ആലുവ: സാമൂഹ്യ വിരുദ്ധരുടെയും മദ്യപാനികളും അഴിഞ്ഞാടുന്നു. മദ്യപാനികൾ തമ്മിലുള്ള വാക്ക് തർക്കം കത്തിക്കുത്തിൽ കലാശിച്ചു. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. സാമൂഹ്യ വിരുദ്ധർക്കെതിരെ നടപടിയെടുക്കാത്ത അധികൃതരുടെ നിലപാടാണ് സംഭവത്തിനിടയാക്കിയതെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്.
ഇത്തരക്കാരെ അമർച്ച ചെയ്യാതെ കാലങ്ങളായി പൊലീസ് ഒഴിഞ്ഞുമാറുകയാണ്. യു.സി കോളജിന് സമീപം താമസിക്കുന്ന വലിയപറമ്പിൽ വീട്ടിൽ രാജൻറെ മകൻ സാജനാണ് (48) കുത്തേറ്റത്. ശനിയാഴ്ച രാവിലെ ഒമ്പതു മണിയോടെ ആലുവ മാർക്കറ്റിന് സമീപമായിരുന്നു സംഭവം. ഇയാൾ സുഹൃത്തുക്കളുമായി മദ്യപിക്കുകയായിരുന്നു. ഇതിനിടെ ഉണ്ടായ തർക്കത്തിനിടയിലാണ് സാജന് കുത്തേറ്റത്ത്. ഇയാളെ കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിക്കുകുകയായിരുന്നു.
മാർക്കറ്റിന് സമീപം മദ്യപാനികൾ സ്ഥിരം ശല്യക്കാരായി മാറുകയാണ്. നഗരത്തിൽ രാപ്പകൽ വ്യത്യാസമില്ലാതെ സാമൂഹ്യ വിരുദ്ധരുടെയും മദ്യപാനികളുടെയും വിളയാട്ടമാണ്.
അക്രമകാരികളായ മദ്യപാനികളും ലഹരി ഇടപാടുകാരും നഗരത്തിൽ നിറഞ്ഞിരിക്കുകയാണ്. ഇവരുടെ ശല്യം മൂലം യാത്രക്കാരായ സ്ത്രീകൾക്കും വിദ്യാർഥികൾക്കും സുരക്ഷിതത്വമില്ലാതായി. മദ്യ ലഹരിയിൽ ബസ് കാത്ത് നിൽക്കുന്നവരടക്കമുള്ള സ്ത്രീകൾക്ക് നേരെ അസഭ്യം പറയുന്നതടക്കം പതിവായിട്ടുണ്ട്.
ഓരോ ദിവസം കഴിയുന്തോറും സാമൂഹിക വിരുദ്ധരുടെ ശല്യം വർദ്ധിക്കുമ്പോഴും ഇത്തരം സംഘങ്ങളെ നിയന്ത്രിക്കാൻ യാതൊരു നടപടികളുമുണ്ടാകുന്നില്ലെന്ന് ആക്ഷേപമുണ്ട്. ഇതുമൂലം ഇത്തരം കുറ്റവാളികൾ സ്വതന്ത്രമായി വിഹരിക്കുകയാണ്.
നഗരത്തിലും പരിസര പ്രദേശങ്ങളിലും ഗുണ്ട സംഘങ്ങൾ വീണ്ടും സജീവമായിട്ടുണ്ട്. ഇത്തരം സാമൂഹ്യ വിരുദ്ധ സംഘങ്ങളുടെ സംരക്ഷകരായാണ് പുതിയ ഗുണ്ടകൾ വന്നിരിക്കുന്നത്. സ്വകാര്യ ബസ് സ്റ്റാൻഡ്, സിവിൽ സ്റ്റേഷൻ റോഡ്, എസ്.എൻ.ഡി.പി സ്കൂൾ - റെയിൽവേ ലൈൻ പരിസരം, റെയിൽവേ സ്റ്റേഷൻ മുതൽ ജില്ല ആശുപത്രി വരെയുള്ള ഭാഗങ്ങൾ, റെയിൽവേ ഓവർ ബ്രിഡ്ജ്, ഗാന്ധി സ്ക്വയർ, മണപ്പുറം നടപ്പാലം എന്നിവിടങ്ങളിൽ സാമൂഹിക വിരുദ്ധരുടെയും മറ്റു വിഭാഗക്കാരുടെയും പലതരത്തിലുള്ള സാമൂഹ്യവിരുദ്ധ പ്രവർത്തകരുടേയും കേന്ദ്രമായി മാറിയിരിക്കുന്നു. ഈ പ്രദേശങ്ങളിൽ നാളുകളായി ഗുണ്ടകളും പിടിച്ചുപറിക്കാരും വിലസുന്നുണ്ട്.
ഇവരുടെയെല്ലാം പിന്നിൽ മയക്കുമരുന്ന് മാഫിയകളാണ് പ്രവർത്തിക്കുന്നത്. ബിവറേജസ് ഷോപ്പിൽ നിന്ന് മദ്യം വാങ്ങുന്ന സംഘങ്ങൾ സമീപത്തെ വഴികളിലും മാർക്കറ്റിലെ ആളൊഴിഞ്ഞ ഭാഗങ്ങളിലും ബൈപ്പാസ് അട്ടിപ്പാതകളിലും മറ്റുമിരുന്നാണ് മദ്യം കഴിക്കുന്നത്. ഇതുമൂലം പരിസരവാസികൾക്ക് പുറത്തിറങ്ങാൻ പോലും കഴിയുന്നില്ല. ജനവാസ കേന്ദ്രത്തിലാണ് ബിവറേജസ് ഷോപ്പ് പ്രവർത്തിക്കുന്നത്.
ഇതിനെതിരെ പരിസരവാസികൾ പല തവണ പരാതികൾ പറഞ്ഞിട്ടും നടപടികളുണ്ടായില്ല. എക്സൈസ് ഓഫിസുകൾക്ക് മൂക്കിന് താഴെയാണ് പരസ്യമായ മദ്യപാനവും അതെ തുടർന്നുള്ള പ്രശ്നങ്ങളും അരങ്ങേറുന്നത്. എന്നാൽ, ഉദ്യോഗസ്ഥർ അതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.