NEW ഇത്ര കനത്ത തോൽവി പ്രതീക്ഷിച്ചില്ല; ജില്ല കമ്മിറ്റി ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട പ്രശ്നമുദിക്കുന്നില്ല -സി.എൻ. മോഹനൻ

കൊച്ചി: തെരഞ്ഞെടുപ്പ് പരാജയം അപ്രതീക്ഷിതമാണെന്ന് സി.പി.എം എറണാകുളം ജില്ല സെക്രട്ടറി സി.എൻ. മോഹനൻ. കഴിഞ്ഞ ഒരുമാസം തങ്ങൾ നടത്തിയ പ്രവർത്തനങ്ങൾ വെച്ച് പരിശോധിച്ചാൽ ഒരു കാരണവശാലും ഇത്തരമൊരു ഫലം പ്രതീക്ഷിച്ചില്ല. പരാജയം അംഗീകരിക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇത്ര കനത്ത തോൽവി പ്രതീക്ഷിച്ചതല്ല. ഓരോ പ്രദേശത്തെയും പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ പാർട്ടി നേതാക്കൾ പ്രത്യേകം കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്നു. അക്കാര്യത്തിലൊന്നും ഒരു വീഴ്ചയും സംഭവിച്ചിട്ടില്ല. എന്നിട്ടും ജനവിധി വ്യത്യസ്തമായി. മുഖ്യമന്ത്രി നേരിട്ട് തെരഞ്ഞെടുപ്പ് നയിച്ചെന്ന് പറയാൻ കഴിയില്ലെന്നും അദ്ദേഹം ചോദ്യത്തിന് മറുപടിയായി പറഞ്ഞു. തെരഞ്ഞെടുപ്പ് നയിച്ചത് തങ്ങൾ തന്നെയാണ്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പരിപാടികൾ തങ്ങൾ ആവശ്യപ്പെട്ടത് അനുസരിച്ചാണ് നടന്നത്. മുഖ്യമന്ത്രി സാധാരണ ഒരു തെരഞ്ഞെടുപ്പും നയിക്കാൻ പോകാറില്ല. പാർട്ടിയുടെ ഏതെങ്കിലുമൊരു ഘടകം പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. ജില്ല കമ്മിറ്റി ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതിന്‍റെ പ്രശ്നമുദിക്കുന്നില്ല. ഈ നേതൃത്വത്തിന്‍റെ ഭാഗമായി പ്രവർത്തിച്ച എല്ലാവരുടെയും കാര്യമാണിത്. ഇത് രാഷ്ട്രീയത്തിന്‍റെ പരിശോധനയാണെന്നാണ് തങ്ങൾ പ്രചാരണഘട്ടത്തിൽ പറഞ്ഞത്. സംസ്ഥാന സർക്കാറിന്‍റെ ഭരണത്തെക്കുറിച്ച് പരിശോധിക്കാൻ ഇത് സംസ്ഥാന തെരഞ്ഞെടുപ്പല്ല. ഇത്​ ഒരു ഉപതെരഞ്ഞെടുപ്പാണ്. ഭരണത്തിന്‍റെ വിലയിരുത്തലാകുമെന്ന് പറഞ്ഞിട്ടില്ല. സ്ഥാനാർഥി പ്രഖ്യാപനം നാടകീയമായിരുന്നില്ല. ഒരു സ്ഥാനാർഥിയെ മാത്രമാണ് പ്രഖ്യാപിച്ചത്. രാഷ്ട്രീയ വിഷയങ്ങളും സർക്കാറിന്‍റെ പ്രവർത്തനങ്ങളും ദേശീയ രാഷ്ട്രീയവും തൃക്കാക്കരയിലെ പ്രശ്നങ്ങളുമെല്ലാം വിശദമായി ജനങ്ങളുമായി സംവദിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.