കൊച്ചിയിൽനിന്നും ലക്ഷദ്വീപിലേക്ക് പരീക്ഷണപ്പറക്കൽ നടത്തുന്ന സീപ്ലെയിൻ വിമാനം
കൊച്ചി: കൊച്ചിയിൽനിന്ന് ലക്ഷദ്വീപിലേക്ക് സീപ്ലെയിൻ സർവിസിന്‍റെ പരീക്ഷണപ്പറക്കൽ ബുധനാഴ്ച മുതൽ ആരംഭിക്കും. മെസ്സേഴ്സ് സ്കൈഹോപ്പ് ഏവിയേഷൻ ലിമിറ്റഡിന്‍റെ 20 സീറ്റുള്ള ഇരട്ട എൻജിൻ സീപ്ലെയിൻ വിമാനമാണ് പരീക്ഷണപ്പറക്കൽ നടത്തുക. കാലാവസ്ഥ കൂടി പരിഗണിച്ച് മൂന്നു ദിവസങ്ങളിലായി വിവിധ ദ്വീപുകളിലേക്ക് ആകെ 12 പരീക്ഷണപ്പറക്കലാണ് നിശ്ചയിച്ചിട്ടുള്ളത്. പരീക്ഷണപ്പറക്കൽ വിജയമാകുന്നതോടെ യാത്രാ സർവിസുകളുടെ സമയക്രമം പ്രഖ്യാപിക്കും. പരീക്ഷണപ്പറക്കലിന് മുന്നോടിയായി ലക്ഷദ്വീപിൽ അഗ്നിരക്ഷാസേനയുടെ അടക്കം സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. കൂടാതെ, അടിയന്തര സാഹചര്യത്തിൽ ജലമാർഗം രക്ഷാപ്രവർത്തനം നടത്താനുള്ള ബോട്ടുകളും സജ്ജമാക്കിയിട്ടുണ്ട്.
ലക്ഷദ്വീപിലേക്കുള്ള യാത്രാസൗകര്യം വർധിപ്പിക്കുന്നതിനും വിനോദ സഞ്ചാരികളെ കൂടുതലായി ആകർഷിക്കാനുമാണ് സീപ്ലെയിൻ സർവിസ് കൊണ്ട് ലക്ഷ്യമിടുന്നത്. കൊച്ചി- അഗത്തി- കൽപേനി- കവരത്തി, കൊച്ചി- കടമത്ത്- കിൽത്താൻ- അഗത്തി എന്നീ ദ്വീപുകളെ ബന്ധിപ്പിച്ചാണ് സർവിസ് നടത്തുക. 45 മുതൽ ഒരു മണിക്കൂർ വരെയാണ് യാത്രാസമയം നിശ്ചയിച്ചിട്ടുള്ളത്.
കേരളത്തിനും ലക്ഷദ്വീപിനും ഇടയിൽ വ്യോമയാനബന്ധം ശക്തിപ്പെടുത്താനും സുസ്ഥിര വിനോദസഞ്ചാരത്തിനും വേഗത്തിലുള്ള ഗതാഗത സേവനങ്ങൾക്കും പുതിയ അവസരങ്ങൾ തുറക്കാനും ലക്ഷ്യമിട്ടാണ് സീപ്ലെയിൻ സർവിസ്. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ), ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ അടക്കമുള്ളവരുടെ സഹകരണത്തോടെ സിയാൽ ആണ് പദ്ധതി ഏകോപിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.