ദാ​സ് ക​ലാ​ഭ​വ​ൻ മ​ണി​യുടെ ചിത്രത്തോടൊപ്പം

ദാസിന് കൂട്ട് കലാഭവൻ മണിയുടെ ഓർമയും പാട്ടുകളും

കളമശ്ശേരി: നടൻ കലാഭവൻ മണി മരിച്ച് ആറ് വർഷമാകുമ്പോഴും മണിയുടെ ഓർമകളും പാട്ടുകളുമാണ് ദാസിന് കൂട്ട്.ഏലൂർ പാതാളം ഇ.എസ്.ഐ ഡിസ്പെൻസറിക്ക് സമീപം പപ്പടവിൽപന നടത്തുന്ന 'ദേ പപ്പടം' കടയുടമ ഗുരുവായൂർ സ്വദേശി ദാസിനെ കണ്ടാലും മണിതന്നെയാണ്.

15 വർഷം മുമ്പാണ് ദാസ് ഗുരുവായൂർ എന്ന ദാസ് കലാഭവൻ മണിയെ പരിചയപ്പെടുന്നത്. ഏലൂർ ഫാക്ട് മാർക്കറ്റിനകത്തെ 'ലോകനാഥൻ ഐ.എ.എസി'ന്‍റെ ഷൂട്ടിങ് ലൊക്കേഷനിലായിരുന്നു അത്. ആ ബന്ധം സൗഹൃദമായി മാറി. മണിയുടെ വീടുമായും ദാസിന് നല്ല ബന്ധമായി.

വിശേഷദിനങ്ങളിൽ ദാസ് മണിക്ക് പപ്പടം വീട്ടിൽ എത്തിക്കാറുണ്ടായിരുന്നു. ഇപ്പോൾ മണിയുടെ ചരമദിനത്തിലും ജന്മദിനത്തിലും വീട്ടിൽ പോകും. ചരമദിനത്തിൽ രാവിലെ കടയിൽ മണിയുടെ ഫോട്ടോയിൽ വിളക്ക് തെളിച്ചതിന് ശേഷമാണ് വീട്ടിൽ ചെല്ലുക. പുഷ്പാർച്ചനയിൽ വീട്ടുകാർക്കൊപ്പം പങ്കെടുക്കും.

മണിയുടെ പാട്ടുകൾ പലയിടങ്ങളിലും പാടാൻ പോയിട്ടുണ്ട്. ശബ്ദവും ഭാവവും അതേപടി അനുകരിക്കുന്ന ദാസ് മണിയുടെ രൂപത്തിലും ശൈലിയിലുമാണ് സ്റ്റേജ് പരിപാടികൾ അവതരിപ്പിക്കുന്നത്. നാടൻ പാട്ടുകളോടാണ് ഏറെ പ്രിയം. കോവിഡ് സാഹചര്യത്തിൽ പരിപാടികൾ മുടങ്ങി. എന്നാലും സമൂഹ മാധ്യമങ്ങളിലൂടെ പാടാറുണ്ട്.

പല ഗ്രൂപ്പുകാരുടെ പരിപാടികളിലും കല്യാണ പരിപാടികളിലും പാടാൻ പോകാറുണ്ട്. മണിക്കൊപ്പം ഒരു ഫോട്ടോപോലും എടുക്കാത്തതിന്‍റെ സങ്കടം ദാസിന് ഇപ്പോഴുമുണ്ട്. കട നിറയെ മണിയുടെ ചിത്രങ്ങളാണ്. ചരമദിനം ഓർമപ്പെടുത്തി മണിയുടെ ഫോട്ടോ പതിച്ച വലിയ ബാനറും കടയിൽ തൂക്കിയിട്ടുണ്ട്. മണിയുടെ ചിരിക്കുന്ന ചിത്രത്തോടെയാണ് കടയുടെ ബോർഡും.

Tags:    
News Summary - Kalabhavan Mani Memories and songs with Das

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.