ശാലിനി വിജയ്, മനീഷ് വിജയ്,
മാതാവ് ശകുന്തള അഗർവാൾ
കാക്കനാട്: സെൻട്രൽ ജി.എസ്.ടി ആന്‍ഡ് കസ്റ്റംസ് കൊച്ചി ഓഡിറ്റ് കമീഷണറേറ്റിലെ അഡീഷനൽ കമീഷണർ മനീഷ് വിജയ് (43), സഹോദരി ശാലിനി വിജയ് (51), മാതാവ് ശകുന്തള അഗർവാൾ (77) എന്നിവരുടെ ആത്മഹത്യക്ക് പിന്നിൽ ശാലിനിയെ സിവിൽ സർവിസിൽനിന്ന് പിരിച്ചുവിട്ടതും സി.ബി.ഐയുടെ അറസ്റ്റ് ഭയന്നുമാണെന്ന സംശയത്തിൽ പൊലീസ്. ഫെബ്രുവരി 15ന് ഝാർഖണ്ഡിലെ സി.ബി.ഐ അധികൃതർക്ക് മുന്നിൽ ഹാജരാകാനായിരുന്നു നിർദേശം. ഹാജരായാൽ അറസ്റ്റിന് സാധ്യതയുണ്ടായിരുന്നു.
2006ൽ ഝാർഖണ്ഡ് പി.എസ്.സി നടത്തിയ സിവിൽ സർവിസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ശാലിനി ഝാർഖണ്ഡിലെ ഡെപ്യൂട്ടി കലക്ടർ ആയിരുന്നു. രണ്ടുവർഷം മുമ്പ് അവധിയെടുത്ത് അമ്മയോടൊപ്പം കേരളത്തിൽ എത്തിയതായിരുന്നു. ഇതിനിടയിൽ 2006 ബാച്ചിലെ സിവിൽ സർവിസിലെ ശാലിനി ഉൾപ്പെടെ ഇടംപിടിച്ച 64 പേർ ഉൾപ്പെടുന്ന പട്ടികയിൽ ക്രമക്കേട് നടന്നതായി കണ്ടെത്തിയതോടെ ഡെപ്യൂട്ടി കലക്ടർ പദവിയിൽനിന്ന് പിരിച്ചുവിട്ടതായും പറയപ്പെടുന്നു. ഫെബ്രുവരി 15ന് ഝാർഖണ്ഡ് സി.ബി.ഐ വിളിപ്പിച്ചതിനെത്തുടർന്ന് മനീഷ് തന്റെ ഓഫിസിൽ ഇക്കാര്യം ചൂണ്ടിക്കാട്ടി അവധിയെടുത്തിരുന്നു. അവധി കഴിഞ്ഞിട്ടും ഓഫിസിൽ വരാത്തതിനെത്തുടർന്നുള്ള അന്വേഷണത്തിലാണ് മൂവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്.
മനീഷിന്റെ മൃതദേഹം എറണാകുളം ഗവ. ജനറൽ ആശുപത്രി മോർച്ചറിയിലും ശാലിനിയുടെയും ശകുന്തളയുടെയും മൃതദേഹങ്ങൾ കളമശ്ശേരി മെഡിക്കൽ കോളജിലെ മോർച്ചറിയിലുമാണ്. ശനിയാഴ്ച പോസ്റ്റ്േമാർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
കാക്കനാട്: മനീഷും സഹോദരി ശാലിനിയും തൂങ്ങിമരിക്കും മുമ്പ് മാതാവിന്റെ അന്ത്യകർമങ്ങൾ നടത്തിയിരുന്നതായി സാഹചര്യ തെളിവുകൾ. വാലൈന്റൻ ദിനമായ ഫെബ്രുവരി 14നാണ് ഓൺലൈനിൽ പൂക്കൾ വരുത്തിയതും വീട്ടിൽ പൂജകൾ നടത്തിയതും. മാതാവിന്റെ മൃതദേഹം പുതപ്പിച്ച് പൂക്കൾ വിതറി കട്ടിലിൽ കിടത്തിയ നിലയിലായിരുന്നു.
മരണം നടന്ന് അഞ്ചാം ദിവസമാണ് സംഭവം പുറംലോകം അറിഞ്ഞത്. മനീഷിന്റെയും ശാലിനിയുടേതും ആത്മഹത്യയാണെങ്കിലും മാതാവിന്റെ മരണം സംബന്ധിച്ച് സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. വീട്ടിൽനിന്ന് 10 പവനോളം ആഭരണങ്ങൾ കണ്ടുകിട്ടിയിട്ടുണ്ട്. ശകുന്തളയുടെ ശരീരത്തിലും ആഭരണങ്ങൾ ഉണ്ട്. വീടിനകത്ത് പൂട്ടിയ നിലയിൽ കണ്ടെത്തിയ ലോക്കർ അബൂദബിയിൽനിന്ന് എത്തിയ മകളുടെ സാന്നിധ്യത്തിൽ തുറന്ന് പരിശോധിക്കും. കൂട്ട ആത്മഹത്യക്ക് മുമ്പ് സെൻട്രൽ ജി.എസ്.ടി ആന്‍ഡ് കസ്റ്റംസ് കൊച്ചി ഓഡിറ്റ് കമീഷണറേറ്റിലെ അഡീഷനൽ കമീഷണർ മനീഷ് വിജയ് കേരള പൊലീസിനായി ഹിന്ദിയിൽ എഴുതിയ കുറിപ്പ് കണ്ടെത്തി.
തങ്ങളുടെ സ്വത്തുക്കളും ഭൂമിയുടെയും വീടിന്റെയും മറ്റും ആധാരങ്ങളും അബൂദബിയിലുള്ള ഇളയ സഹോദരിക്ക് നൽകണമെന്നാണ് എഴുതിയിരിക്കുന്നത്. ഇതിൽ മരണകാരണം വ്യക്തമാക്കിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.