കരുമാല്ലൂർ: കരുമാല്ലൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫിസറെ ജാതിപ്പേര് വിളിച്ച് ഭീഷണിപ്പെടുത്തുകയും ജോലി തടസ്സപ്പെടുത്തിയെന്നുമുള്ള പരാതിയിൽ കരുമാല്ലൂർ പഞ്ചായത്തിലെ മൂന്ന് ജനപ്രതിനിധികൾക്കെതിരെ ആലുവ വെസ്റ്റ് പൊലീസ് കേസെടുത്തു.
10ാം വാർഡംഗം വെളിയത്തുനാട് പേലിപറമ്പിൽ വീട്ടിൽ മുഹമ്മദ് മെഹ്ജൂബ്(35), 13ാം വാർഡംഗം യു.സി കോളജ് ഇലവുങ്കപറമ്പിൽ അബ്ദുൽ സലാം (50), രണ്ടാം വാർഡംഗം മാഞ്ഞാലി തോപ്പിൽ വീട്ടിൽ ടി.എ. മുജീബ് ( 48) എന്നിവർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തത്.
അബ്ദുൽസലാം, മുജീബ് എന്നിവർ കോൺഗ്രസ് പാർട്ടി അംഗങ്ങളും മുഹമ്മദ് മെഹ്ജൂബ് തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി വിജയിച്ച ശേഷം അടുത്തിടെ യു.ഡി.എഫിലേക്ക് ചേക്കേറിയ ആളുമാണ്. ഇക്കഴിഞ്ഞ മാർച്ച് 20നാണ് സംഭവം. അന്നേ ദിവസം രാവിലെ ഫാർമസിയിൽ മരുന്ന് വാങ്ങാനെത്തിയ ഒരാൾക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയെന്നാരോപിച്ചാണ് മൂന്നുപേരും കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിയത്.
ഫാർമസിയിൽ കയറി മരുന്നുകൾ പരിശോധിക്കണമെന്ന് മുഹമ്മദ് മെഹ്ജൂബ് ഡോക്ടറോട് ആവശ്യപ്പെട്ടെങ്കിലും അനുവദിക്കാതിരുന്നതിനെ തുടർന്നാണ് പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഡോക്ടറെ ജാതിപ്പേര് വിളിക്കുകയും മാനഹാനി വരുത്തണമെന്ന ഉദ്ദേശ്യത്തോടെ പെരുമാറുകയും ചെയ്തതെന്ന് പ്രഥമവിവര റിപ്പോർട്ടിലുണ്ട്.
ഈ സ്ഥാപനത്തിൽ ജോലി ചെയ്യാൻ അനുവദിക്കില്ലെന്ന് മൂവരും ചേർന്ന് ഭീഷണിപ്പെടുത്തിയെന്നും സാമൂഹ്യ മാധ്യമങ്ങളിലൂടെ മറ്റും സംഭവം വ്യാജമായി പ്രചരിപ്പിച്ചെന്നും ഇത് ജോലി ചെയ്യാൻ പറ്റാത്ത വിധത്തിൽ തനിക്ക് മാനഹാനിയും മനോവിഷമവും ഉണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടി ഡോക്ടർ നൽകിയ പരാതിയിലാണ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.