കൊച്ചി: പ്രശസ്തിയുടെയും സമ്പത്തിെൻറയും വെള്ളിവെളിച്ചം നിറഞ്ഞ സ്വപ്നലോകമാണ് പുറത്തുള്ളവർക്ക് സിനിമ. കോടികൾ വിലയുള്ള താരങ്ങൾ. ലക്ഷങ്ങൾ പ്രതിഫലം വാങ്ങുന്ന സംവിധായകരും സാങ്കേതികപ്രവർത്തകരും. എന്നാൽ, നിറപ്പകിട്ടും ആഘോഷങ്ങളുമായി പ്രേക്ഷകന് മുന്നിലെത്തുന്ന സിനിമയുടെ പിറവിക്ക് പിന്നിൽ വിയർപ്പൊഴുക്കുന്ന മറ്റൊരു കൂട്ടരുണ്ട്. സെറ്റുകളിൽ പകലന്തിയോളം പണിയെടുത്ത് അന്നന്ന് കിട്ടുന്ന വേതനംകൊണ്ട് ജീവിതത്തിെൻറ റീലുകൾ മെനഞ്ഞെടുക്കുന്നവർ. സഹായിയായും സഹ ജോലിക്കാരനായും സിനിമക്കുവേണ്ടി പണിയെടുക്കുന്ന ഇക്കൂട്ടരിൽ നല്ലൊരു ഭാഗത്തിെൻറയും ജീവിതാവസ്ഥകൾ നാട്ടിൻപുറത്തെ കൂലിപ്പണിക്കാരുടേതിന് സമാനമാണ്. കോവിഡിൽ മലയാള സിനിമലോകം നിശ്ചലമായതോടെ കഴിഞ്ഞ അഞ്ചുമാസമായി ഇടവേളകളില്ലാത്ത ദുരിതത്തിലൂടെയാണ് ഇവരുടെ ജീവിതം കടന്നുപോകുന്നത്.
സംസ്ഥാനത്ത് സിനിമ ചിത്രീകരണവും പ്രദർശനവുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും മാർച്ച് 10ന് അവസാനിപ്പിച്ചതാണ്. ഇതുമൂലമുള്ള നഷ്ടം 400 കോടിയിലേക്ക് അടുക്കുെന്നന്ന് സിനിമ മേഖലയിലുള്ളവർ പറയുന്നു. ഇതോടെ ഏറ്റവും ദുരിതത്തിലായത് ഏഴായിരത്തോളമുള്ള ദിവസവേതനക്കാരായ തൊഴിലാളികളാണ്. ഡ്രൈവർമാർ, പ്രൊഡക്ഷൻ അസിസ്റ്റൻറുമാർ, അസിസ്റ്റൻറ് കാമറമാൻമാർ, സെറ്റ് തയാറാക്കുന്നവർ, വസ്ത്രാലങ്കാരവും മേക്കപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സഹായികൾ, ലൈറ്റ്മാൻമാർ, മെസ് ജോലിക്കാർ, കലാസംവിധാന സഹായികൾ, തിയറ്റർ തൊഴിലാളികൾ...എന്നിങ്ങനെ പോകുന്നു അവരുടെ പട്ടിക. വർഷങ്ങളായി ഇവരിൽ ഭൂരിഭാഗത്തിെൻറയും ഏക വരുമാനമാർഗം സിനിമയാണ്. അപ്രതീക്ഷിത ആഘാതത്തിെൻറ കറുപ്പും വെളുപ്പും നിറഞ്ഞതാണ് ഇപ്പോൾ ഇവരുടെ ജീവിതം. പലരും വാടകവീടുകളിൽ കഴിയുന്നവരാണ്. ജീവൻ പിടിച്ചുനിർത്താൻ ദിവസവും മരുന്ന് കഴിക്കുന്നവരുമുണ്ട്. മക്കളുടെ വിദ്യാഭ്യാസവും ബാങ്ക് വായ്പയുടെ ഭാരവുമെല്ലാംകൂടി ജീവിതം ചോദ്യചിഹ്നമായിരിക്കുന്നു.
സാങ്കേതികപ്രവർത്തകരുടെ സംഘടനയായ ഫെഫ്ക താരങ്ങളുടെയും ചില സ്ഥാപനങ്ങളുടെയും സഹായത്തോടെ ഓരോ തൊഴിലാളിക്കും 5000 രൂപ ധനസഹായം നൽകിയിരുന്നു. സർക്കാറിൽനിന്ന് 1000 രൂപ വീതം രണ്ടുമാസം കിട്ടി. എന്നാൽ, ഇതുകൊണ്ടൊക്കെ എത്രനാൾ ജീവിതം തള്ളിനീക്കാനാകും? പിടിച്ചുനിൽക്കാനായി ചിലർ മറ്റുതൊഴിലുകളിലേക്ക് തിരിഞ്ഞു. ഫെഫ്കയുടെ കീഴിൽ ഈ തൊഴിലാളികളെ പ്രതിനിധാനംചെയ്യുന്ന 19 യൂനിയനുകൾ അംഗങ്ങൾക്ക് ഭക്ഷ്യക്കിറ്റ് നൽകി പട്ടിണിയില്ലാത്ത ഓണം ഒരുക്കാനുള്ള ശ്രമത്തിലാണ്.
ഖജനാവിലേക്ക് പ്രതിമാസം വിനോദനികുതിയായി കോടികൾ നൽകുന്ന സിനിമയിലെ തൊഴിലാളികളോട് ഈ പ്രതിസന്ധിഘട്ടത്തിൽ സർക്കാർ മതിയായ അനുഭാവം പ്രകടിപ്പിച്ചില്ലെന്ന ആക്ഷേപം ഒരുഭാഗത്തുണ്ട്. വാടക ഇളവ് സംബന്ധിച്ച സർക്കാർ നിർദേശം കെട്ടിട ഉടമകൾ പാലിക്കുന്നില്ലെന്ന് തൊഴിലാളികൾ പറയുന്നു. വാടക നൽകാനില്ലാത്തതിനാൽ വീട് ഒഴിഞ്ഞുകൊടുക്കേണ്ട അവസ്ഥയിൽ ഉള്ളവരുമുണ്ട്. തങ്ങളുടെയും കുടുംബാംഗങ്ങളുടെയും ദൈനംദിന മരുന്നുകളുടെ ചെലവാണ് ഇവരെ അലട്ടുന്ന മറ്റൊരു പ്രശ്നം. വരുമാനം പൂർണമായി നിലച്ചതോടെ ചികിത്സ മുന്നോട്ടുകൊണ്ടുപോകാനാവാതെ കുഴങ്ങുകയാണ് പലരും. പ്രതിസന്ധിയിൽനിന്ന്എങ്ങനെ, എന്ന് കരകയറാനാകുമെന്ന് ഇവർക്ക് ഒരുനിശ്ചയവുമില്ല.
ചെറുതല്ല പ്രതിസന്ധി
–ബി. ഉണ്ണികൃഷ്ണൻ
ചലച്ചിത്രലോകത്തെയും ദിവസവേതനക്കാരായ ആയിരക്കണക്കിന് തൊഴിലാളികൾ നേരിടുന്ന പ്രതിസന്ധി ചെറുതല്ലെന്ന് സംവിധായകനും ഫെഫ്ക ജനറൽ സെക്രട്ടറിയുമായ ബി. ഉണ്ണികൃഷ്ണൻ.
നിലവിലെ അവസ്ഥ അനിശ്ചിതമായി നീണ്ടാൽ ഇക്കൂട്ടരെ ആർക്കും സഹായിക്കാനാവാതെവരും. ഫെഫ്ക സാധ്യമായത് ചെയ്യുന്നുണ്ട്. ആദ്യഘട്ടമായി 5000 രൂപ വീതം വിതരണം ചെയ്തു.
ഇനിയും എന്തെങ്കിലും ചെയ്യാനാകുമോ എന്ന് ആലോചിക്കും. ആവശ്യക്കാർക്ക് മരുന്ന് എത്തിച്ചുകൊടുക്കുന്ന കാര്യവും പരിഗണിക്കും. വിഷയം മുഖ്യമന്ത്രിയുടെയും സാംസ്കാരിക മന്ത്രിയുടെയും ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. സ്വന്തമായി വീടില്ലാത്തവർക്ക് വാടകയിൽ ഇളവോ മൊറട്ടോറിയമോപോലുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുകയും നീതി മെഡിക്കൽ സ്റ്റോറുകൾ വഴി ന്യായവിലയ്ക്ക് ജീവൻ രക്ഷാമരുന്നുകൾ ലഭ്യമാക്കുകയും വേണം. സർക്കാറിെൻറ ഭാഗത്തുനിന്ന് അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.