ട്വന്‍റി20 വോട്ടുകൾ പെട്ടിയിലാക്കി കോൺഗ്രസ്​

കൊച്ചി: മുൻ തെരഞ്ഞെടുപ്പിൽ ട്വന്‍റി20 പിടിച്ച വോട്ടുകൾ ഇക്കുറി കൂടുതലും തുണച്ചത്​ യു.ഡി.എഫിന്​. 2021ൽ ട്വന്‍റി20യുടെ ഡോ. ടെറി തോമസ്​ 13,897 വോട്ടാണ്​ തൃക്കാക്കരയിൽ നേടിയത്​​. അന്ന്​ ആകെ വോട്ടിന്‍റെ 10.18 ശതമാനമായിരുന്നു ഇത്​. ഇക്കുറി ട്വന്‍റി20, ആം ആദ്​മി കൂട്ടുകെട്ട്​ സ്ഥാനാർഥിയെ നിർത്താതെ മനഃസാക്ഷി വോട്ടിന്​ ആഹ്വാനം ചെയ്തിരുന്നു. ട്വന്‍റി20 വോട്ടിൽ ഒരു വിഹിതം ബി.ജെ.പിയിൽ എത്തുമെന്നാണ്​ കരുതിയതെങ്കിൽ പാർട്ടിക്ക്​ 2526 വോട്ട്​ കുറവാണ്​ ലഭിച്ചത്​. ഇക്കുറി സി.പി.എമ്മിന്​ 2244 വോട്ട്​ കൂടിയിട്ടുണ്ട്​. കോൺഗ്രസിന്​ 12,931 വോട്ടാണ്​ കൂടിയത്​. ഇതോടെ ട്വന്‍റി20 കൊണ്ടുപോയ വോട്ടുകളിൽ അധികവും ഉമ തോമസിന്‍റെ പെട്ടിയിൽ വീണു. 2021ലെ തെരഞ്ഞെടുപ്പിൽ അഞ്ച്​ ബൂത്തുകളിലാണ്​ ട്വന്‍റി20 നൂറിലധികം വോട്ട്​ നേടിയത്​. തുതിയൂർ, അമലപുരം, അയ്യനാട്​, കാക്കനാട്​ മേഖലകളിലെ ഈ ബൂത്തുകളിൽ ഇക്കുറി കോൺഗ്രസിനാണ്​ ലീഡ്​. മണ്ഡലത്തിന്‍റെ എല്ലായിടങ്ങളിൽനിന്നും വൻതോതിൽ ഉമ തോമസിന്​ ലഭിച്ച വോട്ടുകൾ സൂചിപ്പിക്കുന്നത്​ രാഷ്ട്രീയ, ജാതി, മത ഭേദങ്ങളില്ലാതെ അവരു​ടെ സ്ഥാനാർഥിത്വം സ്വീകരിക്കപ്പെട്ടുവെന്ന്​ തന്നെയാണ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.