തകർന്ന കിഴക്കേക്കര-കമ്പനിപ്പടി റോഡ്
മൂവാറ്റുപുഴ: പൂർണമായി തകർന്ന നഗരത്തിലെ തിരക്കേറിയ കിഴക്കേക്കര-കമ്പനിപ്പടി റോഡിൽ അപകടം പെരുകുന്നു. ചൊവ്വാഴ്ച രാവിലെ മാത്രം രണ്ട് ഇരുചക്ര വാഹനങ്ങളാണ് കുഴിയിൽ വീണത്. ഇതിനു പുറമെ ആഡംബര കാർ കുഴിയിൽ വീണ് കേടായതിനെ തുടർന്ന് ഗതാഗതവും സ്തംഭിച്ചു.
രണ്ടു മാസം മുമ്പ് കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിന്റെ ഭാഗമായി വാട്ടര്‍ അതോറിറ്റി നിർമാണ പ്രവർത്തനങ്ങൾ നടത്തിയതോടെയാണ് റോഡ് പൂർണമായി തകർന്നത്. കോടികൾ മുടക്കി മൂന്നു വർഷം മുമ്പ് നവീകരിച്ച റോഡാണിത്. മൂവാറ്റുപുഴ നഗരസഭയിലെ കിഴക്കേക്കര സ്കൂൾ പടിയിൽ നിന്നാരംഭിച്ച് ആവോലി പഞ്ചായത്ത് ഒന്ന്, 14 വാര്‍ഡുകളിൽ കൂടി കടന്നു പോകുന്ന റോഡിന്റെ വിവിധ ഭാഗങ്ങളിൽ വൻ കുഴികളാണ് രൂപപ്പെട്ടത്.
കാട്ടുകണ്ടം ഭാഗത്തെ വൻ ഗർത്തത്തിലാണ് അപകടങ്ങൾ പെരുകിയത്. ഇവിടെ വീണാണ് ചൊവ്വാഴ്ച്ച മാത്രം മൂന്ന് അപകടങ്ങൾ ഉണ്ടായത്. മൂവാറ്റുപുഴ നഗരത്തിൽ റോഡ് വികസനം നടക്കുന്നതിനാൽ പ്രധാന ബൈപാസ് റോഡായി ഉപയോഗിക്കുന്നത് ഈ റോഡാണ്. തൊടുപുഴ, ഇടുക്കി ഭാഗങ്ങളിലേക്ക് കോതമംഗലം, മൂന്നാർ, കാളിയാർ മേഖലകളിൽ നിന്നുള്ള വാഹനങ്ങൾ കടന്നുപോകുന്നത് ഇതുവഴിയാണ്.
മഴകൂടി ആരംഭിച്ചതോടെ നൂറുകണക്കിന് വാഹനങ്ങള്‍ ദിനം പ്രതി സഞ്ചരിക്കുന്ന റോഡിലൂടെ കാൽനട യാത്ര പോലും ദുസ്സഹമാണ്. ഗതാഗതക്കുരുക്കും രൂക്ഷമാണ്. അപകടങ്ങൾ തുടരുമ്പോഴും കുഴി അടയ്ക്കാൻ അധികൃതർ തയാറാകുന്നില്ല. പൈപ്പ് സ്ഥാപിക്കുന്നതിന് വാട്ടര്‍ അതോറിറ്റി പി.ഡബ്ല്യു.ഡി വകുപ്പിന് പണം നൽകിയിരുന്നു. എന്നാല്‍ തുടര്‍നടപടി സ്വീകരിക്കേണ്ട പൊതുമരാമത്ത് വകുപ്പ് റോഡ് അറ്റകുറ്റപ്പണി നടത്താതെ അനാസ്ഥ കാണിക്കുകയാണെന്ന് നാട്ടുകാർ ആരോപിച്ചു.
റോഡിന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി നാട്ടുകാർ പലതവണ പരാതിനൽകിയിട്ടും റോഡിലെ കുഴി അടക്കാനോ കോണ്‍ക്രീറ്റ് ചെയ്യാനോ മറ്റ് അറ്റകുറ്റപ്പണികള്‍ നടത്താനോ പി.ഡബ്ല്യു.ഡി അധികൃതര്‍ തയാറാകുന്നില്ല. മഴപെയ്യുമ്പോള്‍ ഗര്‍ത്തത്തില്‍ വെള്ളം കെട്ടിക്കിടക്കുന്നതാണ് വാഹനങ്ങൾ അപകടത്തിൽപെടാൻ കാരണം. നഗര റോഡ് വികസനത്തിനായി ഭാരവണ്ടികൾ കൂടുതൽ ഇതുവഴി തിരിച്ചുവിട്ടതോടെ റോഡ് കൂടുതല്‍ തകരുന്നതിനും ഗര്‍ത്തം രൂപപ്പെടുന്നതിനും കാരണമാകുന്നുണ്ട്. ചൊവ്വാഴ്ച്ച മൂന്ന് അപകടങ്ങൾ നടന്നതിനു പിന്നാലെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തിറങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.