പുറ്റുമാനൂർ ജി.യു.പി സ്കൂൾ
കോലഞ്ചേരി: പുറ്റുമാനൂർ ജി.യു.പി സ്കൂളിൽ ഒന്ന് മുതൽ ഏഴ് വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികളുടെ പഠനവിടവുകൾ പരിഹരിക്കുന്നതിനായി നടപ്പാക്കിയ അക്ഷര മഹോത്സവം പദ്ധതിക്ക് സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയുടെ (എസ്.സി.ഇ.ആർ.ടി) മികവ് നാലാം സീസണിൽ അംഗീകാരം. ഒരു ശതാബ്ദക്കാലത്തെ പാരമ്പര്യത്തിന്റെ പൈതൃകമേറുന്ന വിദ്യാലയമാണ് വടവുകോട് പുത്തൻകുരിശ് ഗ്രാമപഞ്ചായത്തിലെ പുറ്റുമാനൂർ ജി.യു.പി സ്കൂൾ.
കോവിഡിനെ തുടർന്ന് ഒരു വർഷത്തിലധികം നീണ്ട ഓൺലൈൻ ക്ലാസുകൾക്ക് ശേഷം സ്കൂളിലേക്ക് മടങ്ങിയെത്തിയ വിദ്യാർഥികളിൽ ചിലരിൽ പഠനവൈകല്യങ്ങൾ ഉണ്ടായതായി അധ്യാപകർ കണ്ടെത്തിയിരുന്നു. എഴുതാനും വായിക്കാനും ബുദ്ധിമുട്ടുന്ന സ്ഥിതിയിലായിരുന്നു ഇവർ.
പ്രത്യേക പരീക്ഷകളിലൂടെ കുട്ടികളുടെ നിലവാരം വിലയിരുത്തി ഓരോരുത്തരെയും പ്രത്യേകമായി പരിഗണിച്ചായിരുന്നു പദ്ധതികൾ ആസൂത്രണം ചെയ്തത്. ആദ്യഘട്ടത്തിന്റെ തുടർച്ചയായി മധ്യവേനൽ അവധിക്കാലത്ത് കുട്ടികളെ തേടി അധ്യാപകർ വീട്ടിലേക്ക് എത്തുകയും കുട്ടികളുടെ പുരോഗതി വിലയിരുത്തുകയും ചെയ്തു.
സോഷ്യൽ ഓഡിറ്റിങ് നടത്തിയാണ് പദ്ധതിയുടെ വിജയം ആഘോഷിച്ചത്. സംസ്ഥാനത്തെ ഏറ്റവും മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച 30 സ്കൂളുകളെയാണ് മികവ് നാലാം സീസണിൽ തെരഞ്ഞെടുത്തത്.
പുറ്റുമാനൂർ ജി.യു.പി.സിന് പുറമെ കോതമംഗലം സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ മാത്രമാണ് പട്ടികയിൽ ഇടം പിടിച്ച ജില്ലയിലെ സ്കൂൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.