കുമ്പളങ്ങി കായലിൽ എക്കൽ സൃഷ്ടിച്ച കരയിലകപ്പെട്ട ചീനവലകൾ

എക്കൽ നിറഞ്ഞ് കായലുകൾ, കരയിലകപ്പെട്ട് ചീനവലകൾ

പള്ളുരുത്തി: കായലുകൾ എക്കൽ നിറഞ്ഞതോടെ മത്സ്യബന്ധനത്തിനിടമില്ലാതെ ചീനവല തൊഴിലാളികൾ. പെരുമ്പടപ്പ്, കുമ്പളങ്ങി കായലുകളിൽ എക്കൽ നിറഞ്ഞതോടെ നിരവധി ചീനവലകളാണ് എക്കൽ സൃഷ്ടിച്ച കരയിൽ അകപ്പെട്ടത്. ഈ എക്കൽ രൂപപ്പെടുത്തിയ കരക്ക് മുകളിലേക്ക് ശക്തമായ വേലിയേറ്റ സമയത്തുപോലും വെള്ളം കയറുന്നില്ല. നൂറോളം ചീനവലകളാണ് കഴിഞ്ഞ മൂന്നു വർഷത്തിനിടെ ഈ രണ്ടു കായലിൽനിന്നുമായി പ്രവർത്തനം നിർത്തിയത്. ചീനവല തൊഴിലാളികൾ മറ്റു ജോലികളിൽ ഏർപ്പെട്ടിരിക്കയാണ്.

ഒരുകാലത്ത് പത്തടി ആഴം ഉണ്ടായിരുന്ന കായൽ നിലവിൽ മൂന്നടി പോലും ആഴം ഇല്ലാത്ത അവസ്ഥയാണ്. കായലിന്റെ മധ്യഭാഗങ്ങളിൽവരെ പലയിടങ്ങളിലും എക്കൽ കരകൾ രൂപപ്പെട്ടിരിക്കയാണ്. ചെറിയ വള്ളങ്ങൾക്ക് പോലും തുഴഞ്ഞുനീങ്ങാൻ കഴിയാത്ത അവസ്ഥയിൽ വള്ളങ്ങളിൽ മീൻ പിടിച്ച് ഉപജീവനം നടത്തിയിരുന്ന തൊഴിലാളികൾ കഷ്ടത്തിലാണ്. വേലിയേറ്റം കണക്കാക്കിയാണ് ഇവർ ഇപ്പോൾ വള്ളങ്ങൾ ഇറക്കുന്നത്. എക്കൽ നിറഞ്ഞതോടെ കായലിൽ ജൈവാംശം കുറഞ്ഞതിനാൽ മത്സ്യസമ്പത്ത് ഇല്ലാതാകുകയാണെന്ന് മുതിർന്ന മത്സ്യത്തൊഴിലാളികൾ പറയുന്നു. പല മത്സ്യ ഇനങ്ങളും ഇല്ലാതായി. കായൽ കൈയേറിയുള്ള നിർമാണങ്ങളാണ് എക്കലുകൾ നിറയുന്ന പ്രതിസന്ധിക്ക് കാരണം. എക്കലുകൾ വേലിയിറക്ക സമയത്ത് ഒഴുകിപ്പോയിരുന്നത് നിലച്ച് കായലിൽ തന്നെ അടിഞ്ഞുകൂടിത്തുടങ്ങി. ഇത് കായലിലേക്ക് വരുന്ന വെള്ളത്തെ ഉൾക്കൊള്ളാൻ ഇടമില്ലാതാക്കുന്നത് മറ്റൊരു പ്രതിസന്ധിയാണ്. ഈ വെള്ളം കായൽതീരം കടന്ന് വീടുകളിലും റോഡുകളിലേക്കും പ്രവഹിച്ചു തുടങ്ങി.

ഉപ്പുവെള്ളം കയറി തീരത്തോട് ചേർന്നുള്ള വീടുകളുടെ ഭിത്തികൾ ദ്രവിച്ചുകൊണ്ടിരിക്കുകയാണ്. ഇഴജന്തുക്കളും വീടുകളിലേക്ക് കയറാറുണ്ട്. വാഹനങ്ങൾ തുരുമ്പെടുത്ത് നശിക്കുന്നു. ഇത്രയേറെ ദുരിതം വിതച്ചിട്ടും കായലിലെ എക്കൽ നീക്കാനുള്ള നടപടികൾ ഉണ്ടാകുന്നില്ല.

പെരുമ്പടപ്പിൽ കായൽ നികത്തി അക്വാഫാം നിർമിച്ചശേഷമാണ് പ്രശ്നം രൂക്ഷമായതെന്നാണ് തീരവാസികൾ പറയുന്നത്. പുതിയ സർക്കാറെങ്കിലും അടിയന്തരമായി എക്കൽ നീക്കാൻ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

Tags:    
News Summary - Backwaters are full of fish, Chinese nets are lying on the shore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.