പെരുമ്പാവൂർ പ്രൈവറ്റ് ബസ്​ സ്റ്റാൻഡ്​ റോഡില്‍നിന്ന് ആലുവ ഭാഗത്തേക്ക് പോകാന്‍ ബസുകള്‍ തിരിയുന്നിടത്ത്

കാനക്ക് മുകളിലെ സ്ലാബുകള്‍ തകര്‍ന്ന് രൂപപ്പെട്ട കുഴി

സൂക്ഷിച്ച് നടന്നോ, ഇല്ലെങ്കില്‍ കാനയിൽ വീഴും

പെരുമ്പാവൂര്‍: നഗരത്തിലെ എ.എം റോഡ് വശത്ത് സ്ലാബ് തകര്‍ന്ന് രൂപപ്പെട്ടിരിക്കുന്ന കുഴി അപകടഭീഷണിയായി മാറുന്നു. പ്രൈവറ്റ് ബസ് സ്റ്റാൻഡ് റോഡില്‍നിന്ന് എറണാകുളം, ആലുവ ഭാഗത്തേക്ക് പോകാന്‍ ബസുകള്‍ തിരിയുന്നിടത്താണ് കാനക്ക് മുകളിലെ സ്ലാബുകള്‍ തകര്‍ന്ന് മണ്ണിടിഞ്ഞ് കുഴി രൂപപ്പെട്ടിരിക്കുന്നത്. നിരവധിപേര്‍ ഇതിനകം അപകടത്തില്‍നിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. കാലുകള്‍ പൂര്‍ണമായി ഇതില്‍ അകപ്പെട്ടാല്‍ ദുരന്തമാകും.

വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് യാത്രക്കാര്‍ ബസ് കാത്തുനില്‍ക്കുന്നതിന് സമീപത്താണ് പടുകുഴിയും തകര്‍ന്ന സ്ലാബുകളും. കാഴ്ചയില്‍തന്നെ ഇത് ഭീകരമാണ്. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറിക്ക് മുന്നിലെ സ്‌റ്റോപ്പായതിനാല്‍ വൈകുന്നേരങ്ങളില്‍ ബസ് കാത്തുനില്‍ക്കുന്നതില്‍ അധികവും വിദ്യാര്‍ഥിനികളാണ്. സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്ക് പ്രായമായവരും സ്ത്രീകളും കുട്ടികളും കടക്കുന്നത് ഇതിന് മുകളിലൂടെയാണ്. സ്റ്റാൻഡില്‍നിന്നുള്ള പ്രധാന റോഡായതുകൊണ്ട് ബസുകളും മറ്റ് വാഹനങ്ങളും അപകടത്തിൽപെടാന്‍ സാധ്യത ഏറെയണ്.

നഗരത്തിന്റെ വിവിധ ഇടങ്ങളില്‍ സ്ലാബുകള്‍ തകര്‍ന്ന കുഴികള്‍ നിരവധിയാണ്. എന്നാല്‍, ഇത്രയും അപകടകരമായത് മറ്റൊരിടത്തുമില്ല. പൊതുമരാമത്ത് വകുപ്പിന്റെയും നഗരസഭയുടെയും മൂക്കിന് താഴെയാണിത്. സ്ലാബുകള്‍ നേരെയാക്കി താല്‍ക്കാലിക അറ്റകുറ്റപ്പണി നടത്തിയാല്‍ പരിഹരിക്കാവുന്ന കാര്യങ്ങള്‍ക്കുനേരെ അധികാരികള്‍ മുഖംതിരിക്കുകയാണെന്ന ആക്ഷേപം വ്യാപകമാണ്.

Tags:    
News Summary - Walk carefully or you will fall

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.