വിവേക് ബൈജു, രഞ്ജിത് കുമാർ
ആലുവ: പറവൂർ കവലയിലെ വീട്ടിൽനിന്ന് സ്വർണം മോഷ്ടിച്ച കേസിൽ പ്രായപൂർത്തിയാകാത്തയാൾ ഉൾെപ്പടെ മൂന്നുപേർ പിടിയിൽ. ആലുവ യു.സി കോളജിന് സമീപം മില്ലുംപടിയിൽ വാടകക്ക് താമസിക്കുന്ന കോതമംഗലം അയിരൂർപാടം വിമലാലയം വീട്ടിൽ വിവേക് ബൈജു (26), പുതുച്ചേരി സ്വദേശി രഞ്ജിത് കുമാർ (32) എന്നിവരെയും പ്രായപൂർത്തിയാകാത്ത സമീപവാസിയെയുമാണ് ആലുവ പൊലീസ് പിടികൂടിയത്.
21ന് പുലർച്ചെയാണ് ഇവർ സ്വർണാഭരണങ്ങൾ കവർന്നത്. പരിസരവാസിയായ പ്രായപൂർത്തിയാകാത്തയാളാണ് വീടും പരിസരവും ഇവർക്ക് കാണിച്ചുകൊടുത്തത്. മോഷണം നടക്കുമ്പോൾ വീട്ടിൽ ആരും ഇല്ലാതിരുന്നു. സ്വർണം ആലുവയിലെ സ്ഥാപനത്തിൽ വിറ്റശേഷം പണം രണ്ടുപേരും ചേർന്ന് വീതിച്ചെടുക്കുകയായിരുന്നു.
ലഹരി വസ്തുക്കൾ വാങ്ങാനും ആഡംബര ജീവിതത്തിനുമാണ് ഇവർ ഈ പണം ഉപയോഗിച്ചതെന്ന് പൊലീസിനോട് പറഞ്ഞു. ഇരുവർക്കുമെതിരെ സമാനസ്വഭാവമുള്ള പത്തോളം കേസുണ്ട്. വിവേക് ബൈജു ലഹരിമരുന്ന് കേസിലും പ്രതിയാണ്. വിവേക് മാർച്ചിലും രഞ്ജിത് ജൂലൈയിലുമാണ് ജയിൽവാസം കഴിഞ്ഞ് പുറത്തിറങ്ങിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
സ്വർണം മോഷ്ടിച്ച സംഭവത്തിൽ അയൽവാസി അറസ്റ്റിൽ
പറവൂർ: നന്ത്യാട്ടുകുന്നം നികത്തിൽ ഉണ്ണികൃഷ്ണന്റെ വീട്ടിൽ നിന്ന് 4.75 പവൻ ആഭരണങ്ങൾ മോഷ്ടിച്ച സംഭവത്തിൽ അയൽവാസി അറസ്റ്റിൽ. നന്ത്യാട്ടുകുന്നം നികത്തിൽ സജീവനെയാണ് (55) പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച വൈകീട്ട് നാലിനാണ് സംഭവം. മാല, കൈ ചെയിൻ, വള, മോതിരം എന്നിവയാണ് മോഷണം പോയത്. അർബുദബാധിതനായ ഉണ്ണികൃഷ്ണനും ഭാര്യ കൈരളിയും മാത്രമാണ് വീട്ടിൽ താമസം. സംഭവം നടക്കുമ്പോൾ കൈരളി ജോലിക്ക് പോയിരുന്നു. ഉണ്ണികൃഷ്ണൻ തൊട്ടടുത്ത കടയിൽ ചായ കുടിക്കാൻ പോയപ്പോൾ പൂട്ടാതിരുന്ന പിൻവശത്തെ വാതിലിലൂടെ ഇയാൾ അകത്തുകടന്നാണ് അലമാരയിൽ സൂക്ഷിച്ച സ്വർണം കവർന്നത്. വ്യാഴാഴ്ച രാവിലെ ഉണ്ണികൃഷ്ണൻ അലമാര പരിശോധിച്ചപ്പോഴാണ് കളവുപോയ വിവരം അറിഞ്ഞത്. ഉടൻ ഭാര്യ കൈരളി പറവൂർ പൊലീസിൽ പരാതി നൽകി. പറവൂരിലെ ഒരു ജ്വല്ലറിയിൽ സ്വർണം വിൽക്കാൻ സജീവ് അത്താണിയിലെ ഓട്ടോറിക്ഷാ സ്റ്റാൻഡിൽനിന്ന് ഓട്ടോ വിളിച്ചുപോയ വിവരം വീട്ടുകാർക്ക് ലഭിച്ചതാണ് വഴിത്തിരിവായത്. തുടർന്ന് പൊലീസ് വീട്ടിലെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.