ആലുവ നഗരസഭ; കോൺഗ്രസ് സ്ഥാനാർഥിപ്പട്ടികയിൽ മൂന്നിടത്ത് തർക്കം

ആലുവ: യു.ഡി.എഫ് സംവിധാനമില്ലാതെ കോൺഗ്രസ് ഒറ്റക്ക് മത്സരിക്കുന്ന ആലുവ നഗരസഭയിൽ സീറ്റ് തർക്കം ഒഴിയുന്നില്ല. 26 വാർഡുകളിൽ മൂന്നിടത്താണ് തർക്കം തുടരുന്നത്. 23 സ്ഥാനാർഥികളെ തീരുമാനിച്ചിട്ടുണ്ട്. 14 വാർഡിൽ കോൺഗ്രസ് വാർഡ് കമ്മിറ്റികൾ ഐക്യകണ്ഡേന നേരത്തെ പേരുകൾ നിർദ്ദേശിച്ചിരുന്നു. ഇവരെ കഴിഞ്ഞ ദിവസം ചേർന്ന കോർ കമ്മിറ്റി അംഗീകരിച്ചു.

അവശേഷിച്ച വാർഡുകളിൽ തർക്കമുള്ള എട്ട്, 20, 23 എന്നിവയിലൊഴികെ ധാരണയായിട്ടുണ്ട്. ഈ വാർഡുകളിലടക്കം വിമത ഭീഷണിയുമുണ്ട്. 18, 23 വാർഡുകളിൽ യഥാക്രമം ടെൻസി വർഗീസ്, പി.എച്ച്.എം. ത്വൽഹത്ത് എന്നിവരാണ് വിമതസ്വരം ഉയർത്തിയിട്ടുള്ളത്. ഇവർക്ക് വാർഡുകളിലുള്ള സ്വാധീനം കോൺഗ്രസിന് ബോധ്യമുണ്ട്.

ഇവരെ മറികടന്ന് പാർട്ടി നിർദേശിക്കുന്ന ഇറക്കുമതി സ്ഥാനാർഥികളെ വോട്ടർമാർ സ്വീകരിക്കുമോയെന്ന് കണ്ടറിയണം. എട്ടാം വാർഡിൽ പ്രദേശത്ത് നിന്നുള്ളവരെ പരിഗണിക്കണമെന്ന് പ്രവർത്തകരടക്കം ആദ്യമേ ആവശ്യപ്പെട്ടിരുന്നു. അത് പ്രകാരം സാബു പരിയാരത്ത്, സിജു തറയിൽ എന്നിവരുടെ പേരുകളാണ് വാർഡ് കമ്മിറ്റി നിർദേശിച്ചത്.

എന്നാൽ, കുറച്ച് വർഷം മുമ്പ് ഇവിടെ താമസമാക്കിയ ഒരാളാണ് നിലവിൽ സ്ഥിരം സമിതി അധ്യക്ഷനും യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാനുമായ ലത്തീഫ് പൂഴിത്തറയുടെ പേര് നിർദേശിച്ചത്. ഇത് പലരും ഉൾക്കൊണ്ടിട്ടില്ലെങ്കിലും നേതൃത്വം ലത്തീതീഫിനെ അനുകൂലിച്ചേക്കും. അങ്ങിനെ വന്നാൽ സാബുവും സിജുവും വിമതരായി മത്സരിക്കും. മൂന്നാം വാർഡിൽ സജീവ പ്രവർത്തകനായ റഫീഖിനെ ഐക്യകണ്ഡേന തീരുമാനിച്ചിരുന്നതാണ്. എന്നാൽ നഗരസഭയിൽ സിസി.ടി.വി സ്ഥാപിക്കാൻ കരാറെടുത്ത സാഹചര്യത്തിൽ അദ്ദേഹത്തെ ഒഴിവാക്കിയിട്ടുണ്ട്.

വിവിധ വാർഡുകളിൽ കോൺഗ്രസ് തീരുമാനിച്ച സ്ഥാനാർഥികൾ: വാർഡ്- ഒന്ന് ജെസിയ, മൂന്ന് -അജാസ് മക്കാർ, നാല് -സുമഹരീഷ്, അഞ്ച് -ജെറോം മൈക്കിൾ, ആറ് -ലിസ ജോൺസൺ, ഏഴ് -എം.ഒ. ജെറാൾഡ്, ഒമ്പത് -ഷീബ ജോസ്, 10 -കെ. ജയകുമാർ, 11 -ബിനു ബേബി, 12 -ശോഭ ഓസ്വിൻ, 13 -ലളിത ഗണേഷ്, 14 -ബിനു സുകുമാരൻ, 15 -ജെയിസ്ൺ പീറ്റർ, 16 -ആൻസി ജോയി, 17 -ജോബി ജോർജ്, 18 -സൈജി ജോളി, 19 -സാറാമ്മ സൈമൺ, 21 -പി.പി. ജെയിംസ്, 22 -ശ്രീജേഷ് നമ്പ്രാലിൽ, 23 -ഫാസിൽ ഹുസൈൻ, 24 -ഗെയിൽസ് ദേവസി, 25 -ജോയി അംബ്രോസ്, 26 -പി.എം. മൂസാക്കുട്ടി.

Tags:    
News Summary - dispute over congress candidateship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.