ശസ്ത്രക്രിയക്ക് ശേഷം പ്രിയാൻഷി, മാതാപിതാക്കൾക്കൊപ്പം
ബാറ്ററി വില്ലനായി; രണ്ട് വയസ്സുകാരി മരണമുഖത്ത്നിന്ന് ജീവിതത്തിലേക്ക്
കൊച്ചി: വീട്ടിൽ കളിക്കുന്നതിനിടെ കൈയിൽ കിട്ടിയ കുഞ്ഞൻ ബട്ടൺ ബാറ്ററിയോട് രണ്ടു വയസ്സുകാരിക്ക് തോന്നിയ കൗതുകം അവരെ ചെന്നുനിർത്തിയത് മരണമുനമ്പിൽ. അബദ്ധത്തിൽ ബാറ്ററി വിഴുങ്ങിയ ഒഡീഷയിൽ നിന്നുള്ള അതിഥി തൊഴിലാളികളുടെ മകൾ പ്രിയാൻഷിയാണ് ഭാഗ്യവും വിദഗ്ധ പരിചരണവും കൊണ്ട് ജീവിതത്തിലേക്ക് തിരികെയെത്തിയത്. ഏതു നിമിഷവും നിലക്കാവുന്ന ശ്വാസവുമായി കൊച്ചി ആസ്റ്റർ മെഡ്‌സിറ്റിയിൽ എത്തിയ കുഞ്ഞിന് ഇത് രണ്ടാം ജന്മം.
പെരുമ്പാവൂർ ഒടക്കാലിയിൽ താമസിക്കുന്ന രാജേന്ദ്ര - പുഷ്പലത പാണ്ഡ ദമ്പതികളുടെ മകളായ പ്രിയാൻഷി കളിക്കുന്നതിനിടെയാണ് അബദ്ധത്തിൽ ബാറ്ററി വിഴുങ്ങിയത്. ഉടൻ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ച് ബാറ്ററി പുറത്തെടുത്തു. എന്നാൽ അതിലെ രാസവസ്തുക്കൾ കുട്ടിയുടെ അന്നനാളത്തിലും ശ്വാസനാളത്തിലും ഗുരുതരമായ പൊള്ളലേൽപ്പിച്ചു. തുടർന്ന് രണ്ട് നാളങ്ങൾക്കുമിടയിൽ, ദ്വാരം രൂപപ്പെടുകയും കുട്ടി കുടിക്കുന്ന വെള്ളം ശ്വാസകോശത്തിലേക്ക് ഇറങ്ങി, ജീവന് തന്നെ ഭീഷണിയാകുന്ന സാഹചര്യമുണ്ടാകുകയും ചെയ്തു.
ആസ്റ്റർ മെഡ്‌സിറ്റിയിലെ ഹെഡ് ആൻഡ് നെക്ക് ഓങ്കോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ഷോൺ ടി. ജോസഫിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം രാത്രി ഏറെ വൈകിയും നടത്തിയ അതിസങ്കീർണമായ ശസ്ത്രക്രിയ വിജയം കണ്ടു. കുട്ടിയുടെ അന്നനാളത്തിലെയും ശ്വാസനാളത്തിലെയും ദ്വാരം അടയ്ക്കാനായി. ഡോക്ടർമാരായ മനോജ് പി. നായർ, സൗരഭ് പത്മനാഭൻ, സാറാ മേരി തമ്പി, അഭിജിത്ത് ജോർജ്, കാരുണ്യ ആർ. ഗോപാൽ, കവിത സദൻ തുടങ്ങിയവർ ചികിത്സക്ക് നേതൃത്വം നൽകി. പ്രിയാൻഷി ഇപ്പോൾ സാധാരണ നിലയിൽ ഭക്ഷണം കഴിക്കുകയും സംസാരിക്കുകയും ചെയ്യുന്നുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.