മട്ടാഞ്ചേരി: കെ.എസ്.ഇ.ബി ജീവനക്കാർ ഫിലമെൻറ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി എൽ.ഇ.ഡി ബൾബ് വിതരണത്തിന് ഇറങ്ങിയതോടെ സേവനങ്ങൾ ലഭിക്കാതെ ഉപഭോക്താക്കൾ ദുരിതത്തിൽ. മട്ടാഞ്ചേരി ഡിവിഷനിലാണ് ലൈൻമാന്മാരും വർക്കർമാരും വീടുവീടാന്തരം കയറി ബൾബ് വിതരണം ചെയ്യുന്നത്. ഇതുമൂലം പുതിയ കണക്ഷൻ നൽകലും മീറ്റർ മാറ്റലും അടക്കം അത്യാവശ്യ സേവനങ്ങൾ തടസ്സപ്പെടുകയാണ്.
പതിനായിരക്കണക്കിന് ഉപഭോക്താക്കളാണ് ബൾബിനായി ഡിവിഷന് കീഴിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ, വീടുകളിൽ വിതരണത്തിന് എത്തുമ്പോൾ ഭൂരിഭാഗം പേരും ബൾബ് വാങ്ങാൻ വിസമ്മതിക്കുകയാണ്. തങ്ങൾ അറിയാതെയാണ് പദ്ധതിയിൽ രജിസ്്റ്റർ ചെയ്തതെന്ന് ഇവർ പറയുന്നു. ഉപഭോക്താക്കളുടെ സമ്മതമില്ലാതെ ഉദ്യോഗസ്ഥർ തന്നെ രജിസ്്റ്റർ ചെയ്യുകയായിരുന്നുവെന്ന് പരാതിയുണ്ട്.
വളരെക്കുറച്ച് വീടുകളിൽ മാത്രമേ ഇതുവരെ ബൾബ് വിതരണം നടത്താനായിട്ടുള്ളൂ. മറ്റെല്ലാ ജോലികളും നിർത്തിവെച്ച് ഈമാസം 31വരെ ബൾബ് വിതരണത്തിന് ഇറങ്ങാനാണ് ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശമെന്നാണ് അറിയുന്നത്.
തെരഞ്ഞെടുപ്പിന് മുമ്പ് പരമാവധി വീടുകളിൽ ബൾബ് എത്തിക്കുകയും അത് പ്രചാരണ വിഷയമാക്കുകയുമാണ് ലക്ഷ്യമെന്നും ആക്ഷേപമുണ്ട്. ഇത് ജീവനക്കാർക്കിടയിലും അമർഷത്തിന് കാരണമായിട്ടുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.