അപകാവസ്ഥയിലായ പേട്ട പാലം

പേട്ട പാലത്തിന്റെ കോൺക്രീറ്റ് ബീമുകൾ അപകടാവസ്ഥയിൽ

മൂവാറ്റുപുഴ: നഗരത്തിലെ പേട്ട പാലത്തിനു വിള്ളലും ചോർച്ചയും കണ്ടെത്തിയതിനു പിന്നാലെ പാലത്തിന്റെ വശങ്ങളിലുള്ള കോൺക്രീറ്റ് ബീമുകളും അപകടാവസ്ഥയിലായി. പാലത്തിൽ വിള്ളലും ചോർച്ചയും കണ്ടെത്തി വർഷം ഒന്ന് പിന്നിട്ടിട്ടും അറ്റകുറ്റപ്പണികൾ നടന്നില്ല. ഇതിനിടെയാണ് കോൺക്രീറ്റ് ബീമുകൾതന്നെ അപകടാവസ്ഥയിലായിരിക്കുന്നത്. മൂവാറ്റുപുഴ-തൊടുപുഴ റോഡിൽ പേട്ട-കാവുംപടി റോഡിനു കുറുകെയുള്ള പേട്ട പാലത്തിന്റെ വശങ്ങളിലുള്ള കോൺക്രീറ്റ് ബീമുകൾ ഏതുനിമിഷവും താഴേക്ക് അടർന്നുവീഴാവുന്ന അവസ്ഥയിലാണ്. വർഷങ്ങളായി ഒരുവിധ അറ്റകുറ്റപ്പണികളും നടത്താത്തതാണ് പാലത്തിന്റെ ശോച്യാവസ്ഥക്ക് കാരണം.

ഏഴു പതിറ്റാണ്ടിലേറെ പഴക്കമുള്ളതാണ് പേട്ട പാലം. ഈ പാലത്തിന്റെ അടിയിലൂടെ കാവുംപടിയെയും ആരക്കുഴ റോഡിനെയും ബന്ധിപ്പിക്കുന്ന റോഡ് കടന്നുപോകുന്നുണ്ട്. കരിങ്കൽ ഭിത്തികളെ ബന്ധിപ്പിച്ച് നിർമിച്ച പാലത്തിന് പന്ത്രണ്ട് അടിയിലേറെ നീളമുണ്ട്. ഇതിനടിയിലൂടെ കടന്നുപോകുന്ന കാവുംപടി-പേട്ട റോഡിലൂടെ നൂറുകണക്കിനാളുകളാണ് സഞ്ചരിക്കുന്നത്. ജനവാസകേന്ദ്രമായ പേട്ടയിലേക്കുള്ള ഏക റോഡാണിത്. പാലത്തിലുണ്ടായിട്ടുള്ള വിള്ളലിലൂടെ ചോർച്ച കണ്ടെത്തിയതിനെ തുടർന്ന് ഒരുവർഷം മുമ്പ് അന്നത്തെ വാർഡ് കൗൺസിലർ പൊതു മരാമത്ത് മന്ത്രിക്ക് പരാതി നൽകിയിരുന്നു. എന്നാൽ, ഇതുവരെ നടപടികളൊന്നും ഉണ്ടായില്ല. 2015ൽ ഇവിടെയുണ്ടായ വിള്ളലിനെ തുടർന്ന് റോ‍ഡിലെ ടാറിങ് ഇ‍ടിഞ്ഞുതാഴ്ന്നിരുന്നു.

പാലത്തിനു ബലക്ഷയമുണ്ടെന്നും തകരാൻ സാധ്യതയുണ്ടെന്നും അടിയന്തര അറ്റകുറ്റപ്പണികൾ വേണമെന്നും ആവശ്യപ്പെട്ട് നാട്ടുകാരും രംഗത്തുവന്നു. അടിയന്തരമായി അധികൃതര്‍ ഇടപെട്ട് പാലത്തിന്റെ ദൃഢത പരിശോധിച്ച് ആവശ്യമായ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തണമെന്ന ആവശ്യമാണുയരുന്നത്.

Tags:    
News Summary - Muvattupuzha Petta Bridge Beams in Dangerous Condition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.