നഗരസഭ വളപ്പില്‍ അടഞ്ഞുകിടക്കുന്ന കുടുംബശ്രീ ജനകീയ ഹോട്ടല്‍
പെരുമ്പാവൂര്‍: നഗരസഭ വളപ്പിലെ അടച്ചുപൂട്ടിയ കുടുംബശ്രീ ജനകീയ ഹോട്ടല്‍ മൂന്ന് വര്‍ഷമായിട്ടും തുറക്കാത്തതിന് പിന്നില്‍ രാഷ്ട്രീയ ഒത്തുകളിയെന്ന് ആക്ഷേപം. മലിനജലം തുറന്നുവിടാനുള്ള സംവിധാനങ്ങള്‍ ഒരുക്കാനും ലൈസന്‍സ് പുതുക്കി നല്‍കാനും എന്ന കാരണം ഉന്നയിച്ച് 2022ലാണ് കാന്റീന് അടച്ചത്. ഉടനെ തുറക്കുമെന്ന് പലവട്ടം ആവര്ത്തിക്കപ്പെട്ടതല്ലാതെ നടപടിയുണ്ടായില്ല.
നഗരത്തിലെ സാധാരണക്കാരില്‍ അധികം പേരുടെയും ആശ്രയമായിരുന്ന ഭക്ഷണശാല നിസ്സാര കാരണത്തിന്റെ പേരില്‍ അടച്ചത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. 20 രൂപക്കാണ് ഇവിടെ ഉച്ചയൂണ് വിറ്റിരുന്നത്. നഗരസഭ ഉദ്യോഗസ്ഥരും കൗണ്‍സിലര്‍മാരും പലപ്പോഴും ഇവിടത്തെ ഭക്ഷണത്തെയാണ് ആശ്രയിച്ചിരുന്നത്. തെരുവില്‍ കഴിയുന്ന കുറച്ചുപേര്‍ക്ക് ഇവിടെന്ന് ഉച്ചഭക്ഷണം സൗജന്യമായി വിതരണം ചെയ്യുകയും ചെയ്തിരുന്നു.
നഗരസഭ പരിധിയിലെ ഹോട്ടലുകളില്‍ ഊണിന് 60 രൂപ ഈടാക്കിയിരുന്നപ്പോള്‍ ഇതിന്റെ മൂന്നിലൊന്ന് മാത്രം വിലക്ക് ലഭിച്ചിരുന്നത് സാധാരണക്കാരന് ആശ്വാസമായിരുന്നു. നഗരസഭ കൗണ്‍സിലറും കുടുംബശ്രീ അംഗവുമായ ഷമീന ഷാനവാസിന്റെ നേതൃത്വത്തിൽ മൂന്ന് പേരാണ് ഹോട്ടല്‍ നടത്തിയിരുന്നത്. ഇതിനിടെ ഒന്നര വര്‍ഷത്തോളമായി ഹോട്ടല്‍ ലൈസന്‍സില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ഭക്ഷണം നിലവാരമില്ലാത്തതാണെന്നും ആരോപണം ഉന്നയിച്ച് സി.പി.എം നേതാവ് രംഗത്തെത്തിയതാണ് അടച്ചുപൂട്ടലിലേക്ക് നയിച്ചത്. ടി.എം. സക്കീര്‍ ഹുസൈന് ചെയര്‍മാനായിരുന്ന കാലയളവിലാണ് ഭക്ഷണശാലക്ക് താഴിട്ടത്.
ഇതിനിടെ സ്ഥാപനത്തിന്റെ നടത്തിപ്പ് മാറ്റി കൊടുക്കാനുളള നീക്കമുണ്ടായി. ഇതിനെതിരെ ഹൈക്കോടതിയില്‍ നിന്ന് ഷമീന ഷാനവാസ് സ്റ്റേ വാങ്ങുകയായിരുന്നു. സാധാണക്കാരന്റെ പട്ടിണി അകറ്റാന്‍ കോവിഡ് കാലത്ത് സര്‍ക്കാര്‍ തുറന്ന സംരഭമായിരുന്നു ഭക്ഷണശാല. നിലവില്‍ കെട്ടിടവും ഫര്‍ണിച്ചറുകളും നശിച്ചുകൊണ്ടിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.