10 രൂപക്കുവേണ്ടി പിടിവാശി; നഷ്ടമായത്​ 2000

കാക്കനാട്: 10 രൂപ കൊടുക്കേണ്ടിടത്ത് പിടിവാശി മൂലം മൂവാറ്റുപുഴ സ്വദേശിക്ക് നഷ്ടമായത് 2000 രൂപ. എറണാകുളം കലക്ടറേറ്റ് വളപ്പിൽ അനധികൃതമായി കാർ നിർത്തിയിട്ട മൂവാറ്റുപുഴ സ്വദേശിക്കാണ് മോട്ടോർ വാഹന വകുപ്പി​ന്‍റെ വക പിഴ ലഭിച്ചത്. വ്യാഴാഴ്ച രാവിലെ 11 ഓടെയാണ് സംഭവം. നാനോ കാറിലെത്തിയ ഇയാളോട് കലക്ടറേറ്റിൽ പാർക്കിങ് ഫീസ് പിരിക്കുന്ന ജീവനക്കാരി 10 രൂപ ആവശ്യപ്പെട്ടു. എന്നാൽ, പണം നൽകാൻ വിസമ്മതിച്ച ഇയാൾ തന്‍റെ പക്കൽനിന്ന് പണം ഈടാക്കാൻ നിങ്ങൾക്ക് കഴിയില്ലെന്ന് വെല്ലുവിളിക്കുകയായിരുന്നു. അതിന് ശ്രമിച്ചാൽ കടുത്ത പ്രത്യാഘാതമാകും നേരിടേണ്ടി വരുക എന്ന് ഭീഷണിപ്പെടുത്തി കാർ അംഗീകൃത പാർക്കിങ്ങിൽ നിർത്തിയിടാതെ കലക്ടറേറ്റ് വളപ്പിന്‍റെ കവാടത്തിനടുത്തെ കുടുംബശ്രീ കാന്‍റീനുസമീപം റോഡരികിൽ പാർക്ക് ചെയ്തു. ഉടൻ ജീവനക്കാരി കലക്ടറേറ്റിലെ സുരക്ഷാ ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. ഇവർ നടത്തിയ പരിശോധനയിൽ വാഹനം അനധികൃതമായാണ് നിർത്തിയിട്ടിരിക്കുന്നതെന്ന് കണ്ടെത്തി. ഈ ഭാഗത്ത് വണ്ടികൾ പാർക്ക് ചെയ്യുന്നതിന് വിലക്കുള്ളതാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി സുരക്ഷാ ഉദ്യോഗസ്ഥർ മോട്ടോർ വാഹന വകുപ്പിന്‍റെ എൻഫോഴ്സ്​മെന്‍റ്​ സ്ക്വാഡിനെ വിവരമറിയിച്ചു. അവ​രെത്തി നടത്തിയ പരിശോധനയിൽ അനധികൃത പാർക്കിങ്ങിനുപുറമെ മാനദണ്ഡങ്ങൾ പാലിക്കാതെ നിയമവിരുദ്ധ നമ്പർ പ്ലേറ്റുകളാണ് ഘടിപ്പിച്ചിട്ടുള്ളതെന്നും കണ്ടെത്തി 2000 രൂപ പിഴ ചുമത്തുകയുമായിരുന്നു. ഫോട്ടോ : എറണാകുളം ജില്ല കലക്ടറേറ്റ് വളപ്പിൽ അനധികൃതമായി പാർക്ക് ചെയ്തതിന് മോട്ടോർ വാഹന വകുപ്പ് പിഴ ഈടാക്കിയ കാർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.