തലയോലപ്പറമ്പ്: നിയന്ത്രണംവിട്ട കോളജ് ബസ് റോഡരികിലെ ഡിവൈഡറിലും വൈദ്യുതി തൂണിലും ഇടിച്ചുണ്ടായ അപകടത്തിൽ എൻജിനീയറിങ് കോളജ് വിദ്യാർഥി ഉൾപ്പടെ നാല് പേർക്ക് പരിക്ക്. വെള്ളിയാഴ്ച രാവിലെ എട്ടോടെ വരിക്കാംകുന്ന് വളവിലാണ് അപകടം.
ഏറ്റുമാനൂർ മംഗളം എൻജിനീയറിങ് കോളജിലെ ബസാണ് അപകടത്തിൽപ്പെട്ടത്. എറണാകുളം ഭാഗത്ത് നിന്ന് കോട്ടയത്തേക്ക് വരുന്നതിനിടെ വളവിൽ നിയന്ത്രണം വിട്ട് റോഡരികിലെ കോൺക്രീറ്റ് ഡിവൈഡറിലും ഇലക്ട്രിക് പോസ്റ്റിലും ഇടിച്ചുകയറുകയായിരുന്നു.
ഡ്രൈവർക്കുണ്ടായ തളർച്ചയാണ് അപകടത്തിന് കാരണമായത്. പരിക്കേറ്റ വിദ്യാർഥി വൈറ്റില സ്വദേശി ആഷിഖ്, അധ്യാപകരും ചോറ്റാനിക്കര സ്വദേശികളുമായ അനഘ, രശ്മി എന്നിവരെ അരയൻകാവിലെ സ്വകാര്യ ആശുപത്രിയിലും ഡ്രൈവർ വൈക്കം സ്വദേശി സദാനന്ദനെ തലയോലപ്പറമ്പ് പൊതിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
അപകടത്തെ തുടർന്ന് പ്രധാനറോഡിൽ ഒരുമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. തലയോലപ്പറമ്പ് എസ്.ഐ പി.എസ്. സുധീരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്. വൈദ്യുതി പോസ്റ്റ് ഒടിഞ്ഞതിനെ തുടർന്ന് പ്രദേശത്തെ വൈദ്യുതിവിതരണം നിലച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.