25 കോടി അനുവദിച്ചിട്ട് മാസങ്ങള്‍ പുത്തന്‍തോട് ഗ്യാസ് വളവ് നിവര്‍ത്തിയില്ല

ചെങ്ങമനാട്: അത്താണി-മാഞ്ഞാലി റോഡിലെ ചെങ്ങമനാട് പുത്തന്‍തോട് ഗ്യാസ് വളവ് നിവര്‍ത്താന്‍ നടപടി സ്വീകരിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ താക്കീതുമായി അന്‍വര്‍ സാദത്ത് എം.എല്‍.എ. ഫണ്ടും ഭരണാനുമതിയും ലഭിച്ചിട്ടും റോഡ് വികസനം ആരംഭിക്കാത്തത് ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്ന് എം.എല്‍.എ കുറ്റപ്പെടുത്തി. ഇടതടവില്ലാതെ വാഹനങ്ങള്‍ പായുന്ന പുത്തന്‍തോട് കൊടുംവളവ് പുറമ്പോക്ക് വീണ്ടെടുത്തും പൊന്നുംവിലയ്​ക്ക് സ്ഥലം ഏറ്റെടുത്തും വികസിപ്പിക്കാൻ 25 കോടിയാണ് കഴിഞ്ഞ ബജറ്റില്‍ വകകൊള്ളിച്ചത്. എന്നാല്‍, അലൈന്‍മെന്‍റ്​ ഡിസൈന്‍ തയാറാക്കുകയോ, സാ​ങ്കേതിക അനുമതി നേടിയെടുത്ത് സ്ഥലം ഏറ്റെടുക്കുകയോ, പദ്ധതി നടപ്പാക്കുകയോ ചെയ്യുന്നില്ല. വീതിയില്ലാത്ത കൊടുംവളവുകളുള്ള റോഡിലെ അപകടങ്ങളില്‍ ഇതിനകം നിരവധി പേർക്കാണ്​ ജീവൻ നഷ്ടപ്പെട്ടത്​. സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചിട്ടും പദ്ധതി ആരംഭിക്കാത്തതില്‍ നാട്ടുകാര്‍ കടുത്ത പ്രതിഷേധത്തിലാണ്. ഇത്​ സംബന്ധിച്ച്​ ഉദ്യോഗസ്ഥരോട് അന്വേഷിക്കുമ്പോള്‍ പൊതുമരാമത്ത് റോഡ്സ് വിഭാഗവും ഡിസൈന്‍ വിഭാഗവും പരസ്പരം പഴിചാരുകയും മുടന്തന്‍ ന്യായങ്ങള്‍ നിരത്തുകയുമാണെന്നും എം.എല്‍.എ ചൂണ്ടിക്കാട്ടി. ഉദ്യോഗസ്ഥരുടെ നിരുത്തരവാദപരമായ നിലപാടില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ എം.എല്‍.എ വിശദമായ വിവരങ്ങള്‍ വ്യക്തമാക്കി പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന് രേഖാമൂലം പരാതിയും നല്‍കിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.