ഓപറേഷൻ തൂഫാൻ; ജില്ലയിൽ അറസ്റ്റിലായത് 2000ത്തോളം പ്രതികൾ
കൊച്ചി: പൊലീസ് നടപ്പാക്കുന്ന ‘ഓപറേഷൻ തൂഫാൻ’ ലഹരിവേട്ടയിൽ ജില്ലയിൽ ഇതുവരെ അറസ്റ്റിലായത് 2000ത്തോളം പ്രതികൾ. പരിശോധനകൾ കർക്കശമാക്കിയിട്ടും ജില്ലയിലേക്ക് ലഹരി വസ്തുക്കൾ ഒഴുകുന്നുവെന്നും പൊലീസിന്റെ കണക്കുകളിൽ നിന്ന് വ്യക്തമാകുന്നു. നഗരത്തിലാണ് ലഹരി സംഘങ്ങൾ ഏറെയും പ്രവർത്തിക്കുന്നത്. നഗരത്തിൽ സിന്തറ്റിക് ലഹരി വസ്തുക്കൾ വലിയതോതിൽ എത്തുന്നു. ഓപറേഷൻ തൂഫാൻ പദ്ധതി ആരംഭിച്ച ശേഷം ബുധനാഴ്ചവരെ ജില്ലയിൽ 1973 പേർ അറസ്റ്റിലായതായി പൊലീസ് അറിയിച്ചു.
അറസ്റ്റും ലഹരി കേസുകളും ഏറെയുള്ളത് നഗര പ്രദേശത്താണ്. എം.ഡി.എം.എ വലിയ തോതിലാണ് നഗരത്തിൽ എത്തുന്നത്. 3.622 കിലോ എം.ഡി.എം.എയാണ് നഗര പ്രദേശത്തുനിന്ന് ഇതുവരെ പിടികൂടിയത്. ഇതിന് ഒരുകോടിയിലേറെ രൂപ വിലവരും. റൂറൽ മേഖലയിൽ 116.8 ഗ്രാം എം.ഡി.എം.എമാത്രമാണ് പടികൂടിയത്. ഗ്രാമ പ്രദേശങ്ങളിൽ കഞ്ചാവ് വിൽപന വ്യാപകമാണെന്നും വ്യക്തമാകുന്നു.
റൂറൽ മേഖലയിൽ 214.943 കിലോഗ്രാം കഞ്ചാവ് പടികൂടി. നഗരപ്രദേശത്ത് 186.332 കിലോഗ്രാം കഞ്ചാവാണ് പടികൂടിയത്. സിറ്റി പൊലീസ് ഇതുവരെ 7274 റെയ്ഡുകൾ നടത്തി. വിൽപനക്കായി രാസലഹരിവസ്തുക്കളും കഞ്ചാവും സൂക്ഷിച്ചിരുന്നതിന് 21 കേസുകൾ രജിസ്റ്റർ ചെയ്തു. അതടക്കം 962 ലഹരി കേസുകൾ സിറ്റി മേഖലയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 1053 പേരെ അറസ്റ്റ് ചെയ്തു. റൂറൽ മേഖലയിൽ വിൽനക്കായി ലഹരിവസ്തുക്കൾ സുക്ഷിച്ചതിന് അടക്കം 809 ലഹരി കേസുകൾ രജിസ്റ്റർ ചെയ്തു. 920 പേരെ അറസ്റ്റ് ചെയ്തു. നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വിൽപനയുമായി ബന്ധപ്പെട്ട് 335 കേസുകൾ സിറ്റി പൊലീസും 444 കേസുകൾ റൂറൽ പൊലീസും രജിസ്റ്റർചെയ്തിട്ടുണ്ട്.
പരിശോധന തകൃതി; എന്നിട്ടും ലഹരി മാഫിയ സജീവം
സംസ്ഥാനത്ത് ലഹരി മാഫിയയ്ക്കെതിരെയുള്ള വ്യാപക പരിശോധനയായ ‘ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട്’ പൊലീസ് ആരംഭിച്ചത് ജൂൺ രണ്ടു മുതലാണ്. ഇതിനൊപ്പം എക്സൈസ് വകുപ്പ് ‘ഓപ്പറേഷൻ തണ്ടർ’ എന്ന ലഹരി വേട്ടയും നടത്തുന്നുണ്ട്. പൊലീസിന്റെയും എക്സൈസിന്റെയും ശക്തമായ പരിശോധനകൾക്കും ലഹരി സംഘങ്ങളെ അമർച്ച ചെയ്യാൻ കഴിയുന്നില്ല. ദിവസവും നാടിന്റെ മുക്കിലും മൂലയിലും നിന്നുവരെ യുവാക്കൾ പടിയിലായികൊണ്ടിരിക്കുന്നു. ലഹരി സംഘങ്ങളുടെ ചങ്ങല പൊട്ടിക്കാൻ ഇപ്പോൾ നടക്കുന്ന പരിശോധനകൾക്കാവുന്നില്ലെന്നാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്.
അതേസമയം, പുതുതായി ഉപയോക്താക്കളെ കണ്ടെത്തി ലഹരി വിൽപന വിപുലീകരിക്കുന്നത് തടയാൻ പരിശോധനകൾകൊണ്ട് കഴിയുന്നുണ്ടെന്ന് വിലയിരുത്തപെടുന്നു. നിലവിൽ രാസ ലഹരിവസ്തുക്കളും കഞ്ചാവും അതിന്റെ ഉപ ലഹരിവസ്തുക്കളും ഉപയോഗിച്ചുവരുന്നവർക്കാണ് അവ ലഹരി സംഘങ്ങൾ എത്തിച്ച് കൊടുക്കുന്നത്. നേരത്തെ നിർഭയമായി സ്കൂൾ കുട്ടികൾക്ക്വരെ രാസ ലഹരി വസ്തുക്കൾ ലഭ്യമാക്കി ലഹരി മാഫിയ തങ്ങളുടെ കച്ചവട ശൃംഖല വിപുലീകരിച്ച് വരികയായിരുന്നു. അതിന് തടയിടാൻ കഴിഞ്ഞിട്ടുണ്ട്. രാസ ലഹരി കേസുകളിൽ പിടിയിലാകുന്നവർ ബഹു ഭൂരിഭാഗവും യുവാക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.