കിൻഫ്ര കുടിവെള്ള പദ്ധതിക്ക് പൈപ്പിടൽ ആരംഭിച്ചു ; റോഡ് താഴുന്നതിൽ ആശങ്കയറിയിച്ച് നാട്ടുകാർ

ആലുവ: കിൻഫ്ര കുടിവെള്ള പദ്ധതിക്ക് പൈപ്പിടൽ ആരംഭിച്ചു. കാക്കനാട് കിൻഫ്രയിലേക്ക് കുടിവെള്ളമെത്തിക്കുന്നതിന് 57 കോടി രൂപ ചെലവിലാണ് ഭൂഗർഭ പൈപ്പുകൾ സ്ഥാപിക്കുന്നത്. ഇതിന്‍റെ ഭാഗമായി എടയപുറം റോഡിൽ പൈപ്പുകൾ സ്ഥാപിച്ചു തുടങ്ങി. എന്നാൽ പൈപ്പ് സ്ഥാപിച്ച ഭാഗങ്ങളിലെ റോഡ് താഴുന്നതിൽ നാട്ടുകാർ ആശങ്ക അറിയിച്ചിട്ടുണ്ട്.

തോട്ടുമുഖം എടയപ്പുറം തുരുത്തി തോടിന് സമീപത്ത് നിന്നാണ് കഴിഞ്ഞ ദിവസം ഭീമൻ പൈപ്പ് സ്ഥാപിക്കുന്ന ജോലികൾ ആരംഭിച്ചത്. ആലുവ - പെരുമ്പാവൂർ ദേശസാത്കൃത റോഡിൽ തോട്ടുമുഖത്ത് നിന്നും ആലുവ - പെരുമ്പാവൂർ സ്വകാര്യ ബസ് റൂട്ടിൽ അശോകപുരം കൊച്ചിൻ ബാങ്ക് കവല വരെ 2.65 കിലോമീറ്റർ നീളുന്ന എടയപ്പുറം റോഡിൽ പൈപ്പ് സ്ഥാപിക്കൽ മെയ് 15ന് മുമ്പ് പൂർത്തീകരിക്കാനാണ് തീരുമാനം. റോഡിന് നടുവിലൂടെയാണ് പൈപ്പ് സ്ഥാപിക്കുന്നത്. പൈപ്പ് ഇടുന്ന ഭാഗം അതേദിവസം തന്നെ മണ്ണിട്ട് മൂടുന്നുണ്ട്. എന്നാൽ, വേനൽമഴയുള്ളതിനാൽ വാഹനങ്ങൾ കുഴിയിൽ പുതയുന്ന അവസ്ഥയാണ്. കേവലം 30 മീറ്റർ മാത്രം പൈപ്പ് ഇട്ടപ്പോൾ കഴിഞ്ഞ ദിവസം തടിയുമായി വന്ന മിനി ലോറി പൈപ്പിട്ട് മൂടിയ ഭാഗത്ത് താഴ്ന്നു. നാട്ടുകാർ തള്ളിയാണ് വാഹനം കയറ്റിവിട്ടത്. ഇതോടെ നാട്ടുകാർ ആശങ്കയിലായിട്ടുണ്ട്‌.

പണി തീരാൻ കൂടുതൽ സമയം വേണ്ടിവന്നാൽ റോഡിലൂടെ സഞ്ചരിക്കാൻ കഴിയാതെ വരുമെന്നാണ് നാട്ടുകാർ കരുതുന്നത്. തോട്ടുമുഖത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലം ഏറ്റെടുത്ത് കുടിവെള്ള സംസ്കരണ ശാല സ്ഥാപിച്ചും കിൻഫ്രയിൽ സംഭരണ കേന്ദ്രവും സ്ഥാപിച്ച ശേഷമേ പദ്ധതി യാഥാർത്ഥ്യമാകു. ഈ സാഹചര്യത്തിൽ പദ്ധതി ആരംഭിക്കാൻ വർഷങ്ങൾ വേണ്ടിവന്നേക്കും. മൂന്ന് വർഷത്തിലേറെയായി പദ്ധതി പ്രഖ്യാപിച്ചെങ്കിലും പലവിധ കാരണങ്ങളാൽ നീണ്ടുപോകുകയായിരുന്നു. ഇതേതുടർന്ന് മന്ത്രി പി. രാജീവ് ഇടപ്പെട്ട് വാട്ടർ അതോറിട്ടി, പി.ഡബ്ളിയു.ഡി, കിൻഫ്ര, കിറ്റ്കോ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്താണ് പദ്ധതി വേഗത്തിലാക്കാൻ തീരുമാനമായത്. എടയപ്പുറം റോഡ് ബി.എം.ബി.സി നിലവാരത്തിൽ ടാറിംഗ് നടത്തുന്നതിന് പി.ഡബ്ളിയു.ഡി രണ്ട് കോടി രൂപ അനുവദിച്ചെങ്കിലും കിൻഫ്ര കുടിവെള്ള പദ്ധതിയുടെ പേരിൽ അനിശ്ചിതത്വത്തിലാകുകയായിരുന്നു.

പൈപ്പിടൽ പൂർത്തീകരിച്ച ശേഷം ടാറിങ് നടത്തിയാൽ മതിയെന്ന് കാണിച്ച് കിൻഫ്രയും വാട്ടർ അതോറിട്ടിയും പി.ഡബ്ളിയു.ഡിക്ക് കത്ത് നൽകിയിരുന്നു. ടാറിങ് വൈകുന്നതിനെതിരെ പ്രതിഷേധം ഉയർന്നപ്പോൾ റോഡ് അറ്റകുറ്റപ്പണിക്ക് കിൻഫ്ര 19 ലക്ഷം രൂപ പി.ഡബ്ളിയു.ഡിക്ക് അടച്ചെങ്കിലും സാങ്കേതിക കാരണങ്ങളാൽ ഇതുവരെ ഉപയോഗിക്കാനായില്ല. കൊൽക്കത്ത ആസ്ഥാനമായ മുഖ്യകരാറുകാരനിൽ നിന്നും ആലുവ വെളിയത്തുനാട് സ്വദേശി ഉപ കരാറെടുത്തിരിക്കുകയാണ്. 

Tags:    
News Summary - Piping for KINFRA drinking water project begins; Locals worried about road collapse

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.