ലൈജു
പള്ളുരുത്തി: ഇടക്കൊച്ചിയിൽ വയോധികനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. ഇടക്കൊച്ചി പാലമുറ്റം എസ്.എ.എ.സി റോഡിൽ തൈപറമ്പിൽ ടി.ജി. ജോണിയെയാണ് (64) ശനിയാഴ്ച പുലർച്ചയോടെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ മകൻ ലൈജുവിനെ (33) പൊലീസ് അറസ്റ്റ് ചെയ്തു. മകന്റെ ക്രൂര മർദനത്തെത്തുടർന്നാണ് വയോധികൻ മരിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
പിതാവിന്റെ മരണവിവരം മകൻ ലൈജുവാണ് നാട്ടുകാരെ അറിയിച്ചത്. മരണത്തിൽ നാട്ടുകാർ ദുരൂഹത ആരോപിച്ചതിനെത്തുടർന്ന് പള്ളുരുത്തി പൊലീസ് സ്ഥലത്തെത്തിയിരുന്നു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടം നടത്തിയപ്പോഴാണ് മരിച്ച ജോണിയുടെ വാരിയെല്ലുകൾ തകർന്നതായി ശ്രദ്ധയിൽപെട്ടത്.
ലൈജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. വെള്ളിയാഴ്ച ഇരുവരും തമ്മിൽ വീട്ടിൽ ബഹളം നടന്നിരുന്നു. ഇതേതുടർന്ന് മകൻ ജോണിയെ ക്രൂരമായി മർദിക്കുകയായിരുന്നു. അടുക്കളയിൽ ഉള്ളി ചതക്കുന്നതിന് ഉപയോഗിച്ചിരുന്ന ഒരടിയോളം വലുപ്പമുള്ള ഇരുമ്പുദണ്ഡ് കൊണ്ട് തലയിലും വാരിയെല്ലിലും കാലിലും മർദിക്കുകയായിരുന്നുവെന്ന് തെളിവെടുപ്പിനിടെ ഇയാൾ പൊലീസിനോട് പറഞ്ഞു.
മർദനത്തെത്തുടർന്ന് ജോണി ബോധരഹിതനായെങ്കിലും വിവരം പുറത്തറിയിച്ചില്ല. പിറ്റേന്ന് രാവിലെ അനക്കമില്ലാതെ കിടക്കുന്നത് കണ്ടതിനെത്തുടർന്നാണ് പ്രതി നാട്ടുകാരെ വിവരമറിയിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.