നിർമാണം അന്തിമഘട്ടത്തിലെത്തിയ കളമശ്ശേരിയിലെ കൊച്ചിൻ കാൻസർ സെന്റർ പ്രധാന ബ്ലോക്ക്
കളമശ്ശേരി: എറണാകുളം ജില്ലയിലെയും സമീപ ജില്ലകളിലെയും ആയിരക്കണക്കിന് അർബുദ രോഗികൾക്ക് ആശ്വാസമാകുന്ന കൊച്ചിൻ കാൻസർ റിസർച്ച് സെന്റർ നിർമാണം അവസാന മിനുക്കുപണിയിലേക്ക്. 15നകം സെന്റർ പൂർണ സജ്ജമാകുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. കളമശ്ശേരി മെഡിക്കൽ കോളജ് സൂപ്പർ സ്പെഷാലിറ്റി കെട്ടിടം, ഇവിടെത്തന്നെയുള്ള കാൻസർ സെന്റർ എന്നിവയുടെ പ്രവർത്തന പുരോഗതി വിലയിരുത്താൻ മെഡിക്കൽ കോളജ് സന്ദർശിച്ച ശേഷമാണ് മന്ത്രി ഇക്കാര്യമറിയിച്ചത്. മന്ത്രി പി. രാജീവും ഒപ്പമുണ്ടായിരുന്നു.
കാൻസർ സെന്ററിന്റെ സിവിൽ, ഇലക്ട്രിക്കൽ, പ്ലംബിങ് ജോലികൾ പൂർത്തിയായിട്ടുണ്ട്. വൈദ്യുതി കണക്ഷനും അഗ്നി രക്ഷാസേനയുടെ എൻ.ഒ.സിയും ലഭിച്ചിട്ടുണ്ട്. കുടിവെള്ള കണക്ഷനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാക്കും. മലിനീകരണ നിയന്ത്രണ ബോർഡിന്റേത് ഉൾപ്പെടെ ഏതാനും അനുമതികളാണ് ഇനി ലഭിക്കാനുള്ളത്. ഇതിനായി യുദ്ധകാലാടിസ്ഥാനത്തിൽ നടപടി വേണമെന്ന് ആരോഗ്യ മന്ത്രി ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകിയിരിക്കുകയാണ്.
ആശുപത്രിയിലേക്ക് വേണ്ട മെഡിക്കൽ ഉപകരണങ്ങൾ സ്ഥാപിക്കുന്ന ജോലിയും അവസാന ഘട്ടത്തിലാണ്. സ്കാനിങ് മെഷീനുകൾ ഉൾപ്പെടെ പ്രധാന ഉപകരണങ്ങളെല്ലാം സജ്ജമാക്കിയിട്ടുണ്ടെന്നും ബാക്കിയുള്ളവ എത്രയും വേഗം സ്ഥാപിക്കുമെന്നും അധികൃതർ അറിയിച്ചു. ഓപ്പറേഷൻ തീയേറ്ററുകൾ ഉടൻ പ്രവർത്തന സജ്ജമാക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
മെഡിക്കൽ കോളജ് കോൺഫറൻസ് ഹാളിൽ നടന്ന അവലോകന യോഗത്തിൽ ആരോഗ്യ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. രാജൻ ഖോബ്രാഗഡേ, കലക്ടർ എൻ.എസ്.കെ. ഉമേഷ്, കൊച്ചിൻ കാൻസർ സെന്റർ ഡയറക്ടർ ഡോ. ബാലഗോപാൽ, എറണാകുളം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. എസ്. പ്രതാപ്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ഗീത നായർ, കിഫ്ബി ടെക്നിക്കൽ ഹെഡ് ശ്രീകണ്ഠൻ നായർ, കേരള മെഡിക്കൽ സർവിസസ് കോർപറേഷൻ ലിമിറ്റഡ് ജനറൽ മാനേജർ ഡോ. ഷിബുലാൽ, ജില്ല മെഡിക്കൽ ഓഫിസർ ഡോ. ആശ ദേവി, മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ഗണേഷ് മോഹൻ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.