കൊച്ചി: നഗരമേഖലയിൽ സ്വകാര്യബസുകളുടെ അപകടകരമായ ഡ്രൈവിങ് നിയന്ത്രിക്കാൻ ശക്തമായ നടപടി സ്വീകരിക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. ഇതിന്‍റെ ഭാഗമായി അപകടകരമായ രീതിയിൽ വാഹനമോടിച്ച സ്വകാര്യബസ് ഡ്രൈവറുടെ ലൈസൻസ് ഒരു മാസത്തേക്ക് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കി.
പുക്കാട്ടുപടി- ഫോർട്ട് കൊച്ചി റൂട്ടിൽ സർവിസ് നടത്തുന്ന സ്വകാര്യബസിന്‍റെ ഡ്രൈവറായ തൃക്കാക്കര എൻ.ജി.ഒ ക്വാർട്ടേഴ്‌സ് സ്വദേശി ഷംസുദ്ദീൻ ബാബുവിന്‍റെ ലൈസൻസാണ് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കിയത്.ജൂൺ 30ന് വള്ളത്തോൾ നഗർ ജങ്ഷനുസമീപം തിരക്കേറിയ സമയത്ത് ഗതാഗതനിയമം ലംഘിച്ച് തെറ്റായ ഭാഗത്തുകൂടി വരുന്നതിനിടെയാണ് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെട്ടത്.
വാഹനം കൂടുതൽ ഗതാഗതക്കുരുക്ക് ഉണ്ടാക്കുകയും ചെയ്തിരുന്നു. ബസ് ഡോറുകളും കൃത്യമായി അടച്ചിരുന്നില്ല. മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥനായ ഇന്ദുധരൻ ആചാരിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
രാത്രിയിൽ മത്സരയോട്ടം:ലൈസൻസ് മൂന്നുമാസത്തേക്ക് റദ്ദാക്കി
കൊച്ചി: കലൂർ സ്റ്റേഡിയം പരിസരത്ത് അപകടകരമായ രീതിയിൽ ബൈക്ക് ഓടിച്ചയാളുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് മൂന്നുമാസത്തേക്ക് റദ്ദാക്കി.വയനാട് പുൽപള്ളി സ്വദേശിയായ അരുൺ ഷാജിയുടെ ലൈസൻസാണ് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കിയത്. ഓപറേഷൻ റെയ്സിന്റെ ഭാഗമായുള്ള പരിശോധനയിലാണ് വാഹനം കണ്ടെത്തിയത്. പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കുന്ന തരത്തിൽ ഉയർന്ന ശബ്ദത്തിലാണ് അരുൺ വാഹനമോടിച്ചത്.
വാഹനം ശ്രദ്ധയിൽപെട്ട മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ സമീർ ബാബുവിന്‍റെ നേതൃത്വത്തിൽ വാഹനം നിർത്താൻ കൈ കാണിച്ചെങ്കിലും ഇയാൾ കടന്നുകളയുകയായിരുന്നു. നമ്പർ പരിശോധിച്ചാണ് വാഹന ഉടമയെ കണ്ടെത്തിയത്. ഓപറേഷൻ റെയ്സിന്റെ ഭാഗമായുള്ള പരിശോധനകൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പുരോഗമിച്ചുവരുകയാണ്. അപകടകരമായ രീതിയിൽ വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.