കൊച്ചി: ജില്ലയിലെ തെരുവുനായ് ശല്യത്തിന് ശാശ്വത പരിഹാരം കാണാൻ സമഗ്ര കർമപദ്ധതി വരുന്നു. ജില്ല കലക്ടർ ജി. പ്രിയങ്കയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച ചേർന്ന അവലോകന യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. കാക്കനാട് കലക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ മൃഗസംരക്ഷണം, തദ്ദേശ സ്വയംഭരണം തുടങ്ങിയ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ജില്ലയിൽ 1.55 ലക്ഷംപേർ തെരുവ് നായുടെ കടിയേറ്റ് ചികിത്സ തേടിയതായാണ് കണക്ക്. കഴിഞ്ഞ വർഷത്തെ കണക്കുകൾ പ്രകാരം തെരുവുനായ് ആക്രണമത്തിൽ സംസ്ഥാനത്ത് നാലാം സ്ഥാനത്താണ് എറണാകുളം. കടിയേൽക്കുന്നവരുടെ എണ്ണം ഓരോ വർഷവും ഗണ്യമായി വർധിക്കുന്നു. കഴിഞ്ഞവർഷം ജില്ലയിൽ 35,681 പേർക്ക് തെരുവുനായുടെ കടിയേറ്റു. 2024ൽ 22,344 പേർക്കാണ് കടിയേറ്റത്.
ജില്ലയിൽ കാക്കനാട്, പിറവം, ജനറൽ ആശുപത്രി പരിസരം എന്നിവിടങ്ങളിലും ഈവർഷം തെരുവുനായ് ആക്രമണം റിപ്പോർട്ട് ചെയ്തിരുന്നു. കാക്കനാട് പാലച്ചുവട്ടിൽ ഒരേദിവസം എട്ടുപേർക്കും പിറവത്ത് വയോധികക്കും കടിയേറ്റു. നഗരത്തിലെ റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും തെരുവുനായ്ക്കളുടെ സാന്നിധ്യം ഭീതി വർധിപ്പിക്കുന്നു. കഴിഞ്ഞ ആഗസ്റ്റിൽ എറണാകുളം ജനറൽ ആശുപത്രിയിൽ രോഗിയുടെ കൂട്ടിരിപ്പുകാർ ഉൾപ്പെടെ അഞ്ചുപേർക്ക് തെരുവു നായ്ക്കളുടെ കടിയേറ്റിരുന്നു.
സുപ്രീം കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ ജില്ലയിൽ തെരുവുനായ്ക്കൾക്കായി ഷെൽട്ടറുകൾ ആരംഭിക്കണമെന്ന് കലക്ടർ നിർദേശിച്ചു. കൊച്ചി കോർപ്പറേഷൻ പരിധിയിൽ ഷെൽട്ടർ നിർമാണത്തിനായി ബ്രഹ്മപുരത്ത് ഒരേക്കറോളം സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ഷെൽട്ടറിന്റെ രൂപകൽപ്പനയുമായി ബന്ധപ്പെട്ട ജോലികൾ പുരോഗമിക്കുകയാണ്. കൂടാതെ കളമശ്ശേരി ഗവ. മെഡിക്കൽ കോളജ്, കുസാറ്റ്, കോതമംഗലം കറുകുറ്റി എന്നിവിടങ്ങളിലും ഷെൽട്ടറുകൾക്കായി സ്ഥലം കണ്ടെത്താൻ നടപടികൾ പുരോഗമിക്കുകയാണ്. ഷെൽട്ടറുകളുടെ സുഗമമായ നടത്തിപ്പിനായി പൊതുജനങ്ങളുടെയും എൻ.ജി.ഒകളുടെയും സഹായം തേടും. തെരുവുനായ് ശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതിന് മൃഗസംരക്ഷണ വകുപ്പാകും കർമ പദ്ധതി തയാറാക്കുക.
വളർത്തുനായ്ക്കൾക്ക് ലൈസൻസ് നിർബന്ധമാണ്. കെ-സ്മാർട്ട് വഴി ലൈസൻസിനായി അപേക്ഷിക്കാം. വളർത്തുനായ്ക്കളെ തെരുവിൽ ഉപേക്ഷിക്കുന്നത് തടയാനാണിത്. നായ്ക്കളിൽ ചിപ്പുകൾ സ്ഥാപിക്കാനും വാക്സിനേഷൻ നടപടികൾ ഊർജിതമാക്കാനും തീരുമാനമായിട്ടുണ്ട്. മൃഗങ്ങളോട് മാനുഷിക പരിഗണന കാണിക്കുമ്പോഴും മനുഷ്യജീവന് മുൻഗണന നൽകണമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി. രാധാകൃഷ്ണൻ യോഗത്തിൽ പറഞ്ഞു. എല്ലാ നഗരസഭകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും വന്ധ്യംകരണ കേന്ദ്രങ്ങൾ ആരംഭിക്കണം. തെരുവ് നായ്ക്കളുടെ കൂട്ട കുത്തിവെപ്പ് നടപടികൾ ഊർജിതമാക്കാൻ എല്ലാ പഞ്ചായത്തുകളും നഗരസഭകളും പദ്ധതി തയാറാക്കണം. പദ്ധതി പൂർത്തീകരണത്തിനായുള്ള എല്ലാ സഹായസഹകരണങ്ങളും ജില്ലാ പഞ്ചായത്ത് നൽകുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.