പിടിയിലായ ശ്രേയ,
നിഖില്‍ എന്നിവർ
നായ്ക്കുട്ടിയോടൊപ്പം
മരട്: നെട്ടൂരിലെ പെറ്റ് ഷോപ്പില്‍നിന്ന് നായ്ക്കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. കര്‍ണാടക സ്വദേശികളും എന്‍ജിനീയറിങ് വിദ്യാര്‍ഥികളുമായ നിഖില്‍ (23), ശ്രേയ(23) എന്നിവരാണ് പിടിയിലായത്.
കര്‍ണാടകയിലെ കര്‍ക്കലയില്‍നിന്നാണ് പനങ്ങാട് പൊലീസ് ഇവരെ പിടികൂടിയത്. 45 ദിവസം പ്രായമുള്ള നായ്ക്കുട്ടിയെയും ഇവരിൽനിന്ന് കണ്ടെടുത്തു.
കഴിഞ്ഞ 28നാണ് ഇരുവരും ചേര്‍ന്ന് നെട്ടൂരിലെ പെറ്റ് ഷോപ്പില്‍നിന്ന് 15,000 രൂപ വിലയുള്ള നായ്ക്കുട്ടിയെ ഹെല്‍മറ്റില്‍ ഒളിപ്പിച്ചു കടത്തിയത്.
നായ്ക്കുട്ടി കാര്യമായി ശബ്ദമുണ്ടാക്കാതിരുന്നതിനാല്‍ മോഷണം ആദ്യം ജീവനക്കാരുടെ ശ്രദ്ധയിൽപെട്ടില്ല. പിന്നീട് സി.സി ടി.വി നോക്കിയാണ് മോഷണം ഉറപ്പിച്ചത്. ഉടന്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. അന്വേഷണത്തില്‍ ഒരു മണിക്കൂറിനുള്ളില്‍ വൈറ്റിലയിലെ മറ്റൊരു പെറ്റ് ഷോപ്പില്‍നിന്ന് ഇവര്‍ നായ്ക്കുട്ടിക്കുള്ള തീറ്റയും മോഷ്ടിച്ച് കടന്നതായി കണ്ടെത്തിയിരുന്നു. മോഷണശേഷം കര്‍ണാടകയിലേക്ക് കടന്ന പ്രതികളെ എറണാകുളം അസി.പൊലീസ് കമീഷണര്‍ രാജ്കുമാറിന്റെ നിർദേശാനുസരണം പനങ്ങാട് പൊലീസ് പ്രിന്‍സിപ്പൽ എസ്.ഐ ജിന്സണ് ഡൊമിനിക്, എസ്.ഐ ഹരികുമാര്‍, എസ്.സി.പി.ഒമാരായ ഷീബ, മഹേഷ്, സുധീഷ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റിന് നേതൃത്വം നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.