ സമരങ്ങളാണ് അരങ്ങേറിയത്. ഇതിൽ വളരെ പ്രധാന പ്രതിരോധം നടന്നത് എടത്തല പഞ്ചായത്തിലെ പൂക്കാട്ടുപടി വൈറോപ്സ് പ്രദേശത്താണ്. 2022 മാർച്ച് 10ന് പ്രതിഷേധം ശക്തമായതിനാൽ കല്ലിടാനാകാതെ സർവേ സംഘം മടങ്ങിയിരുന്നു. 11ന് രാവിലെ 10.30ന് വലിയ സന്നാഹവുമായാണ് ഉദ്യോഗസ്ഥരെത്തിയത്. സ്ത്രീകളടക്കമുള്ളവർ ശക്തമായി തടഞ്ഞു.

പ്രതിഷേധത്തിന്‍റെ മുൻനിരയിലുണ്ടായിരുന്ന പലരെയും അറസ്‌റ്റ് ചെയ്ത് എടത്തല പൊലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. തുടർന്നാണ് കല്ലിടാനായത്. തുടർന്ന് സമീപത്തെ സ്‌കൂളിന്റെ പടിഞ്ഞാറുഭാഗത്തുള്ള പുരയിടങ്ങളിലും എടത്തല പോസ്‌റ്റ് ഓഫിസ് പരിസരത്തും കല്ലിട്ടു.

ഉച്ചയോടെ എടത്തലയിലെ കല്ലിടൽ പൂർത്തിയാക്കി കിഴക്കമ്പലം പഞ്ചായത്തിലേക്ക് കടക്കുകയായിരുന്നു. രാജൻ നെടുക്കുടി, കുഞ്ഞുമോൻ അലിയാർ പാറേക്കാട്ടിൽ, ദാക്ഷായണി കുഞ്ഞമ്മ, ഉണ്ണി കർത്ത, സജി കുമാർ, പത്മജ സജികുമാർ എന്നിവരുടെ പുരയിടങ്ങളിലാണ് സർവേ കല്ലുകൾ സ്ഥാപിച്ചത്‌. എം.കെ. സിദ്ദീഖ്, എം.എം. അബ്‌ദുൽ സലാം, പി.ഐ. സെയ്‌ത്‌മുഹമ്മദ്, ഷറഫുദ്ദീൻ, അലിയാർ പാറേക്കാട്ടിൽ, ഇസ്മായിൽ നെല്ലിക്കാത്തുഴി എന്നിവരെയാണ് അറസ്‌റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.

ഒമ്പതിടത്ത് ശക്തമായ സമരം

ജില്ലയിൽ ഒമ്പതിടത്താണ് ശക്തമായ സമരം നടന്നത്. ലൈൻ കടന്നുപോകുന്ന പ്രദേശങ്ങളായ അങ്കമാലി ഇളവൂർ, പുളിയനം, പാറക്കടവ്, ചെമ്പന്നൂർ, എയർപോർട്ട്, ചൊവ്വര, കുട്ടമശ്ശേരി സ്കൂൾ, കീഴ്മാട്, നാലാംമൈൽ ശാന്തിഗിരി, പുക്കാട്ടുപടി, തഖ്ദീസ്, കിഴക്കമ്പലം, പഴങ്ങനാട്, കടമ്പ്രയാർ കടന്ന് തൃപ്പൂണിത്തുറ പൂമല ഭാഗം പിറവം മണ്ഡലത്തിലൂടെ കോട്ടയം ജില്ലയിലെത്തുന്ന പദ്ധതിയിലൂടെ ആയിരക്കണക്കിന് ഏക്കർ പ്രദേശമാണ് ഏറ്റെടുക്കാൻ തീരുമാനിച്ചിരുന്നത്. കടമ്പ്രയാർ കടന്നുപോകുന്ന പാടശേഖരം മുഴുവൻ പദ്ധതി വഴി നികത്തിയെടുക്കാനായിരുന്നു തീരുമാനം.

ചെയർമാൻ എം.വി. ബാബു രാജ്, ജന. കൺ. എസ്. രാജീവൻ എന്നിവർ സംസ്ഥാന തലത്തിലും ജില്ല പ്രസിഡന്‍റ് വിനു കുര്യാക്കോസ്, കൺവീനർമാരായ സി.കെ. ശിവദാസ്, ഷിബു പീറ്റർ, കെ.പി. സാൽഡിൻ, കരീം കല്ലുങ്കൽ, രാജൻ, മജീദ് അടക്കം ജില്ലാ തലത്തിലും നേതൃത്വം നൽകിയ സമരസമിതിയിൽ സമദ് നെടുമ്പാശ്ശേരി, ജ്യോതിവാസ് പറവൂർ അടക്കമുള്ള രാഷ്ട്രീയ സാമൂഹിക സന്നദ്ധ പ്രവർത്തകരാണുണ്ടായിരുന്നത്.

ആലുവ എം.എൽ.എ അൻവർ സാദത്ത് ഈ വിഷയത്തിൽ നിയമസഭയിൽ ശക്തമായി ഇടപെട്ടിരുന്നു. യു.ഡി.എഫ് സർക്കാറിന്‍റെ പദ്ധതിയോടുള്ള വിയോജിപ്പും സിൽവർലൈൻ വേഗത്തിൽ പിൻവലിക്കാൻ കാരണമായി. കോടതിയിലുള്ള കേസുകളടക്കം പിൻവലിക്കാനാണ് തീരുമാനം. പ്രഖ്യാപനം വന്നതോടെ സ്കൂളിലും അടുക്കളയിലുംവരെ നാട്ടിയ മഞ്ഞക്കുറ്റി പറിച്ച കേസിനും റവന്യൂ വകുപ്പിന്‍റെ നിയമക്കുരുക്കിനും വിരാമമാവുകയാണ്.

പദ്ധതിക്കെതിരെ എം.പിയും എം.എൽ.എയും

സർവേ കല്ലുകൾ പറിച്ചെറിഞ്ഞ നാട്ടുകാരുടെ വികാരം മാനിക്കാൻ കൂട്ടാക്കാതെ അധികൃതർ പൊലീസ് സഹായത്തോടെ രണ്ടാമതും എത്തി കല്ലിടുകയായിരുന്നു. നാട്ടുകാർ ജെബി മേത്തർ എം.പിയുടെയും അൻവർ സാദത്ത് എം.എൽ.എയുടെയും നേതൃത്വത്തിൽ കുറ്റികൾ പറിച്ചെറിഞ്ഞ് പെരിയാറിൽ തള്ളി. കുട്ടമശ്ശേരി സ്കുളിനുള്ളിൽ സ്ഥാപിച്ച കല്ലും പറിച്ചെറിഞ്ഞു. ഭരണകക്ഷിയംഗങ്ങൾ സമരത്തെ രാഷ്ട്രീയ വിഷയമാക്കാൻ ശ്രമിച്ചെങ്കിലും കക്ഷിരാഷ്ട്രീയ ഭേദമന്യേയുള്ള നാട്ടുകാരുടെ ഐക്യത്തോടെയുള്ള സമരം അവസാനം വിജയം കാണുകയായിരുന്നു. സമരക്കാരെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി ജാമ്യമില്ലാത്ത മൂന്ന് കേസുകളാണെടുത്തത്. പല കേസുകളിലും അവർ ഇപ്പോഴും ഹാജരായിക്കൊണ്ടിരിക്കുന്നു.

പരിസ്ഥിതി-സാമൂഹിക പ്രവർത്തകരുടെകൂടി വിജയം

വ്യത്യസ്ത രാഷ്ട്രീയ-സാമൂഹിക സംഘടനകളും സമരക്കാരും നാട്ടുകാരും ചേർന്ന് മേഖലയിൽ ആഹ്ലാദപ്രകടനവും മധുരവിതരണവും നടത്തി. യു.ഡി.എഫ് പ്രകടനപത്രികയിൽ ജനങ്ങൾക്ക് നൽകിയ വാഗ്ദാനം സർക്കാർ അധികാരമേറ്റ് ആദ്യ നാളുകളിൽ തന്നെ നടപ്പാക്കിയതിൽ സന്തോഷമുണ്ടെന്ന് കെ. റെയിൽ വിരുദ്ധ സമരസമിതി ജില്ല വനിത കൺവീനർ കുട്ടമശ്ശേരി സ്വദേശി മാരിയ അബു പറഞ്ഞു. കീഴ്മാട് പഞ്ചായത്തിൽ കുട്ടമശ്ശേരി ഗവ. ഹയർസെക്കൻഡറി സ്കൂൾ, ആയുർവേദ ഹോസ്പിറ്റൽ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളും നിരവധി വീടുകളും നഷ്ടപ്പെടുത്തുന്ന രീതിയിലായിരുന്നു കെ റെയിലിനായി കുറ്റി അടിച്ചത്. ജനങ്ങൾ ഒന്നടങ്കം ഈ പദ്ധതിക്കെതിരെ രംഗത്ത് വന്നതായും അവർ പറഞ്ഞു.

സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കാനും ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തെ വെല്ലുവിളിച്ച് സ്ഥാപിച്ച മഞ്ഞകുറ്റികള്‍ നീക്കം ചെയ്യാനുമുള്ള സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മിഷന്‍ (എച്ച്.ആര്‍.പി.എം) ദേശീയ പ്രസിഡന്റ് പ്രകാശ് ചെന്നിത്തല പറഞ്ഞു. പുതിയ മുഖ്യമന്ത്രി അധികാരമേറ്റ ഘട്ടത്തില്‍ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നു. ആവശ്യം പരിഗണിച്ചതില്‍ സന്തോഷമുണ്ട്. അവകാശങ്ങളെ നിഷേധിച്ചുള്ള പദ്ധതികളെ എതിര്‍ക്കുന്നതോടൊപ്പം വികസനവും സാമൂഹിക നീതിയും ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വെൽഫെയർ പാർട്ടി, എസ്.യു.സി.ഐ അടക്കം സന്നദ്ധ സംഘടനകളും സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്തു.

കുട്ടമശ്ശേരി സ്കൂളിനും ആശ്വാസം

സംസ്ഥാന സർക്കാർ കെ-റെയിൽ പദ്ധതി റദ്ദാക്കിയതോടെ കുട്ടമശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിനും ആശ്വാസമായി. പുതിയ കെട്ടിടം പൊളിക്കേണ്ടിവരുമെന്ന ആശങ്കയിലായിരുന്നു സ്കൂൾ അധികൃതരും നാട്ടുകാരും. കെ-റെയിൽ കുറ്റിയിടൽ നടത്തിയതോടെ സ്കൂളിനുവേണ്ടി നിർമിച്ച പുതിയ കെട്ടിടത്തിന്റെ ഭാവി ആശങ്കയിലാകുകയായിരുന്നു. ഇതേതുടർന്ന് ഉദ്ഘാടനം നീണ്ടു പോവുകയും ചെയ്തിരുന്നു. പിന്നീട് അൻവർ സാദത്ത് എം.എൽ.എയുടെ സമ്മർദഫലമായി കെട്ടിടം തുറന്നു കൊടുക്കാൻ സർക്കാർ തയാറായി.

എങ്കിലും പദ്ധതി നടപ്പായാൽ കെട്ടിടം പൊളിച്ച് കളയുമെന്ന ഭീഷണി നിലനിന്നു. കീഴ്മാട് പഞ്ചായത്തിലെ ഏക സർക്കാർ ഹൈസ്‌കൂളായിരുന്നു സാധാരണക്കാർ കൂടുതൽ താമസിക്കുന്ന കുട്ടമശേരി സ്‌കൂൾ. പിന്നീട് കോൺഗ്രസ് പ്രവർത്തകർ ഈ കുറ്റി പിഴുതെടുത്ത് പുഴയിൽ തള്ളുകയും ചെയ്തു. സർക്കാർ സ്‌കൂൾ കെട്ടിടം തുറക്കാൻ തയാറാവാത്തത് പ്രതിഷേധങ്ങൾക്ക് ഇടയാക്കി. ഇതേതുടർന്നാണ് എം.എൽ.എ ഇടപെട്ട് കെട്ടിടം തുറന്നുകൊടുക്കാൻ തീരുമാനമെടുപ്പിച്ചത്. രണ്ടുനില കെട്ടിടം പതിനായിരം ചതുരശ്ര അടിയിലാണ് നിർമിച്ചിരിക്കുന്നത്.

Tags:    
News Summary - ‘Tear Line’ in Periyar River

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.