കൊച്ചി: മദ്യനിരോധിത മേഖലയായ ലക്ഷദ്വീപിൽ കോവിഡ് സാഹചര്യങ്ങളുടെ മറവിൽ മദ്യവും കഞ്ചാവും ഉൾപ്പെടെ ലഹരി വസ്തുക്കൾ കടത്തുന്ന സംഘങ്ങൾ സജീവമാകുന്നു. ആറുമാസത്തിനിടെ ലക്ഷദ്വീപ് പൊലീസ് വിവിധ ദ്വീപുകളിലായി പത്തിലധികം ലഹരിവേട്ടയാണ് നടത്തിയത്.
വാറ്റ് നിർമാണസംഘങ്ങളും പല ദ്വീപിലും പിടിയിലായി. ഈ മാസം നാലിന് കവരത്തിലെത്തിയ എം.വി കവരത്തി കപ്പലിലെ രണ്ട് യാത്രക്കാരിൽനിന്ന് 17 വിദേശ മദ്യക്കുപ്പികൾ പിടികൂടിയിരുന്നു. അതേ കപ്പലിൽനിന്ന് 23 വിദേശമദ്യ കുപ്പികളടങ്ങിയ വെള്ള ചാക്ക് ഉപേക്ഷിക്കപ്പെട്ട നിലയിലും കണ്ടെത്തി.
മറ്റ് പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കി. ലഹരികടത്ത് സംഘങ്ങളെ നിരീക്ഷിക്കാൻ കൂടുതൽ പൊലീസ് സ്ക്വാഡുകൾ രൂപവത്കരിച്ചതായി കവരത്തി സ്റ്റേഷൻ ഹൗസ് ഓഫിസർ എസ്.ഐ ഖലീൽ പറഞ്ഞു. ലഹരികടത്തുമായി ബന്ധപ്പെട്ട് ഒരു വർഷത്തിനിടെ 15 ഓളം കേസുകൾ കവരത്തി സ്റ്റേഷൻ പരിധിയിൽ മാത്രം രജിസ്റ്റർ ചെയ്തു. എസ്.ഐ ഖലീലിെൻറ നേതൃത്വത്തിൽ റെയ്ഡുകളിൽ പങ്കെടുത്ത 12 അംഗ പൊലീസ് സംഘത്തെ ലക്ഷദ്വീപ് എസ്.പി അമിത് വർമ സർട്ടിഫിക്കറ്റും പ്രശസ്തിപത്രവും നൽകി അനുമോദിച്ചു.
ദ്വീപുകളിലെ വിദ്യാർഥികൾക്കിടയിൽ ലഹരി ഉപഭോഗം വർധിച്ച് വരുന്നതിനാൽ പല ദ്വീപിലും ക്രമസമാധാന പ്രശ്നങ്ങൾ ഉടലെടുക്കുന്നതായി റിപ്പോർട്ടുണ്ട്. ലക്ഷദ്വീപ് പൊലീസിെൻറ ലഹരിവിരുദ്ധ പോരാട്ടങ്ങൾക്ക് ദ്വീപ് നിവാസികളുടെ പൂർണ പിന്തുണ ഉണ്ടാകുമെന്ന് ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസൽ, കവരത്തി പഞ്ചായത്ത് ചെയർമാൻ ടി. അബ്ദുൽ ഖാദർ എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.