നിർധന കുടുംബത്തിലെ പെൺകുട്ടിയുടെ വിവാഹത്തിന് ഭക്ഷണം തയാറാക്കുന്ന മനസ്സിലെ അംഗങ്ങൾ
'മനസ്സി'െൻറ പുണ്യത്തിന് ഒരു വയസ്സ്; സൗജന്യ വിവാഹസദ്യ ഒരുക്കിയത് 17 നിർധന പെൺകുട്ടികൾക്ക്
മട്ടാഞ്ചേരി: ഒരു കൂട്ടം യുവാക്കളുടെ നേതൃത്വത്തിൽ ആരംഭിച്ച മനസ്സെന്ന പുണ്യകർമത്തിന് ഒരു വയസ്സ് തികയുന്നു. പിതാവ് മരണപ്പെട്ടതും മാതാപിതാക്കൾ കിടപ്പിലായതുമായ പാവപ്പെട്ട കുടുംബങ്ങളിലെ പെൺകുട്ടികളുടെ വിവാഹത്തിന് വസ്ത്രങ്ങൾ നൽകിയും വിവാഹ സദ്യ ഒരുക്കിയും നാടിെൻറ മനസ്സ് കീഴടക്കുകയാണ് മനസ്സ് എന്ന പേരിലുള്ള കൂട്ടായ്മയിലെ യുവാക്കൾ. എത്ര പേരുടെ ഭക്ഷണമാണെങ്കിലും വിഭവങ്ങൾ ശേഖരിക്കുന്നത് മുതൽ വെച്ച് വിളമ്പുന്നത് വരെ സുമനസ്സിെൻറ ഉടമകളായ ചെറുപ്പക്കാർ തന്നെ.
ഒരു വർഷം മുമ്പ് പിതാവ് അപകടത്തിൽപെട്ട് കിടപ്പിലായ ഒരു പെൺകുട്ടിയുടെ വിവാഹത്തിനുള്ള ഭക്ഷണം ഏർപ്പെടുത്താൻ ഈ കുടുംബം വിഷമിക്കുന്നത് മനസ്സിലാക്കിയ ആർ. ബഷീർ എന്ന ചെറുപ്പക്കാരനാണ് ഈ സേവന കർമത്തിന് തുടക്കമിട്ടത്.
തെൻറ താൽപര്യം സുഹൃത്തുക്കളുമായി പങ്ക് വെച്ചപ്പോൾ അവരും എന്തിനും തയാറായി മുന്നോട്ട് വന്നു. ഇതോടെ ഈ കുട്ടിയുടെ വിവാഹത്തിനുള്ള ഭക്ഷണവും വസ്ത്രവും ഇവർ തന്നെ ഒരുക്കി. പിന്നീട് ഇത്തരത്തിൽ ബുദ്ധിമുട്ടുന്നവർ യുവാക്കളെ സമീപിക്കാൻ തുടങ്ങി. മതവും ജാതിയും രാഷ്ട്രീയവുമൊന്ന് ഇവർക്ക് ഒരു തടസ്സമായിരുന്നില്ല. ആവശ്യപ്പെട്ട അർഹരായ എല്ലാവരുടെയും വിവാഹത്തിന് ഭക്ഷണമൊരുക്കി മനസ്സിലെ ചെറുപ്പക്കാർ നാട്ടിൽ തിളങ്ങിനിന്നു. ഒരു വർഷം തികഞ്ഞ തിങ്കളാഴ്ച രണ്ട് പാവപ്പെട്ട കുടുംബങ്ങളിലെ പെൺകുട്ടികളുടെ വിവാഹത്തിനാണ് ചെറുപ്പക്കാർ ഭക്ഷണം വിളമ്പിയത്.
ഒപ്പം വിവാഹ വസ്ത്രങ്ങളും നൽകി. തുടക്കത്തിൽ ഓരോ വിവാഹത്തിനും ആയിരത്തിലധികം പേർക്കാണ് ഇവർ ഭക്ഷണം തയാറാക്കിയിരുന്നത്. ഇപ്പോൾ കോവിഡ് കാലമായതിനാൽ മാനദണ്ഡങ്ങൾ പാലിച്ച് നൂറോളം പേർക്കുള്ള ഭക്ഷണമാണ് തയാറാക്കുന്നത്. സുമനസ്സുകളുടെ സഹായവും ഇവർക്ക് ലഭിക്കുന്നുണ്ട്. ഇനിയും ഇത്തരത്തിൽ പിതാവ് നഷ്ടപ്പെട്ടതും മാതാപിതാക്കൾ കിടപ്പിലായതുമായ പാവപ്പെട്ട പെൺകുട്ടികൾ ഉണ്ടെങ്കിൽ ഭക്ഷണവും വസ്ത്രങ്ങളും നൽകാൻ തയാറായി നിൽക്കുകയാണ് നന്മനിറഞ്ഞ മനസ്സിെൻറ ഉടമകളായ ചെറുപ്പക്കാർ.
ആർ.ബഷീർ, അയൂബ് സുലൈമാൻ, സനൽ ഈസ, എം.എ സൈനുദ്ദീൻ, ഷെബിൻ, സജീർ, സംജിത്,അസീസ് എന്നിവരടങ്ങുന്ന സംഘത്തിന് താങ്ങായി പാചകം ചെയ്യാൻ സൈനുദ്ദീനുമുണ്ട്. ആവശ്യക്കാർ 7736701226, 9995662225 എന്ന നമ്പറിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.