പെരുമ്പാവൂർ: പൊങ്ങന്‍ചുവട് ആദിവാസികുടിയിൽ കാട്ടാനശല്യം രൂക്ഷമായിട്ടും പരിഹാരം ഉണ്ടാകുന്നില്ലെന്ന് ആക്ഷേപം ഉയരുന്നു. ഫെന്‍സിങ് സ്ഥാപിക്കണമെന്ന ആവശ്യവുമായി മൂന്നുമാസമായി അധികൃതരെ സമീപിക്കുന്നുണ്ടെങ്കിലും നടപടിയില്ലെന്ന് ഊരുമൂപ്പൻ ശേഖരൻ അറിയിച്ചു.
കാട്ടാന വ്യാപക നാശനഷ്ടം വരുത്തുന്നുണ്ട്. രാത്രി ഉറങ്ങനാകാത്ത സ്ഥിതിയാണ്. പകൽ പണിക്ക് പോകാൻ പോലും പറ്റുന്നില്ലെന്നും പറയുന്നു. കൃഷിയിടങ്ങളിലെ കപ്പ, ചേമ്പ്, പച്ചക്കറി എന്നിവ മുഴുവൻ നശിപ്പിക്കുകയാണ്. വൈദ്യുതി കാലുകൾ മറിച്ചിടുന്നത് പതിവായതോടെ ഊര് നിവാസികൾ പല ദിവസങ്ങളിലും ഇരുട്ടിലാണ്. വീടുകളിൽ പലപ്പോഴും മണ്ണെണ്ണ വിളക്കാണ് ആശ്രയം. വെളിച്ചമില്ലാത്തതുകൊണ്ട് രാത്രി തൊട്ടടുത്തെത്തുന്ന കാട്ടുമൃഗങ്ങളെ കാണാനാകാത്ത അവസ്ഥയാണ്.
മുമ്പ് ഉണ്ടായിരുന്ന ഫെൻസിങ് തകർന്നതോടെയാണ് ആനകൾ ഊരിലേക്ക് ഇറങ്ങിത്തുടങ്ങിയത്. ഏഴര കിലോമീറ്ററുള്ള ഫെന്‍സിങ്ങിന് കഴിഞ്ഞ കഴിഞ്ഞവർഷം ജൂണിൽ എല്‍ദോസ് കുന്നപ്പിള്ളി എം.എൽ.എ വനംവകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു.
ഉടൻ സ്ഥാപിക്കുമെന്ന് അറിയിച്ചെങ്കിലും ഒരുവര്‍ഷം പിന്നിടുമ്പോഴും പല തടസ്സങ്ങൾ പറഞ്ഞ് നീണ്ടുപോകുകയാണ്. ഇപ്പോൾ മഴയാണെന്ന ന്യായമാണ് പറയുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ പ്രശ്നത്തിൽ എത്രയും വേഗം നടപടി വേണമെന്ന് ഊരുമൂപ്പൻ ആവശ്യപ്പെട്ടു. ഫെൻസിങ് വേഗത്തിൽ പൂർത്തിയാക്കാനും വൈദ്യുതി തടസ്സം പരിഹരിക്കാനും ഉദ്യോഗസ്ഥര്‍ക്ക് നിർദേശം നല്‍കിയതായി എം.എൽ.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.