മന്ത്രി പി. രാജീവിനെ കരിങ്കൊടി കാണിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്ത സമരസമിതി പ്രവർത്തകരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ ബിനാനിപുരം സ്റ്റേഷൻ മാർച്ച് പൊലീസ് തടയുന്നു
ആലുവ: നിർദിഷ്ട എടയാർ മാലിന്യ നിർമാർജന പ്ലാന്റിനെതിരെ പ്രതിഷേധം കനപ്പിച്ച് നാട്ടുകാർ. സമര സമിതി മന്ത്രി പി. രാജീവിനെ കരിങ്കൊടി കാണിച്ചു. സ്ഥലം എം.എൽ.എ കൂടിയായ മന്ത്രിയാണ് പ്ലാന്റ് നിർമിക്കാൻ മുൻകൈയെടുക്കുന്നതെന്ന ആക്ഷേപം സമരക്കാർക്കുണ്ട്. എടയാറ്റുചാൽ പാടശേഖരത്തിൽ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്യാൻ വരുകയായിരുന്ന മന്ത്രിയെ അപ്രതീക്ഷിതമായാണ് വഴിയിൽ തടഞ്ഞ് കരിങ്കൊടി കാണിച്ചത്. എരമം ഭാഗത്തുവെച്ച് ശനിയാഴ്ച രാവിലെ 11ഓടെയാണ് സംഭവം. കരിങ്കൊടി കാണിച്ചയുടൻ പൊലീസുകാർ സമരക്കാരെ തടഞ്ഞു. എതിർത്തവരെ ബലം പ്രയോഗിച്ചാണ് നീക്കം ചെയ്തത്.
ചിലർക്ക് ലാത്തികൊണ്ടുള്ള അടിയേറ്റതായി സമരക്കാർ പറയുന്നു. കെ.സി. ഷഫീഖ്, റഫീഖ്, നിസാം, അമീൻ, അൻസാർ, ഷറഫ്, ഇസ്ഹാഖ്, നിസാർ, ഫൈസൽ, മഹേഷ് കുമാർ, രാജു, ഷിയാസ്, അനൂപ്, നവീൻ, ജിനു ഫ്രാൻസിസ്, ഇസ്ഹാഖ്, അഷ്കർ, റയീസ്, ഷിജാസ് എന്നിവരെ അറസ്റ്റ് ചെയ്ത് ബിനാനിപുരം സ്റ്റേഷനിലേക്ക് മാറ്റി. അറസ്റ്റ് ചെയ്തവരെ വിടണമെന്ന് ആവശ്യപ്പെട്ട് സമരസമിതി പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തി. നാസർ എടയാർ, പി.ജെ. ടൈറ്റസ്, ബിന്ദു രാജീവ്, ഷിയാസ്, ഫൈസൽ എരമം എന്നിവർ നേതൃത്വം നൽകി. പഞ്ചായത്ത് കവലയിൽ പൊലീസ് മാർച്ച് തടഞ്ഞു. പിന്നീട് ഉച്ചക്ക് 2.40ഓടെ അറസ്റ്റ് ചെയ്തവരെ ജാമ്യത്തിൽ വിട്ടു.
കടുങ്ങല്ലൂർ പഞ്ചായത്തിലെ എടയാർ പ്രദേശത്ത് ജനവാസ മേഖലയോട് ചേർന്ന് വ്യവസായ വകുപ്പിന്റെ സ്ഥലത്താണ് മാലിന്യ പ്ലാന്റ് നിർമിക്കാനുദ്ദേശിക്കുന്നത്. ഇതിനായി ഭൂമി നിരപ്പാക്കുന്നതിനുള്ള പണി നടക്കുന്നുണ്ട്. തിങ്കളാഴ്ച രാവിലെ മുതലാണ് നിലം ഒരുക്കാനുള്ള പ്രവർത്തനം തുടങ്ങിയത്.
ഇവിടെ മാംസാവശിഷ്ടമടക്കമുള്ള മാലിന്യം സംസ്കരിക്കാനുള്ള പ്ലാന്റാണ് സ്ഥാപിക്കുന്നതെന്ന് ആരോപിച്ചാണ് നാട്ടുകാർ പ്രതിഷേധിച്ചത്. തുടർന്ന് മന്ത്രി പി. രാജീവ് ഇടപെട്ട് സമരക്കാരും ജനപ്രതിനിധികളുമായി ചർച്ച നടത്തുകയും അവിടെ കോൺക്രീറ്റ് മാലിന്യം ഉപയോഗിച്ച് കട്ടകൾ നിർമിക്കുന്ന കമ്പനിയാണ് നിർമിക്കാൻ ഉദ്ദേശിക്കുന്നതെന്നും അറിയിച്ചു.
ഇത്തരം കമ്പനികളുടെ പ്രവർത്തനം മനസ്സിലാക്കാൻ ഒരു സംഘത്തെ ഹൈദരാബാദിലേക്ക് അയക്കുമെന്നും അവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും നിർമാണം ആരംഭിക്കുകയെന്നും ചർച്ചയിൽ അറിയിച്ചിരുന്നു. എന്നാൽ, ചൊവ്വാഴ്ച രാവിലെ വലിയ പൊലീസ് സന്നാഹത്തോടെ ഇവിടെ ഭൂമി നിരത്തൽ ആരംഭിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.