തണ്ണീർത്തടം നികത്തിയ സ്ഥലം പൊലീസ് നോക്കിക്കാണുന്നു

ഭൂമാഫിയ ഇടക്കൊച്ചിയിൽ തണ്ണീർത്തടം നികത്തുന്നു

പള്ളുരുത്തി: ഇടക്കൊച്ചിയിൽ സബ് കലക്ടർ ഇടപെട്ട് സ്റ്റോപ് മെമ്മോ നൽകിയ രണ്ടേക്കറോളം വരുന്ന 18 സെൻറ് സർക്കാർ പുറമ്പോക്ക് ഉൾപ്പെടെയുള്ള തണ്ണീർത്തടം റവന്യൂ അധികൃതരെയും പൊലീസിനെയും നോക്കുകുത്തിയാക്കി ഭൂമാഫിയ നികത്തുന്നു. വെള്ളിയാഴ്ച വൈകീട്ടോടെ പൂഴിമണൽ നിറച്ച് ടിപ്പറുമായെത്തിയ സംഘം നികത്തൽ നടത്തവെ നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തുന്നതിന് മുമ്പ് തന്നെ കടന്നുകളഞ്ഞു. പിന്നീട് നടപടിയെടുക്കാതെ പൊലീസ് മടങ്ങുകയുമായിരുന്നു. സംഭവത്തിനിടെ നിലം പൂർവസ്ഥിതിയിലാക്കാൻ ഹൈകോടതിയിൽ ഹരജി നൽകിയ പൊതുപ്രവർത്തകൻ വി.കെ. അരുൺകുമാറിനെ പൊലീസിന്റെ സാന്നിധ്യത്തിൽ വളഞ്ഞ് വെച്ച് ഭീഷണിപ്പെടുത്തിയതായി പറയുന്നു.

കഴിഞ്ഞ രണ്ടുമാസത്തിനിടെ നികത്തൽ നടക്കുനതിനിടെ പല തവണ പൊലീസിൽ അറിയിക്കുമ്പോൾ ഞൊടിയിടയിൽ നികത്തൽ സംലത്തിന് വിവരം ലഭിക്കുകയാണെന്ന് മുൻ കൗൺസിലർ അഭിലാഷ് തോപ്പിൽ പറഞ്ഞു. നികത്തലിനുള്ള വാഹനം മാറ്റിയതിനു ശേഷമാണ് പൊലീസ് വാഹനം എത്തുന്നതെന്നും അഭിലാഷ് പറഞ്ഞു. പൊലീസും നികത്തൽ സംഘവും തമ്മിലുള്ള കൂട്ട്കെട്ട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജില്ല പൊലീസ് മേധാവിക്കും വിജിലൻസിനും അഭിലാഷ് പരാതി നൽകി. ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് വി.കെ. അരുൺകുമാറും പൊലീസിൽ പരാതി നൽകി.

രൂക്ഷമായ വെള്ളക്കെട്ട് നേരിടുന്ന പ്രദേശത്താണ് നികത്തൽ നടത്തുന്നത്. ഇടക്കൊച്ചി വില്ലേജ് ഓഫിസർ സ്റ്റോപ് മെമ്മോ നൽകിയ ഭൂമിയാണിത്. സ്റ്റോപ് മെമ്മോ നൽകിയതിന് ശേഷം സംഭവം ഫോർട്ട്കൊച്ചി സബ് കലക്ടർക്ക് റിപ്പോർട്ട്‌ നൽകിയതായി വില്ലേജ് ഓഫിസർ പറയുന്നു. ഇതിനെ തുടർന്ന് പള്ളുരുത്തി എസ്.എച്ച്.ഒയോട് ഉടമക്കെതിരെ കേസെടുക്കുവാൻ ആവശ്യപ്പെട്ടിട്ടും ഇത് വരെ നടപടിയുണ്ടായിട്ടില്ലെന്നാണ് പരാതിക്കാർ പറയുന്നത്. നിലവിൽ പുറമേനിന്ന് ആർക്കും കാണാൻ സാധിക്കാത്ത രീതിയിൽ തണ്ണീർത്തടത്തിന് ചുറ്റും പതിനഞ്ച് അടിയോളം ഉയരത്തിൽ കൂറ്റൻ മതിൽ കെട്ടിയാണ് നികത്തൽ നടക്കുന്നത്. അനുവാദമില്ലാതെയാണ് മതിൽ നിർമിച്ചതെന്ന് നഗരസഭ വ്യക്തമാക്കിയിട്ടുണ്ട്.

Tags:    
News Summary - Land mafia is filling up wetlands in Kochi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.