തിങ്കളാഴ്ച രാവിലെ പെരുമ്പാവൂര്‍ സിഗ്നല്‍ ജങ്ഷന് സമീപത്തെ ഗതാഗക്കുരുക്ക്
പെരുമ്പാവൂര്‍: ടൗണിൽ ഗതാഗതക്രമീകരണങ്ങള് ഇല്ലാത്തത് വാഹന യാത്രികരെയും പൊതുജനങ്ങളെയും ബാധിക്കുന്നതായി ആക്ഷേപം. സിഗ്നല്‍ സംവിധാനം കാര്യക്ഷമമല്ലാത്തതും വെളിച്ചക്കുറവും റോഡിന്റെ ശോച്യാവസ്ഥയും നിയന്ത്രണത്തിന് ആവശ്യത്തിന് പൊലീസ് ഇല്ലാത്തതും തിരിച്ചടിയായി മാറുകയാണ്.
ഗതാഗതക്കുരുക്ക് സംബന്ധിച്ച് ആദ്യകാലം മുതലുള്ള പരാതികള്‍ അധികാരികള്‍ കേട്ടില്ലെന്ന് നടിക്കുകയാണെന്ന് വ്യാപാരികള്‍ ഉൾപ്പെടെ ആരോപിക്കുന്നു. രാത്രി 10നുശേഷം കാലടി കവലയിലെ സിഗ്നല്‍ നേരാംവണ്ണം പ്രവര്‍ത്തിക്കുന്നില്ല. തിരക്കൊഴിയുമ്പോള്‍ സമയമില്ലാതെ മിന്നിത്തെളിയുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
രാവിലെ അഞ്ചുമുതല്‍ എം.സി റോഡിലും എ.എം റോഡിലും വാഹനങ്ങളുടെ തിരക്കാകും. ഈ സമയത്ത് സിഗ്നല്‍ ജങ്ഷനിലൂടെ ചെറുതും വലുതുമായ വാഹനങ്ങള്‍ തലങ്ങുംവിലങ്ങും കടന്നുപോകുന്നത് അപകടങ്ങള്‍ക്ക് കാരണമാകുന്നു. സിഗ്നല്‍ ലൈറ്റുകള്‍ മുഴുസമയവും പ്രവര്‍ത്തിപ്പിക്കുകയോ ട്രാഫിക് വാര്‍ഡനെ നിയോഗിക്കുകയോ ചെയ്താല്‍ തോന്നിയപോലെ വാഹനങ്ങള്‍ പോകുന്നത് ഒഴിവാക്കാനാകും.
തിങ്കളാഴ്ച രാവിലെ ആറിന് തുടങ്ങിയ തിരക്ക് ആംബുലന്‍സുകള്‍ക്കുപോലും കടന്നുപോകാനാകാത്ത വിധമായിരുന്നു. കാലടി കവല, മാര്‍ക്കറ്റ് ജങ്ഷന്, ഔഷധി ജങ്ഷന് തുടങ്ങിയ പ്രധാന ഇടങ്ങളില്‍ വാഹനങ്ങള്‍ നിറഞ്ഞു. കുടിവെള്ള പൈപ്പുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ക്ക് പൊളിച്ചിട്ടിരിക്കുന്നതുകൊണ്ട് വണ്‍വേ റോഡുകളിലൂടെ വാഹനങ്ങള്‍ക്ക് സുഗമമായി സഞ്ചരിക്കാനാകത്തത് തിരിച്ചടിയാണ്.
സിവില്‍ സ്റ്റേഷന് റോഡിലെ ബോയ്സ് ഹയര്‍ സെക്കന്‍ഡറി മുതല്‍ താലൂക്കാശുപത്രി വരെയുള്ള ഭാഗം തകര്‍ന്നുകിടക്കുന്നു.
പൈപ്പ് സ്ഥാപിക്കാന്‍ കോര്‍ട്ട് റോഡിന്റെ ഒരുവശം വെട്ടിപ്പൊളിച്ചിരിക്കുകയാണ്. ഈ രണ്ട് റോഡിന്റെയും തകര്‍ച്ച ഗതാഗതത്തെ സാരമായി ബാധിക്കുന്നുണ്ട്. അതിരാവിലെ മുതല്‍ ഗതാഗത നിയന്ത്രണത്തിന് പൊലീസിന്റെ സേവനമില്ലാത്തത് തിരിച്ചടിയാകുന്നു.
രാവിലെ എട്ടിനുശേഷമാണ് പ്രധാന ജങ്ഷനുകളില്‍ ട്രാഫിക് പൊലീസ് എത്തുന്നത്. ആറുമുതല്‍ എട്ടുവരെ പൊലീസുകാരെ നിയോഗിച്ചാല്‍ നിയന്ത്രണം കാര്യക്ഷമമാകും. പ്രധാന ഇടങ്ങളില്‍ രാത്രിയില്‍ വെളിച്ചമില്ലാത്തതുകൊണ്ട് അപരിചിത യാത്രക്കാര്‍ ബുദ്ധിമുട്ടുന്നുണ്ട്.
ഈ വിഷയങ്ങളെല്ലാം ചര്‍ച്ചചെയ്ത് പരിഹാരം കാണേണ്ട ട്രാഫിക് അഡ്വസൈറി കമ്മിറ്റി ചേരാറില്ലെന്ന മുറുമുറുപ്പുയരുന്നു. ജനപ്രതിനിധികളും രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും പൊലീസും ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരും ബസ് സംഘടന പ്രതിനിധികളും അംഗങ്ങളായ അഡ്വൈസറി കമ്മിറ്റി ഗതാഗതക്കുരുക്ക് വിഷയത്തില്‍ ഇടപെടല്‍ നടത്തണമെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.