കൊച്ചി: കണ്ടെയ്ൻമെൻറ് സോണിലാണെങ്കിലും മാലിന്യം പെറുക്കിമാറ്റണം, ക്വാറൻറീൻ കേന്ദ്രങ്ങളിൽ നിരീക്ഷണത്തിലുണ്ടായിരുന്നവർക്ക് ഭക്ഷണമെത്തിക്കണം, അവർ രോഗം കണ്ടെത്തി ആശുപത്രികളിലേക്കോ രോഗമില്ലാതെ വീടുകളിലേക്കോ മടങ്ങിയാൽ അവിടമാകെ അണുമുക്തമാക്കണം, മഴക്കാല പ്രതിരോധ പ്രവർത്തനങ്ങളും ഒപ്പം ചെയ്യണം... നഗരസഭകളിലെ ശുചീകരണ തൊഴിലാളികളുടെ കാര്യമാണ് പറഞ്ഞുവരുന്നത്.
കോവിഡ് വ്യാപനം നാൾക്കുനാൾ വർധിക്കുമ്പോഴും കണ്ടെയ്ൻമെൻറ് സോണുകളിലും ക്വാറൻറീൻ കേന്ദ്രങ്ങളിലും മുൻപിൻ നോക്കാതെ ജോലി ചെയ്യുന്ന ഒരു കൂട്ടം ആളുകളാണിവർ. സുരക്ഷ മുൻകരുതലുകൾ എടുത്താണ് ശുചീകരണ പ്രവൃത്തിയെങ്കിലും അപകടസാധ്യതയേറെ.
എന്നിട്ടും അവർ മുമ്പുള്ളതിനെക്കാളേറെ സമയം പ്രവൃത്തിപഥത്തിലുണ്ട്. കൊച്ചി കോർപറേഷനു കീഴിൽ മാത്രം രണ്ടായിരത്തോളം ശുചീകരണ തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്. ജില്ലയിലെ മറ്റു നഗരസഭകളിലും നൂറുകണക്കിന് ജീവനക്കാരുണ്ട്. കോർപറേഷനു കീഴിലെ ഒരു തൊഴിലാളിപോലും ഇതുവരെ കോവിഡ് സംശയനിഴലിലോ ക്വാറൻറീനിലോ പോലും പോവേണ്ടിവന്നിട്ടില്ലെന്ന് ഇവരുടെ സംഘടന ഭാരവാഹികൾ വ്യക്തമാക്കുന്നു.''പരമാവധി സുരക്ഷ മുൻകരുതലുകളെടുത്തു തന്നെയാണ് എല്ലായിടത്തും പോവുന്നത്.
ഭാഗ്യത്തിന് ആർക്കും അസുഖമൊന്നും വന്നിട്ടില്ല''. കൊച്ചിൻ കോർപറേഷൻ തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) ജന.സെക്രട്ടറിയും വൈറ്റിലയിലെ ശുചീകരണ തൊഴിലാളിയുമായ പൂണിത്തുറ സ്വദേശി കെ.കെ. ബാബു പറയുന്നു.
തുടക്കത്തിൽ കോർപറേഷൻ മഴക്കോട്ട്, ബൂട്ട്, ഗ്ലൗസ്, മാസ്ക് തുടങ്ങിയവ നൽകിയിരുന്നെങ്കിലും നിലവിൽ ഗ്ലൗസ് കിട്ടുന്നില്ല. ഒരു ഗ്ലൗസ് പരമാവധി ഒരാഴ്ചയേ ഉപയോഗിക്കാനാവൂ. എന്നാൽ, പലരും ഇവ വീണ്ടും അണുമുക്തമാക്കിയും സ്വന്തം കൈയിൽനിന്ന് പണം മുടക്കി വാങ്ങിയുമെല്ലാമാണ് ഉപയോഗിക്കുന്നത്. കൂടുതൽ ഗ്ലൗസും മറ്റും നൽകണമെന്ന് ആവശ്യപ്പെട്ട് കോർപറേഷൻ അധികൃതരെ സമീപിച്ചിട്ടുണ്ട്.
ആശുപത്രികളിൽനിന്ന് ഉപേക്ഷിക്കുന്ന മാലിന്യംവരെ വഴിയരികിൽനിന്ന് പെറുക്കി മാറ്റുന്നവരാണ് ഇവർ. ലോക്ഡൗണായതുകൊണ്ട് ലീവ് പോലുമെടുക്കാതെയുള്ള ജോലിയാണ് മിക്കവരും. നേരത്തേ രാവിലെ ആറര മുതൽ ഉച്ചക്ക് 12.30 വരെയായിരുന്നു ജോലി.
കോവിഡ് സാഹചര്യത്തിൽ ഉച്ചക്ക് രണ്ടുവരെയൊക്കെ ഇവർ സജീവമായുണ്ട്. കൈമെയ്യ് മറന്നുള്ള ദൗത്യത്തിന് അംഗീകാരമായി ആരോഗ്യപ്രവർത്തകർക്ക് റിസ്ക് അലവൻസ് നൽകാനുള്ള സർക്കാർ തീരുമാനത്തിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് തൊഴിലാളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.